Connect with us

Articles

കേരളം ലഹരിയെ പൂട്ടും, വിട്ടുവീഴ്ചകളില്ലാതെ

സാധാരണ റെയ്ഡുകള്‍ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസ്സപ്പെടുത്തുമ്പോള്‍, ഓപറേഷന്‍ തൂഫാന്‍ അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസ്സിന്റെയും നട്ടെല്ലൊടിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വരുംതലമുറയുടെ സുരക്ഷക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ട് തന്നെ പോകും.

Published

|

Last Updated

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വന്‍തോതില്‍ കറുപ്പ് ഉത്പാദിപ്പിച്ച് ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തിയിരുന്നു. ചൈനയില്‍ നിന്ന് ചായ, പട്ട്, മണ്‍പാത്രങ്ങള്‍ എന്നിവ വാങ്ങാന്‍ ബ്രിട്ടന് വലിയ തോതില്‍ വെള്ളി പകരം നല്‍കേണ്ടി വന്നിരുന്നു. ഈ സാമ്പത്തിക നഷ്ടം നികത്താനാണ് അവര്‍ ചൈനീസ് ജനതയെ ലഹരിക്ക് അടിമകളാക്കി കറുപ്പ് വിറ്റ് പകരം വെള്ളി തിരികെ പിടിക്കാന്‍ തുടങ്ങിയത്. ഇത് ചൈനയിലെ കോടിക്കണക്കിന് യുവാക്കളെയും സൈനികരെയും ലഹരിക്ക് അടിമകളാക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു.

ലഹരി വിപത്ത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചപ്പോള്‍, 1838ന്റെ അവസാനത്തില്‍ ക്വിംഗ് ചക്രവര്‍ത്തി അതീവ കര്‍ക്കശക്കാരനും അഴിമതിരഹിതനുമായ ലിന്‍ സക്‌സു എന്ന ഉദ്യോഗസ്ഥനെ ലഹരി നിര്‍മാര്‍ജനത്തിനായുള്ള സ്‌പെഷ്യല്‍ ഇംപീരിയല്‍ കമ്മീഷണറായി നിയമിച്ചു. കറുപ്പ് കച്ചവടം കേവലമൊരു ബിസിനസ്സല്ല, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലിന്‍ സെക്‌സു ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്ക് കത്തയച്ചു. ‘നിങ്ങളുടെ രാജ്യത്ത് നിരോധിച്ച ഒരു വിഷം എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ മക്കള്‍ക്ക് നല്‍കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബ്രിട്ടീഷ് കച്ചവടക്കാര്‍ വഴങ്ങാതിരുന്നപ്പോള്‍, ലിന്‍ സെക്‌സു ചൈനീസ് പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് വിദേശ വ്യാപാരികളുടെ വെയര്‍ഹൗസുകളും കപ്പലുകളും ഉപരോധിച്ചു. 1839 മാര്‍ച്ചില്‍ ആരംഭിച്ച ശക്തമായ നടപടികളിലൂടെ വിദേശികളില്‍ നിന്നും സ്വദേശികളില്‍ നിന്നുമായി ഏകദേശം 26 ലക്ഷം പൗണ്ട് (ഏകദേശം 12 ലക്ഷം കിലോഗ്രാം) കറുപ്പ് അവര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് 1839 ജൂണ്‍ മൂന്ന് മുതല്‍ 25 വരെ നീണ്ടുനിന്ന 23 ദിവസത്തെ വന്‍ ദൗത്യത്തിലൂടെ ഗ്വാംഗ്ഡോങ്ങിലെ ‘ഹുമന്‍’ കടല്‍ത്തീരത്ത് വലിയ കുഴികളെടുത്ത്, ഉപ്പുവെള്ളവും കുമ്മായവും ചേര്‍ത്ത് ഈ കറുപ്പ് മുഴുവന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് പൂര്‍ണമായി നശിപ്പിച്ചു കളഞ്ഞു. ലഹരി മാഫിയക്കെതിരെ ഒരു രാജ്യം ഒരൊറ്റ മനസ്സോടെ പോരാടി വിജയം കുറിച്ച ഈ ചരിത്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസത്തെ ഓര്‍മപ്പെടുത്തലായാണ്, 1987ല്‍ ഐക്യരാഷ്ട്രസഭ സമ്മേളനം ചേര്‍ന്നപ്പോള്‍ ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി നിശ്ചയിക്കപ്പെട്ടത്.

ഇന്ന് കേരളത്തില്‍ നടത്തുന്ന ‘തൂഫാന്‍ സ്‌ട്രൈക്കിന്’ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ആദ്യ ആഗോള മാതൃകയായിരുന്നു അത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം, ലഹരി മാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ അതേ ആര്‍ജവത്തോടെ കേരളത്തിന്റെ മണ്ണും ഒരുങ്ങിക്കഴിഞ്ഞു. സമാനതകളില്ലാത്ത നാര്‍ക്കോ വേട്ടയാണ് ഓപറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്. പതിവായി കാണുന്ന മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം, ‘ഓപറേഷന്‍ തൂഫാന്‍’ ഇന്ത്യയുടെ ക്രമസമാധാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗം, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനം കൊണ്ടാണ്. ആഭ്യന്തരം, എക്‌സൈസ്, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങി വിഭിന്നങ്ങളായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമാവധി ശേഷിയും ഇന്റലിജന്‍സ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവെച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിര്‍വഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.

ശക്തമായ നിയമപാലനവും ബോധവത്കരണവും അതിജീവന പിന്തുണയും ഒരു പോലെ ഉറപ്പ് വരുത്തുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ വന്‍ ദൗത്യത്തെ ആദ്യഘട്ടത്തില്‍ മികവുറ്റതാക്കിയത്. ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന ‘തൂഫാന്‍ സ്‌ട്രൈക്കും’, പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന ‘തൂഫാന്‍ വാരിയേഴ്സും, ലഹരിയുടെ കെണിയില്‍ അകപ്പെട്ട മക്കളെ കൈപിടിച്ചുയര്‍ത്തുന്ന ‘തൂഫാന്‍ കെയറും’ ഒരുപോലെ സജീവമായപ്പോള്‍ അസാധ്യമെന്ന് കരുതിയത് സാധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എം എല്‍ എമാരുടെ നേതൃത്വത്തില്‍ ‘തൂഫാന്‍ ജനസഭ’ സംഘടിപ്പിക്കും. ആദ്യ തൂഫാന്‍ ജനസഭ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മുന്‍കാല ഡാറ്റകള്‍ പരിശോധിച്ചാല്‍, മയക്കുമരുന്ന് കേസുകളുടെ രജിസ്‌ട്രേഷനില്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളുടെ മുന്‍നിരയിലായിരുന്നു കേരളത്തിന്റെ സ്ഥാനം. നമ്മുടെ യുവതലമുറയെ ലക്ഷ്യമിട്ട് ലഹരി മാഫിയകള്‍ എത്രത്തോളം ആഴത്തിലാണ് ഇവിടെ വലക്കണ്ണികള്‍ നെയ്തിരിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവായിരുന്നു അത്. എന്നാല്‍, ഈ യാഥാര്‍ഥ്യത്തെ ഭയത്തോടെയല്ല, മറിച്ച് അങ്ങേയറ്റത്തെ ആര്‍ജവത്തോടെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്ര ദൗത്യത്തിന് രൂപം നല്‍കിയിരിക്കുന്നത്. ‘ഓപറേഷന്‍ തൂഫാന്‍’ ആരംഭിച്ച് കൃത്യമായ ഇടവേളകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകള്‍ വലിയ തോതില്‍ താഴേക്ക് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. സധൈര്യം ലഹരിയുടെ വേരുകളിലേക്ക് നേരിട്ട് കത്തിവെച്ചപ്പോള്‍ കേരളം രാജ്യത്തിന് ഒരു മാതൃക കൂടിയാണ് കാഴ്ചവെക്കുന്നത്.

കരയിലോ കടലിലോ വിമാനത്താവളങ്ങളിലോ വെച്ച് ഒരൊറ്റ പരിശോധനയില്‍ വലിയ അളവ് മയക്കുമരുന്ന് പിടികൂടുന്ന പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ജനവാസ മേഖല കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തി ഓപറേഷന്‍ തൂഫാന്‍ പുതിയ ചരിത്രം കുറിക്കുകയാണ്. ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഒളിച്ചുതാമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിര്‍ത്തി കടന്ന് ചെന്ന് പൂട്ടാന്‍ നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. ഒടുവില്‍ ഒരു ഇടവേളയെടുക്കാന്‍ ഈ മരണത്തിന്റെ വ്യാപാരികള്‍ തീരുമാനിക്കുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ മൗനം താത്കാലികമാണ് എന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ച് ഓപറേഷന്‍ തൂഫാന്‍ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്ര സുരക്ഷാ ഏജന്‍സികളിലേക്കും സി ആര്‍ പി എഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും നാമിപ്പോള്‍ ഈ ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ്. കേന്ദ്ര- സംസ്ഥാന ഏജന്‍സികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം പൂര്‍ണമായി അടയ്ക്കാനും നാര്‍ക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസ്സിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

ലഹരിക്കെതിരെയുള്ള ഈ പടയോട്ടത്തില്‍ കേരള പോലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസ്സോടെ അണിനിരക്കുന്ന തൂഫാന്‍ വാറിയേര്‍സായി. പൊതുജനങ്ങളുടെ ഈ ജാഗ്രതാ കണ്ണുകള്‍ നിയമപാലകര്‍ക്ക് കരുത്തായി. ഭരണകൂടത്തിന്റെ ആജ്ഞാശക്തിയും ജനങ്ങളുടെ വലിപ്പച്ചെറുപ്പമില്ലാത്ത ഈ സജീവ പങ്കാളിത്തവും ഒന്നുചേരുമ്പോള്‍, ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനകീയ പ്രതിരോധ മുന്നേറ്റമായി ഓപറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട് മാറിക്കഴിഞ്ഞു.

സാധാരണ റെയ്ഡുകള്‍ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസ്സപ്പെടുത്തുമ്പോള്‍, ഓപറേഷന്‍ തൂഫാന്‍ അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസ്സിന്റെയും നട്ടെല്ലൊടിക്കുകയാണ് ചെയ്യുന്നത്. ലഹരിക്കെതിരെയുള്ള ഈ മഹാപോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ വരുംതലമുറയുടെ സുരക്ഷക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ട് തന്നെ പോകും.

 

Latest