From the print
നോക്കൗട്ടിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും
ഗ്രൂപ്പ് എഫിലെ ആവേശകരമായ അവസാന മത്സരത്തിൽ സ്വീഡനെ 1-1ന് സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ടിൽ കടന്നത്.
ടെക്സസ് | ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും. ഗ്രൂപ്പ് എഫിലെ ആവേശകരമായ അവസാന മത്സരത്തിൽ സ്വീഡനെ 1-1ന് സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ടിൽ കടന്നത്. മൂന്നാം സ്ഥാനക്കാരായി സ്വീഡനും അടുത്ത റൗണ്ടിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32ൽ ഫ്രാൻസ്, നോർവേ, ജർമനി, അല്ലെങ്കിൽ സ്വിറ്റ്സർലാൻഡ് എന്നിവരിൽ ഏതെങ്കിലുമൊരു ടീം ആയിരിക്കും സ്വീഡന്റെ എതിരാളി.
ആദ്യ പകുതി തികച്ചും വിരസമായിരുന്നു. ഇരു ടീമുകളും വലിയ ആവേശമൊന്നും കാണിക്കാതെ ഗോൾരഹിത സമനിലയിൽ കളി മുന്നോട്ടു കൊണ്ടുപോകാനാണ് താത്പര്യപ്പെടുന്നതെന്ന് തോന്നിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 56ാം മിനുട്ടിൽ മനോഹരമായൊരു മുന്നേറ്റത്തിനൊടുവിൽ ഡെയ്‌സൻ മയേഡ ജപ്പാനെ മുന്നിലെത്തിച്ചു. റിറ്റ്‌സു ഡോവൻ നൽകിയ മനോഹരമായ ത്രൂ ബോൾ മയേഡ കൃത്യതയാർന്ന ഷോട്ടിലൂടെ വലയിലെത്തിച്ചു.
എന്നാൽ ലീഡിന് ഏതാനും മിനുട്ടുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 20 വാര അകലെ നിന്നുതിർത്ത കരുത്തുറ്റ ഷോട്ടിലൂടെ ആന്റണി എലാംഗ സ്വീഡന് സമനില നൽകി. വിക്ടർ ഗ്യോകെറസ് ആയിരുന്നു അസ്സിസ്റ്റ്. ന്യൂകാസിൽ യുനൈറ്റഡ് വിംഗറായ എലാംഗ ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ ആദ്യമായി ഇടംപിടിച്ച മത്സരം കൂടിയായിരുന്നു ഇത്.
സമനില ഗോളിനു ശേഷം സ്വീഡൻ കളം നിറഞ്ഞുകളിച്ചെങ്കിലും അലക്‌സാണ്ടർ ഇസാക്കിന്റെയും എലാംഗയുടെയും ഗോളെന്നുറപ്പിച്ച ശ്രമങ്ങൾ ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കി തട്ടിയകറ്റി.
Content Highlights:
Japan will face Brazil in the FIFA World Cup knockout round after a 1-1 draw with Sweden in Texas. Daizen Maeda scored for Japan in the 56th minute, but Anthony Elanga equalized for Sweden shortly after. Sweden also advanced to the Round of 32 as one of the best third-placed teams.



