Connect with us

Kerala

ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശത്തെ ചോദ്യം ചെയ്താണ് നടപടി

Published

|

Last Updated

തിരുവനന്തപുരം | ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പി എസ് സി ചെയര്‍മാനും അംഗങ്ങളും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശത്തെ ചോദ്യം ചെയ്താണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പി എസ് സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ് സി നിലപാടെടുത്തിരുന്നു. നിയമസഭാ പെറ്റീഷന്‍ സമിതി വിളിച്ചപ്പോള്‍ കമ്മീഷന്‍ സെക്രട്ടറി പോകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പി എസ് സിയുടെ നിലപാട്.

പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യാന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗം കത്ത് നല്‍കാനിരിക്കെയാണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്.

ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കാന്‍ പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ ഇല്ലെന്ന് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. പി എസ് സി നിലപാടിന് പിന്നാലെ ആണ് വിശദമായ നിയമപരിശോധനയ്ക്ക് ശേഷം മറുപടി നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍ മൊഴിയെടുക്കാന്‍ പി എസ് സി ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. പി എസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് പറയുന്നിടത്ത് എത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

Content Highlights:
Kerala PSC Chairman and members moved the High Court against Crime Branch summons regarding the Planning Board exam scam. The Crime Branch insisted the members must appear at headquarters for questioning, denying special protection. PSC cited legal precedents to refuse visiting Crime Branch office.

Latest