Connect with us

International

അമേരിക്ക വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ ഹോര്‍മുസ് ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുമെന്ന് ഇറാന്‍

ഹോര്‍മുസ് വീണ്ടും തുറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു കരാര്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

Published

|

Last Updated

അബ്ബാസ് അരാഗ്ചി ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുന്നു

ന്യൂയോര്‍ക്ക് | ആവശ്യമായ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ സമുദ്രഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു കരാര്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ചതായും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അരാഗ്ചി.

ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി തീരുമാനം അമേരിക്കയുടേതാണെന്നും ഖത്തര്‍ വഴിയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്ക സ്വീകരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അമേരിക്ക സ്വീകരിക്കേണ്ട നടപടികള്‍ പുതിയതല്ല. അവയെല്ലാം ധാരണാപത്രത്തില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം. കരാറിലെത്താനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയ്ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ തയ്യാറാണ് എന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നുമാണ് യു എസ് പ്രതികരിച്ചത്. ഇതുവരെ സാധ്യമാകാതെ പോയ ഇറാനുമായുള്ള ഒരു കരാര്‍ നവംബറിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി കഴിഞ്ഞ ദിവസം യു എന്‍ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Iranian Foreign Minister Abbas Araghchi stated that Iran has presented a proposal to the US via Qatar to reopen the Strait of Hormuz within seven days. The plan relies on terms from a previously signed memorandum of understanding between both nations. However, US officials stated they are in no rush as Washington currently maintains control over the waterway.

Latest