Ongoing News
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ്: ഇന്ത്യക്ക് മിക്സഡ് റിലേയിൽ വെള്ളി; 10,000 മീറ്ററിൽ വെങ്കലം
10,000 മീറ്ററിൽ 32 മിനിറ്റ് 50.05 സെക്കൻഡിൽ ഓടിയെത്തിയാണ് സീമ കുമാരി ഇന്ത്യക്കായി അത്‌ലറ്റിക്സിലെ ആദ്യ മെഡൽ നേട്ടം കുറിച്ചത്
ന്യൂഡൽഹി | ഏഷ്യൻ ഗെയിംസ് 2026 അഞ്ചാം ദിനത്തിൽ അത്‌ലറ്റിക്സിൽ മികച്ച മുന്നേറ്റവുമായി ഇന്ത്യ. മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ നേടിയപ്പോൾ വനിതകളുടെ 10000 മീറ്റർ ഫൈനലിൽ സീമ കുമാരി വെങ്കലവും സ്വന്തമാക്കി. 32 മിനിറ്റ് 50.05 സെക്കൻഡിൽ ഓടിയെത്തിയാണ് സീമ കുമാരി ഇന്ത്യക്കായി അത്‌ലറ്റിക്സിലെ ആദ്യ മെഡൽ നേട്ടം കുറിച്ചത്. ഈ ഇനത്തിൽ 16 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു മെഡൽ നേടുന്നത്. ബഹ്റൈന്റെ വിൻഫ്രെഡ് യാവി സ്വർണ്ണവും ജപ്പാന്റെ നോസോമി തനാക്ക വെള്ളിയും നേടി.
മിക്സഡ് 4×400 മീറ്റർ റിലേയിൽ പൂവമ്മ എം ആർ, വിശാൽ തെന്നരശ്, വിത്യ രാംരാജ്, മനു ടി എസ് എന്നിവരടങ്ങിയ സംഘമാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. ആവേശകരമായ ഫിനിഷിൽ വിയറ്റ്നാമിനെ എട്ട് മില്ലിസെക്കൻഡുകൾക്ക് പിന്നിലാക്കിയാണ് ഇന്ത്യ വെള്ളി ഉറപ്പിച്ചത്. ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി ഉയർന്നു.

മറ്റ് മത്സരങ്ങളിൽ പുരുഷന്മാരുടെ 100 മീറ്റർ ഹീറ്റ്സിൽ ഗുരിന്ദർവീർ സിംഗ് (10.38 സെക്കൻഡ്), അനിമേഷ് കുജൂർ (10.36 സെക്കൻഡ്) എന്നിവർ സെമി ഫൈനലിലേക്ക് യോഗ്യത നേടി. അതേസമയം വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ആശ ഇളങ്കോ മൂന്നാം സ്ഥാനക്കാരുടെ അതേ ദൂരം (13.83 മീറ്റർ) കണ്ടെത്തിയെങ്കിലും രണ്ടാമത്തെ മികച്ച ശ്രമത്തിലെ കുറവ് കാരണം മെഡൽ നഷ്ടമായി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നിഹാരിക വസിഷ്ഠ് 13.00 മീറ്റർ ചാടി പത്താം സ്ഥാനത്തായി പുറത്തായി.
ഹെപ്റ്റാത്‌ലണിൽ പൂജ, അനാമിക അനീഷ് എന്നിവർ നിലവിൽ യഥാക്രമം ഏഴ്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഷോട്ട് പുട്ടിൽ പൂജ 11.44 മീറ്ററും അനാമിക 11.15 മീറ്ററും എറിഞ്ഞു. 200 മീറ്ററിൽ അനാമിക 25.96 സെക്കൻഡിലും പൂജ 26.27 സെക്കൻഡിലും മത്സരം പൂർത്തിയാക്കി.
Content Highlights
India won silver in mixed 4x400m relay and Seema Kumari secured bronze in 10000m at Asian Games 2026. Sprinters Gurindervir and Animesh qualified for 100m semis as India’s tally reached 17.




