Aksharam Education
ഇക്വാലിറ്റി ഫണ്ട് അപേക്ഷ ക്ഷണിച്ചു; മാധ്യമപ്രവർത്തകർക്ക് ഫെലോഷിപ്പ്
അവസാന തീയതി നവംബർ എട്ട്
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് “ഇക്വാലിറ്റി ഫണ്ട്’ നൽകുന്ന ജേർണലിസം ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റിപോർട്ടിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമപ്രവർത്തകർക്ക് ഫെലോഷിപ്പ് സാമ്പത്തിക സഹായം നൽകും.തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കും സ്‌റ്റൈപെൻഡായി 4,000 കനേഡിയൻ ഡോളർ (ഏകദേശം 2.72 ലക്ഷം രൂപ) ലഭിക്കും. കൂടാതെ, റിപോർട്ടിംഗ് ചെലവുകൾക്കായി 500 കനേഡിയൻ ഡോളർ വരെയും ലഭിച്ചേക്കാം.
2027 ജനുവരി മുതൽ സെപ്തംബർ വരെയാണ് ഫെലോഷിപ്പ് കാലാവധി. ഫെലോകൾക്ക് പ്രോഗ്രാമിനായി ആറ് മാസവും, തുടർന്ന് തങ്ങളുടെ റിപോർട്ടുകൾ പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിനായി അധികമായി മൂന്ന് മാസവും ലഭിക്കും.
റിപോർട്ടിംഗ് വിഷയം
ലിംഗസമത്വത്തിന് മുൻഗണന നൽകിക്കൊണ്ട്, ആഗോള പ്രതിസന്ധികൾക്കുള്ള പ്രാദേശിക പരിഹാരങ്ങളെക്കുറിച്ചുള്ള റിപോർട്ടിംഗിനാണ് ഫെലോഷിപ്പ് പ്രാധാന്യം നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മനുഷ്യാവകാശം, ജനാധിപത്യം, സാമ്പത്തിക അസമത്വം, യുദ്ധം, സംഘർഷം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെക്സ്റ്റ്, ഡിജിറ്റൽ, വീഡിയോ അല്ലെങ്കിൽ ഓഡിയോ ഫോർമാറ്റുകളിലുള്ള റിപോർട്ടുകൾക്കായുള്ള പ്രൊ പ്പോസലുകൾ അപേക്ഷകർക്ക് സമർപ്പിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം
ഒ ഡി എ- ഒഫീഷ്യൽ ഡെവലപ്മെന്റ് അസ്സിസ്റ്റൻസ് (വികസന രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നത്) അർഹതയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുകയും അവിടങ്ങളിലെ സമൂഹങ്ങളെക്കുറിച്ച് റിപോർട്ട് ചെയ്യുകയും ചെയ്യുന്ന മുഴുസമയ, ഫ്രീലാൻസ് മാധ്യമപ്രവർത്തകർക്ക് ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യ ഒ ഡി എ വിഭാഗത്തിൽപ്പെട്ടതായതിനാൽ ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം.
യോഗ്യത
അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ മാധ്യമപ്രവർത്തന പരിചയം ഉണ്ടായിരിക്കണം. കൂടാതെ മുൻകാല പ്രവർത്തനങ്ങളുടെ മൂന്ന് സാമ്പിളുകൾ സമർപ്പിക്കുകയും വേണം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും അന്താരാഷ്ട്ര വയർ ട്രാൻസ്ഫറുകൾ സ്വീകരിക്കാൻ കഴിയുന്ന ബേങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.
സ്ത്രീകൾ, നോൺ-ബൈനറി, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപ്പെട്ട മാധ്യമപ്രവർത്തകർക്കും അപേക്ഷിക്കാം. അർഹരായ മാധ്യമപ്രവർത്തകർക്ക് നവംബർ എട്ടിന് രാത്രി 11 വരെ അപേക്ഷ സമർപ്പിക്കാം.
“കനേഡിയൻ ജേണലിസ്റ്റ്‌സ് ഫോർ ഫ്രീ എക്‌സ്പ്രഷൻ’, “ആഫ്രിക്കൻ വിമൻ ഇൻ മീഡിയ’ എന്നിവരുമായി സഹകരിച്ച് “ഇക്വാലിറ്റി ഫണ്ട്’ ആണ് ഈ ഫെലോഷിപ്പ് സംഘടിപ്പിക്കുന്നത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള സ്ഥാപനമാണ് “ഇക്വാലിറ്റി ഫണ്ട്’. 2019ൽ കനേഡിയൻ സർക്കാറിന്റെ 300 ദശലക്ഷം ഡോളർ (കനേഡിയൻ ഡോളർ) പ്രാരംഭ നിക്ഷേപത്തോടെയാണ് ഇത് ആരംഭിച്ചത്. വിവരങ്ങൾക്ക് https://equalityfund.ca/en/posts/application-journalism-fellowship.
Content Highlights:
The Equality Fund invited applications for a journalism fellowship targeting Global South reporters. Selected journalists will receive a stipend of CAD 4,000 and reporting expenses. Full-time and freelance journalists with three years of experience, including those from India, can apply by Nov 8.




