articles
ബഹുസ്വരത മറയുന്ന ഇന്ത്യക്ക് ബുഷ്‌റ ബാനുമാരെന്തിന്?
ബുഷ്‌റയെ പോലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സായുധ സേന നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡന്റായി പ്രതിഷ്ഠിച്ചു. ഇത് ചൂടുള്ള ചര്‍ച്ചയായപ്പോള്‍ ബുഷ്‌റയുടേത് സാധാരണ ട്രാന്‍സ്ഫര്‍ മാത്രമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ സുവേന്ദു അധികാരി ശ്രമിച്ചെങ്കിലും, നാനാത്വത്തില്‍ ഏകത്വം പ്രസംഗിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു സ്ത്രീക്ക് അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു വാക്പ്രയോഗം പോലും പാടില്ല എന്ന് ശഠിക്കുന്നതിലെ കുടില മനസ്സും കാപട്യവും തുറന്നുകാട്ടപ്പെട്ടു.
മഹാത്മാ ഗാന്ധിജിയുടെ എഴുത്തിലോ വാക്കുകളിലോ മതേതരത്വം എന്ന പദം കാണാന്‍ പ്രയാസമാണ്. ഹിന്ദു- മുസ്‌ലിം മൈത്രി എന്നതാണ് രാഷ്ട്രപിതാവിന് ഇഷ്ടപ്പെട്ട പ്രയോഗം. സെക്യുലറിസം ഒരു രാഷ്ട്രീയ സംജ്ഞയാണ്. ഭരണഘടനയിലൂടെ വളര്‍ന്നുവികസിച്ച ഒരു രാഷ്ട്രീയ സംസ്‌കാരം. ഒരു പടിഞ്ഞാറന്‍ ആശയമാണെങ്കിലും ഇന്ത്യന്‍ ചുറ്റുപാടില്‍ അതിന് വിപുലമായ അര്‍ഥവ്യാപ്തിയുണ്ട്. മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കുന്ന സ്‌നേഹത്തിലും പാരസ്പര്യത്തിലും വര്‍ത്തിക്കുന്ന വിവിധ ജനവിഭാഗങ്ങളെ അടയാളപ്പെടുത്താനാണ് ഗാന്ധിജി മൈത്രിയുടെ പ്രത്യയശാസ്ത്രം പഠിപ്പിച്ചുകൊണ്ടേയിരുന്നത്. തന്റെ ജീവിതയാത്രയില്‍ മുസ്‌ലിമായ സുഹൃത്തുക്കള്‍ എത്ര കണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് “സത്യാന്വേഷണ പരീക്ഷണങ്ങളില്‍’ അദ്ദേഹം വിവരിക്കുന്നുണ്ട്. ഗാന്ധിജിയുടെ കാലഘട്ടത്തില്‍ പുഷ്‌കലിച്ച മൈത്രിയുടെ സംസ്‌കാരത്തെ “ഗംഗ യമുന തഹ്‌സീബ് ‘എന്നാണ് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്താറുള്ളത്. ഗംഗയും യമുനയും നനച്ചുവളര്‍ത്തിയ ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള സ്‌നേഹസൗഭാത്രത്തിന്റെ സംസ്‌കൃതിയാണ് ഇന്ത്യ എന്ന ആശയത്തെ പ്രഫുല്ലമാക്കുന്നത്.
മതസമൂഹങ്ങള്‍ തമ്മിലുള്ള ആദാന പ്രദാനങ്ങളാണ് ബഹുസ്വരതയുടെ നിദാനം. അതിന് പ്രത്യേകിച്ചൊരു ഭാഷയില്ല. ഒരു വേള പേര്‍ഷ്യന്‍, അറബിക്, ഉര്‍ദു, ഹിന്ദി, സംസ്‌കൃത ഭാഷകളിലൂടെയാണ് നമ്മുടെ സാംസ്‌കാരിക വിനിമയങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ഇവിടെ ജീവിക്കുന്നവര്‍ ഇന്ന ഭാഷയിലേ ആശയവിനിമയം നടത്താന്‍ പാടുള്ളൂവെന്നോ ഇന്ന മതത്തിന്റെ പദാവലികളേ ഔദ്യോഗിക തലത്തില്‍ വിനിയോഗിക്കാന്‍ പാടുള്ളൂവെന്നോ ശഠിക്കുന്നത് അസഹിഷ്ണുതയാണ്, ഫാസിസമാണ്. അമ്മട്ടിലുള്ള ഫാസിസത്തിന്റെ കനലുകള്‍ ഊതിക്കത്തിക്കുന്നത് ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ എന്തുമാത്രം വെന്തുരുക്കുമെന്നതിന്റെ ഉദാഹരണമാണ് ഐ പി എസ് ഓഫീസറായ ഒരു മുസ്‌ലിം യുവതി വീഡിയോ ഭാഷണത്തിനിടയില്‍ “അസ്സലാമു അലൈക്കും, ഇന്‍ശാ അല്ലാ, ജസാക്കല്ലാ ഖൈര്‍’ തുടങ്ങിയ അറബി സംബോധനയും പ്രാര്‍ഥനയും ഉപയോഗിച്ചത് മഹാപാതകമായി കണ്ട് അവരെ ഒന്നരമാസം കൊണ്ട് ജോലിയില്‍ നിന്ന് സ്ഥലം മാറ്റിയ ബി ജെ പി വാഴുന്ന പശ്ചിമ ബംഗാളിലെ നാണിപ്പിക്കുന്ന അനുഭവം. എന്നാല്‍ ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി വിദ്യാഭ്യാസ, തൊഴില്‍ ഉന്നതിക്കായി കാഴ്ചവെച്ച കഠിനാധ്വാനവും അര്‍പ്പണബോധവും മറ്റുള്ളവര്‍ക്ക് കൂടി മാതൃകയും പ്രചോദനവുമാക്കി മാറ്റുന്നതിന് പകരം വിദ്വേഷവിഷം പരത്തുന്നതിന് ഉപാധിയാക്കിയത് വലിയ ചര്‍ച്ചാവിഷയമാകുമ്പോള്‍ രാജ്യം മുഴുവന്‍ അത് ശ്രദ്ധിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ ക്യാനൂജില്‍ ജനിച്ചുവളര്‍ന്ന ബുഷ്‌റ ബാനു അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും ബിസിനസ്സില്‍ ഡോക്ടറേറ്റുമെടുക്കുന്നത്. അതിനു ശേഷം സഊദി അറേബ്യയില്‍ അസ്സി. പ്രൊഫസറായി കുറെ നാള്‍ ജോലി ചെയ്തു. അവിടെ ആകര്‍ഷണീയ ശമ്പളം ലഭിച്ചിട്ടും അവരുടെ മനസ്സ് ജന്മനാട്ടിലായിരുന്നു. തിരിച്ചുവന്ന് യു പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയില്‍ ഇന്ത്യയില്‍ ജോലി നോക്കി. സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പില്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി. രണ്ട് തവണ പരീക്ഷയില്‍ വിജയിച്ചു. അങ്ങനെ 2021 ബാച്ച് ഐ പി എസ് ബംഗാള്‍ കാഡറില്‍ നിയമിതയായി. കാരാഗ്പൂരില്‍ അഡീഷനല്‍ പോലീസായി ഒന്നര മാസം മുമ്പ് സ്ഥാനക്കയറ്റം കിട്ടി.
സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് ഒരു വീഡിയോ തയ്യാറാക്കാനും അത് സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കാനും നടത്തിയ ശ്രമം വിവാദമായി മാറിയത് ഒരു മുസ്‌ലിം സ്ത്രീ പോലീസിന്റെ ഉന്നതതലങ്ങളില്‍ വിരാജിക്കുന്നത് കണ്ടിരിക്കാന്‍ സഹിഷ്ണുത ഇല്ലാത്ത ഒരു ഇന്ത്യന്‍ പരിസരത്താണ് അവര്‍ ജീവിക്കുന്നത് എന്നത് കൊണ്ടാണ്. വീഡിയോ തുടങ്ങുന്നത് “അസ്സലാമു അലൈക്കും’ എന്ന സംബോധനയോടെയാണ്. അതിലെന്ത് തെറ്റ്? ദൈവത്തിന്റെ രക്ഷ താങ്കളുടെമേല്‍ ഉണ്ടാകട്ടെ എന്ന നല്ല വാക്ക് കേട്ട് എന്തിന് പ്രകോപിതരാകണം? ഭാവി കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ “ഇന്‍ശാ അല്ലാഹ്’ എന്ന് മൊഴിയുന്നയ് എന്തുമാത്രം ആത്മീയസ്പര്‍ശിയാണ്. നാം കണക്കുകൂട്ടുന്നത് പോലെയല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ദൈവം ഉദ്ദേശിക്കുകയാണെങ്കില്‍ നാം ലക്ഷ്യത്തിലെത്തുമെന്നും പ്രത്യാശ പകരുന്നത് എത്ര മഹത്തരമാണ്. ഒടുവില്‍ പിരിയുമ്പോള്‍ “ജസാക്കല്ലാ ഖൈര്‍’ (നന്മ കൊണ്ട് അല്ലാഹു പ്രതിഫലം നല്‍കട്ടെ) എന്ന് മൊഴിയുന്നത് എങ്ങനെ വിഭാഗീയമാകും? ഹിന്ദു നെറ്റ്്വര്‍ക്ക് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ യൂനിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന “ദി ഹിന്ദു ലീഗല്‍ ഫണ്ട്’ എന്ന സംഘടനയാണ് ബുഷ്‌റ ബാനുവിന്റെ വീഡിയോയില്‍ വന്ദേ മാതരമോ ജയ് ഹിന്ദോ ഇല്ലെന്നും ഇസ്‌ലാമിക പദാവലികള്‍ മാത്രമാണുള്ളൂവെന്നും കാണിച്ച് പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ യൂനിഫോമില്‍ വന്ന് പൊതുപ്രയോഗങ്ങള്‍ അല്ലാതെ പ്രസംഗിക്കുന്നതിലെ അസാംഗത്യമാണ് ഈ ഹിന്ദുത്വകൂട്ടായ്മ ചോദ്യം ചെയ്യുന്നത്. അവര്‍ പര്‍ദ ധരിച്ചായിരുന്നില്ല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വന്ദേ മാതരമോ ജയ് ശ്രീറാമോ ഉച്ചരിച്ചാലേ ഇന്ത്യന്‍ ആവൂ എന്ന വിവരമില്ലായ്മ എഴുന്നെള്ളിച്ചപ്പോള്‍ കടുത്ത സംഘിയായ മുഖ്യമന്ത്രി സുവേന്ദു അധികാരി ഭരണകൂടം ഞെട്ടിയുണര്‍ന്നു. ബുഷ്‌റയെ പോലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സായുധ സേന നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡന്റായി പ്രതിഷ്ഠിച്ചു. വിഭാഗീയമായ ഈ ഇളക്കിപ്രതിഷ്ഠ ഉന്നതതലങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായപ്പോള്‍ ബുഷ്‌റയുടേത് സാധാരണ ട്രാന്‍സ്ഫര്‍ മാത്രമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ സുവേന്ദു അധികാരി ശ്രമിച്ചെങ്കിലും, നാനാത്വത്തില്‍ ഏകത്വം പ്രസംഗിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു സ്ത്രീക്ക് അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു വാക്പ്രയോഗം പോലും പാടില്ല എന്ന് ശഠിക്കുന്നതിലെ കുടില മനസ്സും കാപട്യവും തുറന്നുകാട്ടപ്പെട്ടു.
എല്ലാ വിഭാഗങ്ങളോടും പക്ഷപാതമില്ലാതെ പെരുമാറുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിമാര്‍ അവരവരുടെ മതവും ജാതിയും പ്രചോദിപ്പിക്കുന്ന പ്രാര്‍ഥനയും ആചാരവും നിര്‍വഹിക്കുന്നു. അപ്പോഴാണ് ഒരു സ്ത്രീ അവരുടെ വ്യക്തിപരമായ സാംസ്‌കാരികാംശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അഭിസംബോധന നടത്തുന്നത് വലിയ പാതകമായി തീവ്രവലതുപക്ഷം കാണുന്നതും പ്രതികരിക്കുന്നതും. സരയൂ നദിക്കരയിലെ 465 വര്‍ഷം പഴക്കമുള്ള ഒരു പള്ളി തച്ചുതകര്‍ത്ത് ഒരു നിലക്കും നീതികരിക്കാന്‍ പറ്റാത്ത കോടതി വിധിയുടെ ബലത്തില്‍ അവിടെ കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി സന്ന്യാസി വേഷം കെട്ടി പൂജാദി കര്‍മങ്ങള്‍ നടത്തിയപ്പോള്‍ ഇവിടെ ആരുമത് ചോദ്യം ചെയ്തില്ല. അതിലെ അസാംഗത്യം ചര്‍ച്ച ചെയ്യപ്പെട്ടില്ല. മോദി ഭൂരിപക്ഷ സമൂഹത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല.
ഇവിടെയാണ് ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രം ഭരണഘടനയുടെ ഒരു വരി പോലും ഭേദഗതി ചെയ്യാതെ നടപ്പാക്കപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സംസ്‌കാരം ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന “മെജോറിറ്റേറിനിസം’ അല്ലാതെ മറ്റെന്താണിത്.
അതേസമയം, ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വ്യതിരിക്ത ആവിഷ്‌കാര പ്രകടനത്തിന് പോലും ഇടമില്ലാത്ത കുടുസ്സായ ഒരു ലോകം ആരോരുമറിയാതെ സൃഷ്ടിക്കപ്പെടുകയാണ്. ഇതായിരുന്നില്ല യഥാര്‍ഥ ഇന്ത്യ. രാഷ്ട്രശില്‍പ്പികള്‍ വിഭാവന ചെയ്തതും ഇതായിരുന്നില്ല. ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ പ്രിയ ശിഷ്യന്‍ മഹാകവി അമീര്‍ ഖുസ്രുവാണ് “ഹിന്ദുസ്ഥാന്‍’ എന്ന സംജ്ഞ ആദ്യമായി കോയിന്‍ ചെയ്‌തെടുത്തത്. പണ്ഡിതനും കവിയും രാഷ്ട്രീയ ധിഷണാശാലിയുമായ മൗലാനാ ഹസ്‌റത്ത് മൊഹാനിയാണ് “ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്.
ഗാന്ധിജിയുടെ പ്രാര്‍ഥനയില്‍ ഈശ്വരന്‍ മാത്രമല്ല, അല്ലാഹുവും ഉണ്ടായിരുന്നു. സാംസ്‌കാരിക സമേകതയുടെ ആ നല്ല ഓര്‍മകള്‍ മായ്ച്ചുകളയാനും കുടുസ്സായ ജാതി, വംശീയ ചിന്തകളില്‍ മനുഷ്യമനസ്സുകളെ കുരുക്കിയിടാനും ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികളാണ് ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ ഹനിച്ചുകളയുന്ന ഹീന പ്രചാരണങ്ങളും പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.
മുമ്പ് ഗുജറാത്ത് ആണെങ്കില്‍ ഇന്ന് പതിറ്റാണ്ടുകളായി മതനിരപേക്ഷ സംസ്‌കൃതിയുടെ ഈറ്റില്ലമായി ലോകം നോക്കിക്കണ്ട ബംഗാളാണ് വര്‍ഗീയതയുടെ ലബോറട്ടറിയായി പരിണമിച്ചിരിക്കുന്നത്. അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ മുസ്‌ലിം പേരുള്ള മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അങ്ങോട്ടടുപ്പിച്ചില്ല എന്ന് തൃണമൂല്‍ എം പി മഹുവ മൊയ്ത്ര യു എന്‍ മനുഷ്യാവകാശ ഏജന്‍സിയില്‍ പരാതിപ്പെട്ടിരിക്കുകയാണ്. ഉത്തര ബംഗാളില്‍ ഷായുടെ സന്ദര്‍ശന വേളയില്‍ മുസ്‌ലിം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരെ പൂര്‍ണമായും തഴഞ്ഞത്രെ. സിലിഗുരി പോലീസ് കമ്മീഷണര്‍ വഖാര്‍ റാസ, പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ചീഫ് ജാവിദ് ശമീം, ഐ എ എസ് ഓഫീസര്‍ ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കാണത്രെ അമിത് ഷാ അയിത്തം കല്‍പ്പിച്ചത്. തൃണമൂല്‍ എം പി ഈ രഹസ്യം സാമൂഹിക മാധ്യമങ്ങളില്‍ കൂടി മാലോകരെ അറിയിച്ചപ്പോള്‍ ഡയമണ്ട് ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നു. ന്യൂനപക്ഷങ്ങളെ പൂര്‍ണമായും അപരവത്കരിക്കുക. സംഘ്പരിവാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യ ഇതാണ്.
Content Highlights:
IPS officer Bushra Banu was transferred to Bengal following complaints from a right-wing group over using Islamic greetings in a video. The incident sparked discussions about rising intolerance and the targeting of minority officers in government service. Critics highlighted the shift from India’s pluralistic values toward majoritarian policies.


