Connect with us

International

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

നുവാകോട്ട് ജില്ലയിലെ 'അപ്പര്‍ ത്രിശൂലി-1' പദ്ധതി പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Published

|

Last Updated

കാഠ്മണ്ഡു | മിന്നല്‍ പ്രളയമുണ്ടായ നേപ്പാളില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആഗസ്റ്റ് 26ന് സംഭവിച്ച അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നുവാകോട്ട് ജില്ലയിലെ ‘അപ്പര്‍ ത്രിശൂലി-1’ പദ്ധതി പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

‘അപ്പര്‍ ത്രിശൂലി-1’ പദ്ധതിയിലെ ‘ഓഡിറ്റ്-3’ തുരങ്കത്തില്‍ നിന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു. തുരങ്കത്തിനുള്ളില്‍ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി തയ്യാറാക്കിയ സ്റ്റീല്‍ കമ്പി വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഗ്രൈന്‍ഡറുകള്‍, ഗ്യാസ് കട്ടറുകള്‍, റോട്ടറി റെസ്‌ക്യൂ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് നേപ്പാള്‍ സൈനിക ആസ്ഥാനം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളില്‍ ഗതാഗതം സാധാരണ നിലയിലായി. ദുരന്തബാധിതമായ മറ്റ് സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകരുടെ തിരച്ചില്‍ തുടരുകയാണ്. നേപ്പാള്‍-തിബറ്റ് അതിര്‍ത്തിക്ക് സമീപത്തുണ്ടായ മഞ്ഞും പാറയും അടര്‍ന്നുവീണുള്ള ഉരുള്‍പൊട്ടലാണ് ഭോട്ടെകോശി മിന്നല്‍ പ്രളയത്തിന് കാരണമായത്. വടക്കന്‍, മധ്യ നേപ്പാളിലെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും പ്രളയം തകര്‍ത്തെറിഞ്ഞു. പ്രളയത്തില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം കുറഞ്ഞത് 1,410 പേര്‍ കൊല്ലപ്പെടുകയും 6,145 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 13,756-ലധികം ആളുകളെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ രക്ഷപ്പെടുത്തി.

അപ്പര്‍ ത്രിശൂലി-1 പദ്ധതിയിലെ തുരങ്കത്തിനുള്ളില്‍ ചെളിക്കടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് അവിടെ തിരച്ചില്‍ തുടരുകയാണ്. കാണാതായ തൊഴിലാളികളെ കണ്ടെത്താനായി വിദേശ സാങ്കേതിക വിദഗ്ധരടങ്ങുന്ന ഒരു സംയുക്ത സംഘം നേരത്തെ തന്നെ പദ്ധതിയുടെ പ്രധാന തുരങ്കത്തിനുള്ളിലേക്ക് ഏകദേശം 400 മീറ്ററോളം പ്രവേശിച്ചിരുന്നു.

റാസുവഗധി, റാസുവ ഭോട്ടെകോശി, ലാങ്ടാങ്, ത്രിശൂലി-3A, അപ്പര്‍ ത്രിശൂലി-3B തുടങ്ങിയ മറ്റ് നിരവധി ജലവൈദ്യുത പദ്ധതികളിലും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ചിലിമെ ജലവൈദ്യുത പദ്ധതിയില്‍, ഇന്ത്യന്‍-നേപ്പാളി രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ചെളിയും മണ്ണും നീക്കം ചെയ്ത് കഴിഞ്ഞ ദിവസം ഭൂഗര്‍ഭ പവര്‍ഹൗസിലെത്തുകയും തുരങ്കത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ആരെയും ജീവനോടെ കണ്ടെത്താനായില്ല.

അതേസമയം, ഹെറ്റൗഡയെയും കാഠ്മണ്ഡുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളായ ത്രിഭുവന്‍, കാന്തി ഹൈവേകളില്‍ വെള്ളിയാഴ്ച മുതല്‍ ഇരുവശത്തേക്കുമുള്ള സാധാരണ ഗതാഗതം പുനരാരംഭിച്ചതായി മകവാന്‍പൂര്‍ ജില്ലാ ഭരണകൂട ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സന്തോഷ് സുബേദി അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ധാഡിംഗ് ജില്ലയിലെ പൃഥ്വി ഹൈവേയുടെ കൃഷ്ണഭീര്‍ ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണിത്.

Content Highlights:
Six more bodies have been recovered following severe flash floods in Nepal. Search and rescue operations are ongoing across affected regions to locate missing persons. Heavy rainfall continues to cause widespread damage and disruption to normal life.

Latest