International
പാകിസ്താനിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷം; ഒൻപത് മാസത്തിനിടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
2009ഉം 2025ഉം കഴിഞ്ഞാൽ പാകിസ്താൻ സേനയ്ക്ക് ഏറ്റവും കൂടുതൽ ആളപായം നേരിട്ട മൂന്നാമത്തെ വർഷമാണിത്.
ഇസ്ലാമാബാദ് | പാകിസ്താനിൽ വൻ സുരക്ഷാ പ്രതിസന്ധി (Pakistan Security Crisis) സൃഷ്ടിച്ചുകൊണ്ട് ഈ വർഷം ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജനുവരി 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഒമ്പത് മാസത്തെ കാലയളവിൽ 650 ലധികം സാധാരണക്കാരും വിവധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സൗത്ത് ഏഷ്യൻ ടെററിസം പോർട്ടൽ (South Asian Terrorism Portal) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പാകിസ്താൻ സൈന്യം, ഫ്രോണ്ടിയർ കോർപ്സ് (എഫ് സി), പോലീസ് എന്നിവരടങ്ങുന്ന സുരക്ഷാ സേനയ്ക്ക് നേരെ വൻതോതിലുള്ള ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. 2009ഉം 2025ഉം കഴിഞ്ഞാൽ പാകിസ്താൻ സേനയ്ക്ക് ഏറ്റവും കൂടുതൽ ആളപായം നേരിട്ട മൂന്നാമത്തെ വർഷമാണിത്. 2009 ൽ ഭീകരാക്രമണങ്ങളിൽ 11,317 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും ഉയർന്ന നിരക്ക്. 2025ൽ 4,001 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം സെപ്റ്റംബർ 15 വരെ മാത്രം 3,693 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെയായി ഇത്തരം അക്രമങ്ങളിൽ തീവ്രവാദികൾ ഉൾപ്പെടെ 78,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ബലൂചിസ്താനും ഖൈബർ പഖ്തുൻഖ്വയുമാണ് നിലവിൽ അക്രമങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. ഈ മേഖലകളിൽ സുരക്ഷാ സ്ഥാപനങ്ങൾ, സൈനിക വ്യൂഹങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 190 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 15 ഓളം സംഭവങ്ങളും ഉണ്ടായി.
2018 മുതൽ 2022 വരെ കാലയളവിൽ ആക്രമണങ്ങളിൽ കുറവുണ്ടായിരുന്നെങ്കിലും, 2021 ൽ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം 2022 മുതൽ വീണ്ടും സ്ഥിതി വഷളായി. അഫ്ഗാൻ താലിബാന്റെ ശാഖയായ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ (ടി ടി പി) ഇരു രാജ്യങ്ങൾക്കുമിടയിലെ ഡ്യൂറൻഡ് ലൈനിന്റെ ഇരുവശത്തുമുള്ള പഷ്തൂൺ പ്രദേശങ്ങളെ ഒന്നിച്ചു ചേർക്കാനും ഖൈബർ പഖ്തുൻഖ്വയിൽ ശരീഅത്ത് ഭരണം സ്ഥാപിക്കാനുമാണ് പോരാടുന്നത്.
ഇതിനുപുറമെ, വിഭവസമൃദ്ധമായ ബലൂചിസ്താനിൽ ബലൂച് വിമതർ നടത്തുന്ന ആക്രമണങ്ങളും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. റെയിൽ, റോഡ് ശൃംഖലകൾ തകർക്കൽ, ഐ ഇ ഡി ആക്രമണങ്ങൾ, പട്രോളിംഗ് സംഘങ്ങളെ ആക്രമിക്കൽ എന്നിവ ഇവർ നിരന്തരം നടത്തുന്നു. ക്വറ്റയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജാഫർ എക്സ്പ്രസിന് നേരെയും ഇവർ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്.
Content Highlights
Pakistan is facing a severe security crisis with over 1,000 security personnel and 650 civilians killed in 2026. Data from SATP highlights Balochistan and Khyber Pakhtunkhwa as major conflict zones driven by TTP and Baloch insurgents.


