Connect with us

vazhivilakku

വീട്ടില്‍ ഹിജ്റ കലണ്ടറുണ്ടോ?

ഹിജ്റ കലണ്ടര്‍ വേറെ ഒരു കലണ്ടര്‍ മാത്രമല്ല. ആരാധനാകര്‍മങ്ങളുടെ അടിസ്ഥാനമായി കൂടെ ഉണ്ടാകേണ്ട കാര്യമാണ്. അതിനാല്‍ ഈ കലണ്ടറിലെ മാസങ്ങളും ദിവസങ്ങളും കൃത്യമായി ശ്രദ്ധിക്കുകയും ജന്മദിനം, ബിസിനസ്സിന്റെ തുടക്കം തുടങ്ങിയ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ ഹിജ്റ തീയതി ഓര്‍ത്തുവെക്കുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമും നിര്‍ബന്ധമായും കൂടെ കൂട്ടേണ്ട ശീലമാണ്.

Published

|

Last Updated

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന സമൂഹമെന്ന നിലക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് സൂര്യപഞ്ചാംഗത്തെ അവലംബിക്കുന്നവരാണ് നാം. എന്നാല്‍ ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും തീയതി കുറിക്കാനും കാലം ഗണിക്കാനും ചന്ദ്രനെ അവലംബിച്ച് ക്രമപ്പെടുത്തിയ ഹിജ്റ കലണ്ടര്‍ ജീവിതത്തിന്റെ ഭാഗമാകേണ്ടത് മുസ്ലിംകള്‍ക്ക് അനിവാര്യമാണ്.

ഇസ്ലാമിക രാഷ്ട്രം വികസിച്ചപ്പോള്‍ ഔദ്യോഗിക കലണ്ടര്‍ ആവശ്യമായി വന്നു. ഉമര്‍(റ) ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്വഹാബികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. ആ സംഗമത്തിലെ തീരുമാനമാണ് ഹിജ്റ കലണ്ടര്‍ എന്ന പേരില്‍ പുതിയ വര്‍ഷഗണനാരീതി ആരംഭിക്കുക എന്നത്. വര്‍ഷം ഏത് സംഭവത്തില്‍ നിന്ന് തുടങ്ങണം എന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. തിരുനബി(സ)യുടെ പലായനത്തെ അടിസ്ഥാനമാക്കാം എന്ന അലി(റ)വിന്റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ഏത് മാസം മുതല്‍ വര്‍ഷം തുടങ്ങണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. അറബികളുടെ പണ്ടുമുതലേ ഉള്ള പതിവനുസരിച്ച് മുഹര്‍റം ആദ്യത്തെ മാസമായും നിശ്ചയിച്ചു. ക്രിസ്തു വര്‍ഷത്തില്‍ സാധാരണ ഗതിയില്‍ 365 ദിവസവും അധിവര്‍ഷത്തില്‍ 366 ദിവസവുമാണ് ഉണ്ടാകുക. ഹിജ്റ വര്‍ഷത്തിലേക്ക് വരുമ്പോള്‍ 354 അല്ലെങ്കില്‍ 355 ദിവസമാണ് ഒരു വര്‍ഷത്തെ ആകെ ദിവസങ്ങള്‍. അപ്പോള്‍ രണ്ട് കലണ്ടറുകളും തമ്മില്‍ 11 ദിവസത്തെ മാറ്റമുണ്ടാകും.

ഇസ്ലാമിക കര്‍മശാസ്ത്രത്തിലും ദൈനംദിന ജീവിതത്തിലും ഹിജ്റ കലണ്ടറിന് വലിയ പ്രാധാന്യമാണുള്ളത്. ഇസ്ലാമിലെ അടിസ്ഥാന ആരാധനകളും നിയമപരമായ പല വിധികളും പൂര്‍ണമായും ചന്ദ്രന്റെ ചലനത്തെയും ഹിജ്റ മാസങ്ങളെയും അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലെ പ്രധാന ആരാധനകളെല്ലാം ഹിജ്റ കലണ്ടറിലെ മാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ ഉപയോഗിച്ച് ഇവ നിര്‍ണയിക്കാന്‍ സാധിക്കില്ല. റമസാനിലെ നോമ്പ് തുടങ്ങുന്നതും അവസാനിക്കുന്നതും ചന്ദ്രപ്പിറവിയെ ചുറ്റിപ്പറ്റിയാണ്. ഹജ്ജിന്റെ സമയവും സകാതിന്റെ വര്‍ഷ പൂര്‍ത്തീകരണവും ഇപ്രകാരം തന്നെയാണ്. സ്ത്രീയുടെ ഇദ്ദ, പ്രായപൂര്‍ത്തിയാകല്‍, രണ്ട് മാസം തുടര്‍ച്ചയായി നിര്‍വഹിക്കേണ്ടി വരുന്ന നോമ്പുകള്‍ എന്നിവക്കെല്ലാം ഹിജ്റ കലണ്ടര്‍ തന്നെയാണ് ആധാരം.

ചുരുക്കത്തില്‍ ഹിജ്റ കലണ്ടര്‍ വേറെ ഒരു കലണ്ടര്‍ മാത്രമല്ല. ആരാധനാകര്‍മങ്ങളുടെ അടിസ്ഥാനമായി കൂടെ ഉണ്ടാകേണ്ട കാര്യമാണ്. അതിനാല്‍ ഈ കലണ്ടറിലെ മാസങ്ങളും ദിവസങ്ങളും കൃത്യമായി ശ്രദ്ധിക്കുകയും ജന്മദിനം, ബിസിനസ്സിന്റെ തുടക്കം തുടങ്ങിയ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ ഹിജ്റ തീയതി ഓര്‍ത്തുവെക്കുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമും നിര്‍ബന്ധമായും കൂടെ കൂട്ടേണ്ട ശീലമാണ്. കലണ്ടറുകള്‍ തന്നെയും ആണിയിറങ്ങിപ്പോകുന്ന കാലത്ത് എത്ര പേരുടെ ചുവരില്‍ ഹിജ്റ കലണ്ടറുണ്ടാകും എന്ന ചോദ്യം പ്രധാനപ്പെട്ടതാകുന്നത് അതുകൊണ്ട് കൂടിയാണ്.

 

---- facebook comment plugin here -----

Latest