Connect with us

Kerala

പ്രളയ ധനസഹായ വിതരണം ഇനി തഹസില്‍ദാര്‍മാര്‍ വഴി; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍

അപേക്ഷകള്‍ പെട്ടെന്ന് പരിശോധിച്ച് അര്‍ഹരായവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തിക്കാനാണിത്.

Published

|

Last Updated

തിരുവനന്തപുരം | പ്രളയ ധനസഹായം വേഗത്തിലാക്കാന്‍ വിതരണത്തിന്റെ പൂര്‍ണ ചുമതല താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അപേക്ഷകള്‍ പെട്ടെന്ന് പരിശോധിച്ച് അര്‍ഹരായവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തിക്കാനാണിത്. കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ധനസഹായ വിതരണം നടന്നിരുന്നത്. അപേക്ഷകള്‍ വന്‍തോതില്‍ ലഭിച്ചതോടെ സൂക്ഷ്മപരിശോധനക്കും അനുമതിക്കും കാലതാമസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ മാറ്റം. സര്‍ക്കാര്‍ ഫണ്ട് നേരിട്ട് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറും. തുടര്‍ന്ന് താലൂക്ക് തഹസില്‍ദാര്‍മാര്‍ വഴി ഉപഭോക്താക്കളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് ‘ഡി ബി ടി’ സംവിധാനം വഴി തുക നേരിട്ടെത്തിക്കും.

പുതിയ വിതരണ രീതിക്ക് അനുയോജ്യമായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ സി ഡിറ്റിന് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറേറ്റുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസമുണ്ടാക്കുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നടപടിയെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഫണ്ട് കലക്ടര്‍മാര്‍ക്ക് കൈമാറിയ ശേഷം തഹസില്‍ദാര്‍മാര്‍ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നല്‍കാനാണ് തീരുമാനം. ധനസഹായത്തിനായി കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതോടെയാണ് 2018-19ലെ പ്രളയകാലത്ത് സ്വീകരിച്ചിരുന്ന രീതിയില്‍, ധനസഹായ വിതരണം താലൂക്ക് തലത്തില്‍ വികേന്ദ്രീകരിക്കാന്‍ ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചത്.

Content Highlights: The Kerala government issued an order decentralizing the distribution of flood financial assistance to the taluk level to eliminate administrative delays. Under the new process, district collectors will transfer disaster management funds directly to taluk tahsildars for direct bank account payout to beneficiaries. The move follows recommendations from the Land Revenue Commissioner to expedite financial support for affected families.

Latest