National
ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം
ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഒറാംഗുട്ടാന് അന്താരാഷ്ട്ര വിപണിയിൽ 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില ലഭിക്കും
ഭുവനേശ്വർ | ഒഡീഷയിലെ ബാലസോർ ജില്ലയിലെ വനമേഖലയിൽ ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽപ്പെട്ട അഞ്ച് ഒറാങ്ങ്ഉട്ടാനുകളെ (Orangutans) കണ്ടെത്തി. ഇവ എങ്ങനെ ഇവിടെ എത്തി എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ്. വനമേഖലയിൽ മൃഗങ്ങളെ കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഒരു കറുത്ത മഹീന്ദ്ര ഥാർ വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ചതിന്റെ സി സി ടി വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലായി.
രാത്രി 11:25 ഓടെ വനമേഖലയിലേക്ക് കടന്നുപോയ വാഹനം 15 മിനിറ്റിനുശേഷം മടങ്ങിവരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒറാങ്ങ്ഉട്ടാനുകളെ കാട്ടിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഈ വാഹനത്തിന്റെ വിവരങ്ങളും സഞ്ചാരപഥവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) രൂപീകരിച്ചിട്ടുണ്ട്. നിലവിൽ രക്ഷപ്പെടുത്തിയ ഒറാംഗുട്ടാനുകളെ ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയിലെത്തിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാരുടെ സംഘം ഇവരുടെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ നാഷണൽ വൈൽഡ് ലൈഫ് അതോറിറ്റിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ഒഡീഷ വനംവകുപ്പ് മന്ത്രി ഗണേഷ് റാം സിംഗ്ഖുന്തിയ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ഒരു ഒറാംഗുട്ടാന് 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില ലഭിക്കും. വിമാനം, കപ്പൽ അല്ലെങ്കിൽ റെയിൽ മാർഗ്ഗമായിരിക്കാം ഇവയെ ഒഡീഷയിൽ എത്തിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വന്യജീവി കടത്ത തടയുന്നതിനുള്ള വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയോട് (WCCB) അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമീപത്തെ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, പോർട്ട് എന്നിവിടങ്ങളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ഒറാങ്ങ്ഉട്ടാൻ കുരങ്ങുകളെ അറിയാം
വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട ഒറാങ്ങ്ഉട്ടാൻ (Orangutan) മാത്രമാണു ഏഷ്യയിൽ ഇനി അവശേഷിക്കുന്നത്. മരങ്ങളുടെ മുകളിൽ ജീവിക്കുന്ന ഇവയ്ക്ക് മറ്റു വൻ കുരങ്ങുകളെക്കാൾ കൈകൾക്ക് നീളക്കുടുതൽ ഉണ്ട്. സസ്തനികളുടെ കൂട്ടത്തിൽ ഉന്നത ശ്രേണിയിൽ പെട്ട ഇവയ്ക്ക് കൂടുതൽ ബുദ്ധിശക്തി ഉള്ളതിനാൽ, മരക്കഷണങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു, ഉറങ്ങാനായി കൂടുണ്ടാക്കാനും അറിയാം.

ആക്രമണ സ്വഭാവം ഇല്ലാത്ത ഇവ മിക്കപ്പോഴും ഭക്ഷണം തേടി ഏകാന്തമായി വൃക്ഷത്തലപ്പുകളിൽ അലയുകയാണ് പതിവ്. ഇവയുടെ രോമത്തിനു ചുവന്ന ചാര നിറമാണ്; മറ്റു വൻ കുരങ്ങുകളുടെ രോമത്തിനു കറുപ്പ് നിറമാണ്. ഇന്തോനേഷ്യ, മലേഷ്യ, എന്നിവിടങ്ങളിലെ സ്വദേശിയായിരുന്ന ഇവയെ ഇപ്പോൾ ബോർണിയോ , സുമാത്ര ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്നു. ഇവയുടെ ആശ്മെകങ്ങൾ (fossils ), ജാവ ദ്വീപ്, തായ്‌ലാൻഡ് , മലേഷ്യ , വിയെറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിട്ടൊണ്ട്.
ഒരാന്ഗ്, ഉടാൻ എന്ന മലയൻ വാക്കുകളുടെ അർഥം മനുഷ്യൻ, വനം എന്നാണ്. അതിനാൽ, വന മനുഷ്യൻ എന്നാണ് ഇവയെ അവിടങ്ങളിൽ അറിയപ്പെടുന്നത്.
Content Highlights
Five critically endangered orangutans were rescued from an Odisha forest and quarantined at Nandankanan Zoo. CCTV captured a suspicious black Thar in the area. STF and WCCB have launched a investigation.




