Connect with us

International

ജപ്പാനിലെ ഐച്ചി-നഗോയയില്‍ വെള്ളപ്പൊക്കം; 400-ഓളം ഏഷ്യന്‍ ഗെയിംസ് താരങ്ങളെയും ജീവനക്കാരെയും മാറ്റിപ്പാര്‍പ്പിച്ചു

മത്സരത്തിന് വെറും 10 ദിവസം മാത്രം ശേഷിക്കെയാണ് നിരവധി റോഡുകളിലും വീടുകളിലും വെള്ളം കയറിയത്.

Published

|

Last Updated

ടോക്യോ | 2026ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ജപ്പാനിലെ ഐച്ചി-നഗോയയില്‍ വെള്ളപ്പൊക്കം. മത്സരത്തിന് വെറും 10 ദിവസം മാത്രം ശേഷിക്കെയാണ് നിരവധി റോഡുകളിലും വീടുകളിലും വെള്ളം കയറിയത്. നഗരത്തില്‍ ഇതിനകം എത്തിച്ചേര്‍ന്ന 400-ഓളം കായികതാരങ്ങളെയും ജീവനക്കാരെയും റെക്കോര്‍ഡ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താത്ക്കാലികമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയതായി നഗോയ മേയര്‍ ഇച്ചിറോ ഹിരോസാവ അറിയിച്ചു. ബസ്, സബ്വേ സര്‍വീസുകള്‍ തടസ്സപ്പെടുകയും ഏകദേശം 3,500 പേര്‍ക്ക് അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരികയും ചെയ്തിട്ടുണ്ട്.

തെരുവുകളും മെട്രോ സ്റ്റേഷനുകളും ഉള്‍പ്പെടെ നഗരത്തിലുടനീളം വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. മേല്‍ക്കൂരകളില്‍ നിന്ന് വെള്ളം ചോര്‍ന്ന സംഭവങ്ങളുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ പ്രസ്സ് (AP) റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഏഷ്യന്‍ ഗെയിംസിനായുള്ള ഡസന്‍ കണക്കിന് വേദികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. ‘വേദികളുടെ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല; നിശ്ചയിച്ചതുപോലെ ഏഷ്യന്‍ ഗെയിംസ് നടത്തുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ ഹിരോസാവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.-

സെപ്തംബര്‍ 19-ന് നഗോയയിലും പരിസരപ്രദേശങ്ങളിലുമായാണ് ഏഷ്യന്‍ ഗെയിംസിന് തുടക്കമാവുക. ഒക്ടോബര്‍ നാല് വരെയാണ് മത്സരങ്ങള്‍. അതിനിടെ, ഇരുപതാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 503 കായികതാരങ്ങള്‍ക്കൊപ്പം 246 ടീം ഒഫീഷ്യലുകളും പരിശീലകരും അടങ്ങുന്ന സംഘത്തെ കായിക മന്ത്രാലയം ഇന്ന് അംഗീകരിച്ചു. ഇതില്‍ അത്ലറ്റിക്‌സിനും ക്രിക്കറ്റിനുമാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ അനുവദിച്ചിരിക്കുന്നത്.

ഗെയിംസിനായി 35 ഇനങ്ങളിലായി 492 കായികതാരങ്ങള്‍ക്ക് മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും, പ്രതീക്ഷിച്ചതുപോലെ പിന്നീട് ചില പേരുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും അത്ലറ്റിക്‌സ് ടീമിലാണ് ഈ വര്‍ധനയുണ്ടായത്; അവിടെ അംഗങ്ങളുടെ എണ്ണം 73-ല്‍ നിന്ന് 79-ആയി ഉയര്‍ന്നു. നാല് സര്‍ഫര്‍മാര്‍ക്ക് കൂടി അനുമതി ലഭിച്ചതോടെ ഇന്ത്യയുടെ പങ്കാളിത്തം 36 ഇനങ്ങളിലായി.

Content Highlights:
Severe rainfall and severe flooding hit the Aichi-Nagoya region in Japan. Authorities promptly evacuated nearly 400 Asian Games athletes and support staff to safe accommodations. Rescue operations and safety measures remain active in affected flood zones across the city.

 

 

 

 

---- facebook comment plugin here -----

Latest