Articles
ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?
ഇത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞ് മാധ്യമ സിംഹങ്ങളെല്ലാം സടകുടഞ്ഞ് സജീവമായി. റിപോര്‍ട്ടര്‍മാരെല്ലാം ഫീല്‍ഡിലിറങ്ങി. ഒറ്റ ചോദ്യം മാത്രം- കാന്തപുരം പറയുന്നു: 'സ്ത്രീകള്‍ പൊതു രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകും, എന്തുപറയുന്നു?'
കേരളത്തിലെ മാധ്യമങ്ങളുടെ വിഷയദാരിദ്ര്യവും നിലവാരത്തകര്‍ച്ചയും ബോധ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ആഴ്ച അരങ്ങ് തകര്‍ത്ത സ്ത്രീവിവാദം. സമസ്ത തങ്ങളുടെ കീഴിലുള്ള മഹല്ല് സാരഥികള്‍ക്ക് മീലാദാഘോഷവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു സര്‍ക്കുലറില്‍ പിടിച്ചാണ് തുടക്കമിട്ടത്. സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്നായിരുന്നു അതിന്റെ പ്രധാന ഉള്ളടക്കം. ഇത് സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ചില ചാനലുകള്‍ ഇസ്്‌ലാമിനെയും മുസ്്‌ലിം പണ്ഡിതന്മാരെയും വിചാരണ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയത്.
ആരാധനകളും ആഘോഷങ്ങളുമെല്ലാം സ്ത്രീസൗഹൃദമായിരിക്കുക എന്നതാണ് ഇസ്്‌ലാമിക കാഴ്ചപ്പാട്. കോഴിക്കോട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. കാരണം വ്യക്തമാണ്. സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുകയും അവരെ ചേര്‍ത്തുപിടിച്ച് കിടക്കുകയും ചെയ്യുന്നിടത്ത് പുരുഷന്മാരെത്തുന്നത് പ്രയാസമാണ്. ഇതുപോലെ, മണിക്കൂറുകള്‍ നീണ്ട പരിപാടികള്‍ കേള്‍ക്കാന്‍ വരുന്ന സ്ത്രീകളോടൊപ്പം കുട്ടികളുമുണ്ടാകും. അവര്‍ക്ക് മുലയൂട്ടാനും മറ്റും അസൗകര്യമാകും പുരുഷന്മാരുടെ സാന്നിധ്യം. മാത്രവുമല്ല അവരില്‍ നിന്നും ചെറുതും വലുതുമായ ശല്യങ്ങളും നേരിടേണ്ടി വന്നേക്കാം.
മദ്യം അനുവദിച്ച നാടുകൂടിയാണ് നമ്മുടേതെന്നതും ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ്. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് അന്യ സ്ത്രീ പുരുഷന്മാര്‍ ഇടപഴകിയുള്ള ആരാധനകളും ആഘോഷങ്ങളും ഇസ്്‌ലാം നിയന്ത്രിച്ചത്. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാറുള്ളത്.ചെറിയ ചിന്താശീലമെങ്കിലുള്ള ആര്‍ക്കും ഇത് മനസ്സിലാകും. വിവാദമാക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് ഈ വിധത്തിലുള്ള വിശദീകരണം വന്നതോടെ അത് വിടുകയും കാന്തപുരം ഉസ്താദ് എറണാകുളത്ത് നടത്തിയ അര മണിക്കൂര്‍ നീണ്ട ഒരു പ്രഭാഷണത്തിലെ 20 സെക്കന്‍ഡുള്ള വാചകം മുറിച്ചെടുത്തു വിവാദമാക്കി ‘സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ വലിയ നാശമുണ്ടാകും’ എന്ന് കാന്തപുരം പറഞ്ഞിരിക്കുന്നുവെന്നായിരുന്നു പ്രചാരണം. ഇത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞ് മാധ്യമ സിംഹങ്ങളെല്ലാം സടകുടഞ്ഞ് സജീവമായി. റിപോര്‍ട്ടര്‍മാരെല്ലാം ഫീല്‍ഡിലിറങ്ങി. ഒറ്റ ചോദ്യം മാത്രം- കാന്തപുരം പറയുന്നു, ‘സ്ത്രീകള്‍ പൊതു രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകും, എന്തുപറയുന്നു?’
കാന്തപുരം അങ്ങനെപറഞ്ഞോ?, എവിടെ പറഞ്ഞു? ഏതു സാഹചര്യത്തില്‍ പറഞ്ഞു? ഞാന്‍ അതൊന്നു കേള്‍ക്കട്ടെ എന്നിട്ട് പ്രതികരിക്കാം എന്നൊന്നും ആരും പറഞ്ഞില്ല. എല്ലാവര്‍ക്കും ഒരേ ഭാഷ ഒരേ ഉത്തരം, ഇത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന തന്നെ.!
ഇതോടെ മാധ്യമങ്ങള്‍ കാര്‍ഡുകളിറക്കി. അണ്ടന്‍ കാന്തപുരത്തെ തള്ളി, അടകോടന്‍ കാന്തപുരത്തെ തള്ളി, ജെന്‍സി തള്ളി, ആല്‍ഫ തള്ളി…. ആഘോഷം പിന്നെയും തുടര്‍ന്നു. രാഷ്ട്രീയ നേതാക്കളുടെ പിറകെ ഫോണും വടിയുമായി ചാനല്‍ ജീവികള്‍ ഓടി. എന്തു പറയുന്നു? സി പി എം വനിതാ നേതാക്കളാണ് ആദ്യം ചാടിവീണത്. പുരോഗമന പട്ടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നതിന് മുമ്പ് നിലനിര്‍ത്തണമെല്ലോ. അത് തങ്ങളുടെ കുത്തകയാണല്ലോ. അവര്‍ കാന്തപുരം ഉസ്താദിന്റെ ‘പ്രസ്താവന’ അടപടലം തള്ളി. സ്ത്രീ തുല്യതയെക്കുറിച്ച് പ്രബന്ധ, പ്രഭാഷണ മത്സരം തന്നെ നടത്തി. പാര്‍ട്ടിയിലെ സ്ത്രീ അവഗണന, മന്ത്രി സഭയിലെ അവഗണന, നിയമനിര്‍മാണ സഭയിലെ ദയനീയമായ പാര്‍ശ്വവത്കരണം ഇതെല്ലാം തത്കാലം മറന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒറ്റവരി മറുപടി കൊണ്ട് സമാധാനിച്ചു. അവരാരും സ്ത്രീകള്‍ അവസരം തരില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ!?. താരാതിരു ന്നിട്ടല്ലേയുള്ളൂ. പിന്നെ മഹിളാ സംഘടനകള്‍ ഉണ്ടാക്കി പാര്‍ശ്വവത്കരിച്ചത് വിസ്മരിച്ചു. തുല്യ നീതിക്കുവേണ്ടി സംസാരിക്കുന്ന പുതിയ ലോകത്ത് എന്തിനാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന? അത്തരം ചോദ്യങ്ങള്‍ക്ക് നേരെ ചെവിപൊത്തി.
പിന്നീട് ആദര്‍ശത്തിന്റെയും സ്ത്രീ പക്ഷവാദത്തിന്റെയും ആള്‍രൂപങ്ങളായ ആണ്‍ നേതാക്കളെ സമീപിച്ചു. കുന്തം വായയില്‍ തിരുകി ഒറ്റവരി ചോദ്യം, ‘സ്ത്രീകള്‍ പൊതു രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകുമെന്ന് കാന്തപുരം’ എന്തു പറയുന്നു?. നിങ്ങള്‍ സ്ത്രീ പക്ഷത്തോ അതോ കാന്തപുരത്തെ പേടിച്ചു പ്രതികരിക്കാതിരിക്കുമോ എന്നമട്ടില്‍ കണ്ണുരുട്ടി. മറുപടി ഉടനെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ സ്ത്രീ വിരുദ്ധനാകും, അത് മറ്റാരെങ്കിലും എനിക്കെതിരെ ആയുധമാക്കും എന്നുകരുതി അവരും പ്രതികരിച്ചു. ഇത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന തന്നെ. ഞാന്‍ ആ പ്രസംഗം കേട്ടിട്ടില്ല. ഒന്ന് പരിശോധിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം എന്ന രീതിയില്‍ വിവേകപൂര്‍വം മറുപടി പറഞ്ഞ കൂടുതല്‍ നേതാക്കള്‍ കേരളത്തിലുണ്ടായില്ല എന്നത് നമ്മുടെ നാടിന്റെ നേതൃ നിലവാരത്തെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സഖാവ് ടികെ ഹംസയെപ്പോലുള്ളവരുടെ പക്വതയുള്ള പ്രതികരണത്തെ വിസ്മരിക്കുന്നില്ല.
ചിലര്‍ പത്തൊമ്പതാം നൂറ്റാണ്ടിലേക്കും ആറാം നൂറ്റാണ്ടിലേക്കും പോയപ്പോള്‍ മറ്റു ചിലര്‍ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമൊക്കെ കൊണ്ടുപോയി വിഷയത്തെ അന്തര്‍ദേശീയവത്കരിച്ചു. ഒരു സി പി എം വനിതാ നേതാവ് അറിയാവുന്ന ഇംഗ്ലീഷില്‍ വിഷയം ദേശീയ പ്രശ്നമാക്കി.
എല്ലാവരോടും ചോദിക്കട്ടെ, ഈ കാന്തപുരം ഉസ്താദ് അന്യഗ്രഹത്തില്‍ നിന്നും ഇറങ്ങി വന്ന് പെട്ടെന്ന് ഒരു ദിവസം ‘ആരവിടെ !. ഒറ്റ സ്ത്രീയും പുറത്തിറങ്ങിപ്പോകരുത് . ഇറങ്ങിയാല്‍ വന്‍ നാശമുണ്ടാകും’ എന്ന് പ്രസ്താവിച്ചതായിരുന്നുവെങ്കില്‍ ലോകം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. ആരാണ് ഈ കാന്തപുരം ഉസ്താദ്? ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖര്‍, ദേവെഗൗഡ, വാജ്പയി, നരസിംഹ റാവു, മുതല്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യന്‍ മുസ്്‌ലിംകളുടെ അനിഷേധ്യ നേതാവാണ്. മലേഷ്യന്‍ പ്രധാനമന്ത്രിയെപ്പോലെയുള്ളവര്‍ പ്രത്യേക വിമാനത്തില്‍ വന്ന് സന്ദര്‍ശനം നടത്തുന്ന അന്തര്‍ ദേശീയ വ്യക്തിത്വമുള്ള നേതാവണദ്ദേഹം. കേരള മുഖ്യമന്തിമാരായിരുന്ന കെ കരുണാകരന്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെല്ലാം അടുത്തറിയാവുന്ന നേതാവ് കൂടിയാണ്. വി ഡി സതീശന്‍ ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് കാന്തപുരത്തിന് തുല്യനായ ഒരാളെ നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമോ? അദ്ദേഹം നേതൃത്വം കൊടുക്കുന്ന 553 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന 2,22,904 വിദ്യാര്‍ഥികളില്‍ 1 ,35,972 പേരും പെണ്‍കുട്ടികളാണ്. ഇവരൊന്നും വീട്ടിലിരുന്നല്ല പഠിക്കുന്നത്.
മര്‍കസ് എന്ന ഇസ്്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴില്‍ മാത്രം നൂറില്‍പരം ഇന്‍സ്റ്റിറ്റിയൂഷനുകളിലായി 96,157 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതിലും പകുതിയോളം പെണ്‍കുട്ടികളാണ്. തന്റെ ഈ അനുഗൃഹീത ജീവിതത്തിനിടയില്‍ 4,355 അനാഥ പെണ്‍മക്കളെ അറിവ് നല്‍കി വളര്‍ത്തിയിട്ടുണ്ട്. നിലവില്‍ മര്‍കസിന് കീഴില്‍ പഠിക്കുന്ന അനാഥക്കുട്ടികളില്‍ 700 പേര്‍ പെണ്‍കുട്ടികളാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ 11,296 പേരാണെങ്കില്‍ അതില്‍7,698 ഉം സ്ത്രീകളാണ്. മര്‍കസിന് കീഴിലുള്ള ജീവനക്കാരില്‍ 857 പേരും വനിതകളാണ്. നാലയിരത്തില്‍ പരം നാനാ മതസ്ഥരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ജീവിതം ഒരുക്കിക്കൊടുത്ത മഹാനായ മനുഷ്യനാണദ്ദേഹം. ഇങ്ങനെയുള്ള ഒരു മഹാ മനുഷ്യനെക്കുറിച്ച് തന്റെ പ്രസംഗത്തിന്റെ ഒരു വരി കട്ടു മുറിച്ച് ഒരു കുന്തവുമായി മാധ്യമ പ്രവര്‍ത്തകര്‍ വരുമ്പോള്‍ ഒന്നുകില്‍ ആ പ്രസംഗം ഞാന്‍ പൂര്‍ണമായും കേള്‍ക്കട്ടെ, അല്ലങ്കില്‍ കാന്തപുരം ഞാനുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ്, ഒന്ന് നേരിട്ട് ചോദിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം എന്നെങ്കിലും പറയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കാണിക്കേണ്ടിയിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല കാന്തപുരത്തിന് മതവും ചരിത്രവും ട്യൂഷെനെടുക്കാന്‍ മുതിര്‍ന്നവര്‍ പോലുമുണ്ടായി എന്നത് സഹതാപമര്‍ഹിക്കുന്ന കാര്യമാണ്. പത്ത് വര്‍ഷത്തോളമായി സി പി എം സ്വീകരിച്ചു പോരുന്നതില്‍ നിന്ന് വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ അവര്‍ സ്വീകരിച്ചുകാണുന്നത്.
തിരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി പല ഇടതു പ്രൊഫൈലുകളില്‍ നിന്നും കാണുന്നുണ്ട്. അതിന്റെ അരിശം തീര്‍ക്കുന്നതാണോ വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടു പോകുന്നത് എന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യു ഡി എഫില്‍ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്.
ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. ഉജ്ജ്വലമായി വീണ്ടും തിരിച്ചുവന്നപ്പോള്‍ നന്മ ഉദ്ദേശിച്ച് കൊണ്ടാകാം മന്ത്രി സഭയില്‍ ഒരു തലമുറമാറ്റം കൊണ്ടു വന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല. ഇത് മികച്ച ഭരണം കാഴ്ചവെച്ച പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. പാര്‍ട്ടി രീതിയനുസരിച്ച് പരസ്യമായി ആരും പ്രതികരിച്ചില്ലെങ്കിലും കടുത്ത മനോവേദന കടിച്ചിറക്കി അവര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. ആലപ്പുഴയില്‍ സുധാകരനെ പോലുള്ളവര്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത് ഇത്ര രൂക്ഷമാകുമായിരുന്നില്ല. വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നെയും മത്സരരംഗത്ത് ഉണ്ടാകുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. ചിലര്‍ യു ഡി എഫിനൊപ്പം ചേര്‍ന്നു മത്സരിക്കാനും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രചരണരീതി കൂടുതല്‍ പ്രകോപനമുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമന്‍ ബോഡുകള്‍ നിറഞ്ഞു. ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കേണ്ടതായിരുന്നു എന്ന സംസാരം അണികളും നേതാക്കളും തമ്മില്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പുറത്താവും. രാജാവും പ്രജയും എന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പല പ്രാദേശിക നേതാക്കള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. അവര്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. പിന്നെ പത്ത് കൊല്ലമായതല്ലേ, ഒന്നു മാറ്റി നോക്കാമെന്ന് നിഷ്പക്ഷ വോട്ടര്‍മാരും ചിന്തിച്ചു കാണും.
ചുരുക്കത്തില്‍ പാര്‍ട്ടി തോറ്റതല്ല. ഇടതു പക്ഷം തകര്‍ന്നതുമല്ല. അണികള്‍ നല്‍കിയ ഒരു ശിക്ഷകൂടിയാണ് ഈ തോല്‍വി. ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനകളോടും തീര്‍ക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബംഗാളിലെ അവസ്ഥവരും. അത് ആരും ആഗ്രഹിക്കുന്നില്ല.
(തുടരും)


