National
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭംവം: സി ഇ ഒ കാംബെൽ വിൽസണെ വിളിച്ചുവരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം
വിമാനത്തിലെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
ന്യൂഡൽഹി | ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ പൊടുന്നനെ 300 അടിയോളം താഴോട്ട് പതിച്ച സംഭവത്തിൽ നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ രാജിവെച്ചൊഴിയുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) കാംബെൽ വിൽസണെ സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. സുരക്ഷാ വീഴ്ചകളും പ്രവർത്തന പരമായ ആശങ്കകളും മുൻനിർത്തി മന്ത്രാലയം പരിശോധന കർശനമാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എ ഐ 2379 എന്ന എയർബസ് എ 320 (Airbus A320) വിമാനം ആകാശത്തു വെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. 137 യാത്രക്കാരും മൂന്ന് കുഞ്ഞുങ്ങളും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ക്രൂയിസിംഗിനിടെയുണ്ടായ ശക്തമായ കാറ്റ് (Air Turbulence) കാരണമെന്നാണ് എയർ ഇന്ത്യ ആദ്യം വിശദീകരിച്ചതെങ്കിലും സംഭവത്തെ വിമാന അപകട അന്വേഷണ ബ്യൂറോ (AAIB) അന്വേഷിക്കേണ്ട ഗുരുതരമായ സംഭവമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (DGCA) വർഗ്ഗീകരിച്ചു. വിമാനത്തിലെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

പരിക്കേറ്റ 13 യാത്രക്കാരെയും നാല് ക്യാബിൻ ക്രൂ അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേർ ഡിസ്ചാർജ് ആയിട്ടുണ്ട്. ലാൻഡിംഗിന് ശേഷം ഇരു പൈലറ്റുമാരെയും ലഹരിമരുന്ന് പരിശോധനയ്ക്ക് (Psychoactive Substance Screening) വിധേയരാക്കി. പൈലറ്റ് ഇൻ കമാൻഡിന്റെ പ്രാഥമിക പരിശോധനാ ഫലം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ ലാബ് പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ചുമതലകളിൽ നിന്ന് നീക്കി.
ഓട്ടോ പൈലറ്റ് വിച്ഛേദിക്കപ്പെട്ടതും ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാറുകളും ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങളും വിമാനത്തിനുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ അനുസരിച്ച് എയർബസും ഫ്രാൻസിന്റെ അപകട അന്വേഷണ ഏജൻസിയായ ബി ഇ എ യും എ എ ഐ ബി യെ അന്വേഷണത്തിൽ സഹായിക്കും. വ്യോമയാന സെക്രട്ടറി, എ എ ഐ ബി, ഡി ജി സി എ എന്നിവരിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് കാംബെൽ വിൽസണെ വിളിപ്പിച്ചത്.
സെപ്റ്റംബർ 30-ന് നോട്ടീസ് കാലാവധി പൂർത്തിയാക്കുന്ന വിൽസണ് പകരം എത്യോപ്യൻ എയർലൈൻസ് മുൻ മേധാവി ടെവോൾഡെ ഗെബ്രെമറിയം പുതിയ സി ഇ ഒ ആയി ചുമതലയേൽക്കും.
Content Highlights
Civil Aviation Ministry summoned outgoing Air India CEO Campbell Wilson following the AI2379 Phuket-Delhi flight incident where 300-feet drop injured 17 people. Both pilots have been derostered pending AAIB investigation.


