Connect with us

Articles

സ്ത്രീ തനിച്ചു യാത്ര ചെയ്താല്‍ എന്താണ്?

ഭര്‍ത്താവിന്റെ അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്ത അടുത്ത ബന്ധുവിന്റെ സംരക്ഷണത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന് ഇസ്ലാമില്‍ ഒരു വിലക്കുമില്ല. അതിന് ഏറ്റവും വലിയ ചരിത്രപരമായ തെളിവ് പ്രവാചകര്‍(സ) തന്റെ പത്‌നിമാരെ ദീര്‍ഘദൂര യാത്രകളില്‍ കൂടെ കൂട്ടിയിരുന്നു എന്നതാണ്.

Published

|

Last Updated

അഫ്ഗാനിസ്താനില്‍ ഒരു വ്‌ലോഗര്‍ തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തില്‍ സ്ത്രീക്ക് യാത്ര ചെയ്യാന്‍ ഇസ്ലാമില്‍ വിലക്കുണ്ടോ എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സൈബറിടത്തില്‍. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്ത അടുത്ത ബന്ധുവിന്റെ സംരക്ഷണത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന് ഇസ്ലാമില്‍ ഒരു വിലക്കുമില്ല. അതിന് ഏറ്റവും വലിയ ചരിത്രപരമായ തെളിവ് പ്രവാചകര്‍(സ) തന്റെ പത്‌നിമാരെ ദീര്‍ഘദൂര യാത്രകളില്‍ കൂടെ കൂട്ടിയിരുന്നു എന്നതാണ്. നറുക്കെടുപ്പിലൂടെയായിരുന്നു ഏത് പത്‌നിയാണ് കൂടെ വരേണ്ടതെന്ന് അവിടുന്ന് തീരുമാനിച്ചിരുന്നത്. ഈ യാത്രകള്‍ കേവലം അനുഗമിക്കല്‍ മാത്രമായിരുന്നില്ല, മറിച്ച് ഇസ്ലാമിക ചരിത്രത്തെയും നിയമങ്ങളെയും സ്വാധീനിച്ച നിരവധി സുപ്രധാന സംഭവങ്ങള്‍ കൂടിയായിരുന്നു. അവയിലെല്ലാം തിരുനബി(സ)യുടെ പത്‌നിമാരുടെ സാന്നിധ്യം നിര്‍ണായകമായ ചില വഴിത്തിരിവുകള്‍ക്ക് വഴിവെച്ചു. ഹുദൈബിയ്യാ യാത്രയിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ ഉമ്മുസലമ(റ) നടത്തിയ വിവേകപൂര്‍ണമായ ഇടപെടല്‍ ഒരു പ്രതിസന്ധി ഇല്ലാതാക്കിയത് ചരിത്രത്തില്‍ കാണാം. ബനൂ മുസ്തലിഖ് യുദ്ധയാത്രയില്‍ ആഇശ(റ)യുടെ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളുടെ ഒടുവിലാണ് സ്ത്രീകളുടെ അഭിമാന സംരക്ഷണം വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചത്. മറ്റൊരു യാത്രാവേളയില്‍ വെള്ളം ലഭിക്കാതെ വന്നപ്പോഴാണ് ‘തയമ്മും’ നിയമമാക്കപ്പെട്ടത്. കൂടാതെ, ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകര്‍(സ)യുടെ എല്ലാ പത്‌നിമാരും പങ്കെടുക്കുകയും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന ഹജ്ജ് നിയമങ്ങള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ അത് കാരണമാകുകയും ചെയ്തു. പ്രവാചക പത്‌നിമാര്‍ക്ക് ഇസ്ലാമിക നിയമങ്ങളുടെയും ചരിത്രത്തിന്റെയും രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഈ യാത്രാനുഭവങ്ങള്‍ കാരണമായി എന്ന് ചരിത്രം വ്യക്തമാക്കുന്നു.

എന്നാല്‍ ഇസ്ലാമിക കര്‍മശാസ്ത്രം തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളുടെ യാത്രാനിയമങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ശാഫിഈ മദ്ഹബ് അനുസരിച്ച്, ഒരാള്‍ സ്വന്തം നാടിന്റെ അതിര്‍ത്തി കടന്ന് മറ്റൊരു നാട്ടിലേക്ക് പോകുന്നതിനെയാണ് ‘സഫര്‍’ അഥവാ യാത്ര എന്ന് കണക്കാക്കുന്നത്. ഈ യാത്ര ചുരുങ്ങിയ ദൂരമാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹം കഴിക്കാന്‍ പാടില്ലാത്ത അടുത്ത ബന്ധുവോ സ്ത്രീയുടെ കൂടെയുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം: ‘മഹ്‌റം കൂടെയില്ലാതെ ഒരു സ്ത്രീയും യാത്ര ചെയ്യരുത്. മഹ്‌റം കൂടെയില്ലാതെ ഒരു അന്യപുരുഷനും അവളുടെ അടുത്തേക്കും പ്രവേശിക്കരുത്’.

സ്ത്രീകളുടെ സുരക്ഷ, സംരക്ഷണം, ആദരവ് എന്നിവ ഉറപ്പുവരുത്താനാണ് ഇസ്ലാം ഇത്തരത്തിലുള്ള നിയമങ്ങള്‍ സംവിധാനിച്ചിരിക്കുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രമുഖരായ മുഫസ്സിറുകളും ഹദീസ് പണ്ഡിതന്മാരും ഈ നിയമത്തിന്റെ പൊരുള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം നവവി(റ) വ്യക്തമാക്കുന്നത്, യാത്രയിലുണ്ടാകാന്‍ സാധ്യതയുള്ള ‘ഫിത്‌നകളില്‍’ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്നാണ്. ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി(റ) തന്റെ ‘ഫത്ഹുല്‍ബാരി’യില്‍ വിശദീകരിക്കുന്നത്, യാത്ര പ്രയാസകരമായ കാര്യമായതിനാല്‍ ലഗേജുകള്‍ ചുമക്കാനും മറ്റ് യാത്രാക്ലേശങ്ങള്‍ ഏറ്റെടുക്കാനുമുള്ള ഭാരം പുരുഷനെ ഏല്‍പ്പിച്ച് സ്ത്രീയെ ആദരിക്കുകയാണ് ഇസ്ലാം ചെയ്തത് എന്നാണ്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നത്, അനിവാര്യമായ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ക്ക് ഒരു കവചമായി മഹ്‌റം കൂടെയുണ്ടാകേണ്ടത് അവളുടെ അഭിമാനം സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ് എന്നാണ്. ചുരുക്കത്തില്‍, സ്ത്രീകളുടെ യാത്രയുമായി ബന്ധപ്പെട്ട മഹ്‌റം എന്ന നിബന്ധന പൂര്‍ണമായും അവരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ളതാണ്.

ഈ നിയമങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ചരിത്രത്തിലെ പ്രമുഖരായ മുസ്ലിം വനിതകള്‍, പ്രത്യേകിച്ച് പ്രവാചകരുടെ(സ) പത്‌നിമാര്‍ യാത്രകളില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സൗദ(റ), സൈനബ് ബിന്‍ത് ജഹ്ശ്(റ) തുടങ്ങിയവര്‍ അതിലുണ്ട്. പ്രവാചക(സ)രുടെ വിയോഗശേഷം മറ്റൊരു ഹജ്ജിനോ ഉംറക്കോ വേണ്ടി പോലും അവര്‍ യാത്ര ചെയ്യാന്‍ തയ്യാറായില്ല.

കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും, അനിവാര്യമായ സാഹചര്യങ്ങളില്‍ കര്‍മശാസ്ത്രം ഇവ്വിഷയത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. നിര്‍ബന്ധ ഹജ്ജിനും ഉംറക്കും ഭര്‍ത്താവോ വിവാഹം കഴിക്കാന്‍ പാടില്ലാത്ത അടുത്ത ബന്ധുവോ കൂടെ ഇല്ലാതെ തന്നെ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തോടൊപ്പം അവര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ ഉംറ സംഘങ്ങളിലും മറ്റുമായി മഹ്‌റം കൂടെയില്ലാതെ യാത്ര പുറപ്പെടുമ്പോള്‍ നിര്‍ബന്ധ ഉംറക്ക് ശേഷമുള്ള ഉംറകള്‍ക്കും സുന്നത്തായ മറ്റു കാര്യങ്ങള്‍ക്കുമുള്ള യാത്രകള്‍ക്ക് ഈ വിലക്ക് ബാധകമാണെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ശത്രുക്കളുടെ ആക്രമണം പോലുള്ളവയില്‍ നിന്ന് ജീവനും മാനവും രക്ഷിക്കാന്‍ പലായനം ചെയ്യേണ്ടി വരുമ്പോഴും നാട്ടില്‍ ലഭ്യമല്ലാത്ത നിര്‍ബന്ധ മതപഠനത്തിനും ജീവന്‍ രക്ഷിക്കാന്‍ അനിവാര്യമായ ചികിത്സക്കും പോകുമ്പോഴും ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ഭര്‍ത്താവോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത സാഹചര്യത്തിലും ഇസ്ലാം ഈ നിയമത്തില്‍ ഇളവ് നല്‍കുന്നുണ്ട്.

ചുരുക്കത്തില്‍ തനിച്ചുള്ള സ്ത്രീ യാത്രകള്‍ക്ക് ചില നിയമങ്ങളുടെ അകമ്പടിയുണ്ട.് അത് സ്വാതന്ത്ര്യ നിഷേധമാണെന്ന വ്യാഖ്യാനം വര്‍ത്തമാനകാല സംഭവവികാസങ്ങളെ വിലയിരുത്താത്തതിന്റെയും ഇസ്ലാം ഇങ്ങനെയൊരു നിയമം സംവിധാനിച്ചതിന്റെ കാരണത്തെക്കുറിച്ച് ബോധമില്ലാത്തതിന്റെയുംകുഴപ്പമാണ്. അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതാണ്. എല്ലാ വിഷയങ്ങളിലും എന്ന പോലെ ഈ നിയമത്തിലും ഇസ്ലാം സ്ത്രീയുടെ പക്ഷത്താണ്.