Kerala
എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി; പാനൂര്‍ എന്‍എഎം കോളജ് താല്‍ക്കാലികമായി അടച്ചു
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ കയറി പ്രതിഷേധിച്ചു.
കണ്ണൂര്‍| പാനൂര്‍ കല്ലിക്കണ്ടി എന്‍എഎം കോളജില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിന്‍സിപ്പാള്‍ എ പി ഷമീര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ദാനിഷിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനിടെയാണ് സംഭവമെന്നാണ് പരാതി.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ കയറി പ്രതിഷേധിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസുകളില്‍ കയറി പ്രചാരണം നടത്താന്‍ അനുമതി നിഷേധിച്ച അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് യൂണിയന്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് ചെയര്‍മാനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ ചേംബറിലേക്ക് അതിക്രമിച്ച് എത്തിയതെന്നാണ് ആരോപണം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോളജ് താല്‍ക്കാലികമായി അടച്ചു.
Content Highlights:
NAM College Principal AP Shameer was hospitalized after allegedly being assaulted by MSF activists in Panur. The protest was held demanding the revocation of Union Chairman Muhammad Danish’s suspension. Following the breach and tension, the college authorities have temporarily shut down the institution.



