Kerala
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷം; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ വലയുന്നു
മിക്ക വകുപ്പുകളിലെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളും ഫാര്‍മസിയില്‍ കിട്ടുന്നില്ല
ആലപ്പുഴ | സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷമായി തുരടരുന്നതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മരുന്നു ലഭിക്കാതെ രോഗികള്‍ വലയുന്നു. മിക്ക വകുപ്പുകളിലെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളും ഫാര്‍മസിയില്‍ കിട്ടുന്നില്ല. വിലകൂടിയ മരുന്നുകള്‍ ഒന്നും കിട്ടുന്നില്ലെന്നും രോഗികള്‍ പരാതിപ്പെട്ടു.
ഉയര്‍ന്ന വിലകൊടുത്ത് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. ഓര്‍ഡര്‍ നല്‍കിയ മരുന്നുകള്‍ കിട്ടാനുള്ള കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്യാന്‍സര്‍ പ്രതിരോധം, കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കെല്ലാം ക്ഷാമം നേരിടുകയാണ്. ജീവിത ശൈലി രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് സ്ഥിരം മരുന്നുകഴിക്കുന്നവര്‍ ആശുപത്രിയില്‍ എത്തി മരുന്നു കിട്ടാതെ തിരിച്ചു പോവുകയാണ്.
മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാന്‍ പരമാവധി ലോക്കല്‍ പര്‍ച്ചേസ് നടത്താനാണ് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭീമമായ കുടിശ്ശികയുള്ളതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്നുകളും ഉപകരണങ്ങളും നല്‍കാന്‍ സ്വകാര്യ വിതരണക്കാര്‍ വിസമ്മതിക്കുകയാണ്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉയര്‍ന്ന വിലയുള്ളവയാണ്. ഇത് പുറത്തുനിന്നു വാങ്ങാന്‍ കഴിയാതെ കുഴങ്ങുകയാണ് രോഗികള്‍.
Content Highlights: Patients at Alappuzha Medical College face severe hardships due to an ongoing shortage of essential medicines across hospital pharmacies. Critical drugs for diabetes, hypertension, epilepsy, and cancer chemotherapy are currently unavailable, forcing patients to buy them at high costs outside. Unpaid government dues to private suppliers and delays in purchase orders have severely disrupted the supply chain.


