Connect with us

Editors Pick

‘അവർ എല്ലാം പിഴുതെറിഞ്ഞു’; വിളവെടുപ്പിന് തൊട്ടുമുന്നെ ഫലസ്തീനികളുടെ ഒലിവ് തോട്ടങ്ങൾ തകർത്ത് ഇസ്റാഈൽ

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 19,375 ഒലിവ് മരങ്ങൾ ഉൾപ്പെടെ 21,508 മരങ്ങൾ നശിപ്പിക്കപ്പെട്ടതായി ഫലസ്തീൻ അതോറിറ്റിയുടെ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ

Published

|

Last Updated

റാമല്ല | വാർഷിക വിളവെടുപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ ഒലിവ് തോട്ടങ്ങൾ ഇസ്റാഈൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തിങ്കളാഴ്ച ആരംഭിച്ച ആക്രമണങ്ങൾ ചൊവ്വാഴ്ചയും തുടർന്നതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.

തന്റെയും അയൽവാസികളുടെയും ഉടമസ്ഥതയിലുള്ള ഒലിവ് മരങ്ങൾ സൈന്യം ഒന്നടങ്കം പിഴുതെറിഞ്ഞതായി പ്രദേശവാസിയായ കർഷകൻ അബ്ദുൽ ഫത്താഹ് തമീമി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘അവർ ആരെയും പരിഗണിക്കുന്നില്ല. ദൈവം മുകളിലുണ്ടല്ലൊ, ഞങ്ങൾ ഞങ്ങളുടെ മണ്ണിൽ ഉറച്ചുനിൽക്കുകയും അവർ പിഴുതെറിയുമ്പോൾ ഞങ്ങൾ ദൈവത്തിന്റെ സഹായത്തോടെ വീണ്ടും പുതിയ തൈകൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും’ – വികാരാധീനനായി അദ്ദേഹം തുടർന്നു.

സാധാരണയായി ഒക്ടോബറിലാണ് വെസ്റ്റ് ബാങ്കിൽ ഒലിവ് വിളവെടുപ്പ് ആരംഭിക്കുന്നത്. കർഷകർക്ക് പരമാവധി സാമ്പത്തിക നഷ്ടം വരുത്തിവെക്കാൻ ലക്ഷ്യമിട്ടാണ് വിളവെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു അതിക്രമം നടത്തിയതെന്നും പ്രതിവർഷം 120 ബാരലോളം ഒലിവ് എണ്ണ ഉത്പാദിപ്പിച്ചിരുന്ന ഭൂമിയാണിതെന്നും തോട്ടങ്ങൾക്ക് പുറമെ വീടുകൾക്കിടയിൽ നിന്നിരുന്ന വിവിധയിനം മരങ്ങളും സൈന്യം പിഴുതുമാറ്റിയെന്നും മറ്റൊരു കർഷകനായ നാഥെർ തമീമി ആരോപിച്ചു.

സുരക്ഷാ ഭീഷണികളും സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങളും ഒഴിവാക്കാനാണ് ഒലിവ് തോട്ടങ്ങൾ നീക്കം ചെയ്യുന്നതെന്നാണ് ഇസ്റാഈലിന്റെ പതിവ് അവകാശവാദം. എന്നാൽ ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾ ഈ വാദം പൂർണ്ണമായും തള്ളിക്കളയുന്നു. ഫലസ്തീൻ ജനതയുടെ പ്രധാന ഉപജീവനമാർഗ്ഗം ഇല്ലാതാക്കാനും തങ്ങളുടെ മണ്ണുമായുള്ള വൈകാരിക ബന്ധത്തിന്റെ പ്രതീകമായ ഒലിവ് മരങ്ങളെ തുടച്ചുനീക്കാനുമാണ് ഇസ്റാഈൽ ശ്രമിക്കുന്നതെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 19,375 ഒലിവ് മരങ്ങൾ ഉൾപ്പെടെ 21,508 മരങ്ങൾ നശിപ്പിക്കപ്പെട്ടതായി ഫലസ്തീൻ അതോറിറ്റിയുടെ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ വ്യക്തമാക്കി. പ്രാദേശികമായി 15,000 ടൺ ഒലിവ് ഉത്പാദനം ആവശ്യകത നിലനിൽക്കെ ഈ വർഷം 21,000 ടൺ പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് ഇസ്റാഈലിന്റെ ആക്രമണം.

Content Highlights

Israeli forces bulldozed Palestinian olive groves in the West Bank just weeks before the annual harvest. Local farmers and Palestinian officials condemned the destruction, calling it a deliberate attack on their economy and livelihood. In August alone, over 19,000 olive trees were destroyed.

Latest