articles
ധർമേന്ദ്ര പ്രധാന് ശേഷം ഗ്യാനേഷ്..
ഭരണഘടന അത്യുന്നത പീഠത്തിൽ പ്രതിഷ്ഠിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാറിന്റെ നിഴൽവകുപ്പ് മാത്രമായി അധഃപതിപ്പിച്ചുവെന്നതാണ് ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും ചവിട്ടിമെതിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ രാജ്യത്ത് ഉയർന്നുവരുന്ന ജനരോഷം തികച്ചും സ്വാഭാവികമാണ്.
രാജ്യത്തിന്റെ തെരുവുകൾ ഒരു ഇടവേളക്കു ശേഷം വീണ്ടും ഉണരുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട പ്രക്ഷോഭങ്ങൾക്കു ശേഷം, ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായാണ് മുറവിളിയുയരുന്നത്. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സുതാര്യവും സുന്ദരവുമായ ഒന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ മാത്രമാണ് രാജ്യത്തിന്റെ ഭാവിയെയും ജനാധിപത്യ മൂല്യങ്ങളെയും സമ്പന്നമാക്കുന്നത്. ഓരോ പൗരന്റെയും പരമാധികാര അവകാശമാണ് വോട്ടവകാശം. എന്നാൽ സമീപകാലത്തായി നമ്മുടെ രാജ്യത്ത് ജനാധിപത്യതത്ത്വങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവവും വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ അവരോധിച്ചത് മുതൽ നാടകീയ സംഭവങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്നത്. 2024 മാർച്ചിൽ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഇലക്‌ഷൻ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഭരണഘടനാ തത്ത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് കൈക്കൊണ്ട നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതക്കു മേൽ കരിനിഴൽ വീഴ്ത്തുന്നതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 2024 മാർച്ച് ഒന്പതിന്, ഇലക്‌ഷൻ കമ്മീഷണറായിരുന്ന അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവെച്ചു. ഒരു കമ്മീഷണറുടെ ഒഴിവ് നിലവിലുണ്ടായിരുന്നതിനാൽ, മൂന്നംഗ കമ്മീഷനിൽ മുഖ്യ കമ്മീഷണർ രാജീവ് കുമാർ മാത്രമായി. ഈ അടിയന്തര സാഹചര്യമാണ് പെട്ടെന്നുള്ള നിയമനങ്ങൾക്ക് വഴിയൊരുക്കിയത്. ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് നിയമനം നടത്താൻ സർക്കാറിന്റെ ഭാഗത്തുനിന്ന് അതിവേഗ നീക്കങ്ങളാണുണ്ടായത്. നിയമന സെലക്്ഷൻ കമ്മിറ്റിയുടെ യോഗം മാർച്ച് 15ന് നടക്കേണ്ടതായിരുന്നെങ്കിലും 14ലേക്ക് തിടുക്കപ്പെട്ട് മാറ്റി നിശ്ചയിക്കുകയായിരുന്നു.
ഇതിനേക്കാളൊക്കെ ഗൗരവമേറിയ വിഷയം നിയമന സമിതിയിൽ വരുത്തിയ മാറ്റങ്ങളായിരുന്നു. കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നായിരുന്നു 2023 മാർച്ചിലെ സുപ്രീം കോടതി വിധി. എന്നാൽ, കേന്ദ്ര സർക്കാർ ഇതിനായി പുതിയ നിയമം കൊണ്ടുവരികയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് സർക്കാറിന് കമ്മിറ്റിയിൽ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ അവസരമൊരുക്കി എന്ന ശക്തമായ വിമർശം ഉയർന്നു.
ഈ നടപടികളോട് പ്രതിപക്ഷം കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. സെലക്്ഷൻ കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധിയായ കോൺഗ്രസ്സ് നേതാവ് അധീർ രഞ്ജൻ ചൗധരി യോഗത്തിൽ കടുത്ത എതിർപ്പ് അറിയിച്ചു. യോഗത്തിന് തൊട്ടുമുമ്പ് മാത്രമാണ് 200ഓളം പേരടങ്ങിയ കൂറ്റൻ പട്ടിക തനിക്ക് ലഭിച്ചതെന്നും അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോരുത്തരെയും കുറിച്ച് പഠിക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ പേരുകൾ സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആരോപിച്ച അദ്ദേഹം നിയമനത്തിൽ കടുത്ത എതിർപ്പുകൾ ഉന്നയിച്ചു. നിർദിഷ്ട നിയമത്തിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതിയുടെ തീരുമാനമുണ്ടാകുന്നതിന് മുന്പ് തന്നെ കേന്ദ്ര സർക്കാർ നിയമനം പൂർത്തിയാക്കാൻ തിരക്കുകൂട്ടുകയും കേസുകൾ പരിഗണനയിലിരിക്കെത്തന്നെ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും ചുമതലയേൽക്കുകയുമാണുണ്ടായത്. സർക്കാർ സ്‌പോൺസേഡ് കമ്മീഷണർ സർക്കാറിന് എല്ലാവിധ ഒത്താശയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അധികാരമേറ്റെടുത്തതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയെയും ആഭ്യന്തര ജനാധിപത്യത്തെയും തകർക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. മൂന്നംഗ കമ്മീഷനിൽ സുതാര്യമായ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും തീരുമാനങ്ങൾ എടുക്കണമെന്ന നിയമാവലികൾ നിലനിൽക്കെ, മറ്റു രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെ പൂർണമായി അവഗണിച്ചുകൊണ്ട് പ്രധാന ഉത്തരവുകൾ കൈക്കൊണ്ടു. പത്ത് മാസത്തിനിടെ 14ലധികം തവണയാണ് കമ്മീഷണർമാർ ഔദ്യോഗികമായി എതിർപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തിയത്. കമ്മീഷന്റെ പേരിൽ തങ്ങളറിയാതെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെ ക്യാബിനറ്റ് സെക്രട്ടറിക്ക് വരെ സഹ കമ്മീഷണർമാർക്ക് കത്തെഴുതേണ്ടിവന്ന അവസ്ഥ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിലെ അപൂർവവും ലജ്ജാകരവുമായ സംഭവമാണ്.
പൗരന്മാരുടെ പരമാധികാര അവകാശമായ വോട്ടവകാശത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിച്ചുകൊണ്ട് വോട്ടർപ്പട്ടിക പരിഷ്‌കരണ പ്രക്രിയകളെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. “സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ് ഐ ആർ) എന്ന പേരിൽ വലിയതോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നപ്പോൾ, പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി. അപേക്ഷിക്കുന്ന യുവതലമുറയോട് അവരുടെ മാതാപിതാക്കളുടെയോ മുത്തശ്ശിമാരുടെയോ വോട്ടർ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ പ്രക്രിയ സങ്കീർണമാക്കി. ഈ നടപടി പൂർണമായും അനധികൃതവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷനിൽ നിന്നുതന്നെ വിയോജിപ്പ് ഉയർന്നിട്ടും ഏകപക്ഷീയമായ നീക്കങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു.
വോട്ടർപ്പട്ടിക സുതാര്യമായി തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ (ഇ ആർ ഒ) പ്രാദേശിക അധികാരങ്ങൾ കവർന്നെടുത്ത് വോട്ടർ ഡാറ്റയുടെ പൂർണനിയന്ത്രണം ഐ ടി വിഭാഗത്തിന് കീഴിൽ കേന്ദ്രീകരിച്ചു. ഇലക്്ഷൻ കമ്മീഷന്റെ സ്വതന്ത്രവും വികേന്ദ്രീകൃതവുമായ സ്വഭാവത്തിന് തിരിച്ചടിയായ ഈ നടപടിക്കെതിരെ കമ്മീഷനുള്ളിൽ കടുത്ത ആശങ്ക ഉയർന്നു. ഗോവയിലും പശ്ചിമ ബംഗാളിലും വോട്ടവകാശം തിരികെ നൽകാൻ കോടതികളും പ്രാദേശിക ഉദ്യോഗസ്ഥരും നിർദേശിച്ചിട്ടും സോഫ്്റ്റ്്വെയർ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അവരെ പട്ടികക്ക് പുറത്തുനിർത്തി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനുശേഷവും ഭരണകക്ഷിക്ക് അനുകൂലമായ നിലപാടുകളാണ് കമ്മീഷൻ സ്വീകരിച്ചത്. ഓരോ പോളിംഗ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടിന്റെ കൃത്യമായ വിവരങ്ങൾ അടങ്ങിയ “ഫോം 17C’ ഡാറ്റ ദിവസങ്ങളോളം പുറത്തുവിടാതിരുന്നത് വലിയ സംശയങ്ങൾക്ക് ഇടയാക്കി. പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ ഭരണകക്ഷി നേതാക്കൾക്കെതിരെ പരാതികൾ ലഭിച്ചപ്പോൾ കണ്ണടക്കുകയും എന്നാൽ പ്രതിപക്ഷ നേതാക്കൾക്ക് ഉടനടി നോട്ടീസ് അയക്കുകയും ചെയ്ത ഇരട്ടത്താപ്പ് നയം കമ്മീഷന്റെ വിശ്വാസ്യത പൂർണമായും തകർത്തു.
ഭരണഘടന അത്യുന്നത പീഠത്തിൽ പ്രതിഷ്ഠിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാറിന്റെ നിഴൽവകുപ്പ് മാത്രമായി അധഃപതിപ്പിച്ചു എന്നതാണ് ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും ചവിട്ടിമെതിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ രാജ്യത്ത് ഉയർന്നുവരുന്ന ജനരോഷം തികച്ചും സ്വാഭാവികമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയും നീതിയുക്തമായ കമ്മീഷൻ ഭരണവും തിരികെ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
ഈ ഘട്ടത്തിൽ രാജ്യത്താകെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരുന്നത് ആവേശകരമാണ്. പ്രതിപക്ഷ നേതാക്കൾ അടക്കം കൃത്യമായ മുന്നറിയിപ്പ് ഭരണകൂടത്തിന് നൽകിക്കഴിഞ്ഞു. കോൺഗ്രസ്സും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമ്പോൾ ക്യാമ്പസുകൾ അതിനേക്കാൾ വലിയ പ്രക്ഷോഭങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടിയും ആത്യന്തിക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഭരണകൂടത്തിന് വലിയ വില നൽകേണ്ടിവരും. ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് വഴിതെളിച്ചത് ശക്തമായ വിദ്യാർഥി പ്രക്ഷോഭമാണ്. ഗ്യാനേഷ് കുമാറിനെ രാജിവെപ്പിക്കണം, അത് രാജ്യത്തിന്റെ തന്നെ ആവശ്യകതയാണ്.
Content Highlights:
Protests are escalating nationwide demanding the resignation of Chief Election Commissioner Gyanesh Kumar over allegations of destroying the institution’s internal democracy and neutrality. Critics and fellow commissioners have cited unilateral decisions, including controversial changes to voter registration and centralization of electoral data. The opposition accuses the CEC of facilitating a biased electoral process favoring the ruling party.







