Ongoing News
ഏഷ്യന്‍ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ബരണിക ഇളങ്കോവന് ചരിത്ര വെങ്കലം, 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങിന് വെള്ളി
പോള്‍വോള്‍ട്ടിന്റെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം മെഡല്‍ കരസ്ഥമാക്കുന്നത്.
ഐചി നഗോയ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ചരിത്രം വെങ്കലം സ്വന്തമാക്കി ബരണിക ഇളങ്കോവന്‍. വനിതകളുടെ പോള്‍വോള്‍ട്ടിലാണ് താരം മെഡല്‍ നേടിയത്. പോള്‍വോള്‍ട്ടിന്റെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം മെഡല്‍ കരസ്ഥമാക്കുന്നത്. പോള്‍വോള്‍ട്ട് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ നേടുന്ന ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ കൂടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
കസാഖിസ്ഥാന്റെ പോളിന ഇവാനോവക്കൊപ്പം ബരണിക വെങ്കലം പങ്കിടുകയായിരുന്നു. ഇരുവരും ഒരേ ഉയരമാണ് താണ്ടിയത്. ഇരുവരുടെയും ശ്രമങ്ങളുടെ എണ്ണവും തുല്യമായതിനാല്‍ കൗണ്ട്ബാക്ക് നിയമപ്രകാരം ഇരുവര്‍ക്കും വെങ്കലം നല്‍കുകയായിരുന്നു.
പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെള്ളി നേടി. 28:29.38 സെക്കന്‍ഡിലാണ് ഗുല്‍വീര്‍ സിങ് ഫിനിഷ് ചെയ്തത്. ബഹ്‌റൈന്റെ ബിര്‍ഹാനു ബാലെവിനേക്കാള്‍ 1.87 സെക്കന്‍ഡ് പിന്നിലായിട്ടായിരുന്നു ഫിനിഷിങ്. 28:27.51 സെക്കന്‍ഡിലാണ് ബാലെവ് സ്വര്‍ണത്തിലെത്തിയത്. 2023ലെ ഹാങ്ചോങ് ഏഷ്യന്‍ ഗെയിംസില്‍ ഇതേ ഇനത്തില്‍ ഗുല്‍വീര്‍ വെങ്കലം നേടിയിരുന്നു. ഇത്തവണ അത് വെള്ളിയിലേക്ക് ഉയര്‍ത്താന്‍ താരത്തിന് കഴിഞ്ഞു. ഈ വര്‍ഷം ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗുല്‍വീര്‍ വെള്ളി നേടിയിരുന്നു.
Content Highlights:
Baranika Elangovan created history by winning a bronze medal in the pole vault event at the Asian Games. Gulveer Singh secured a silver medal for India in the 10,000 meters race. Both athletes delivered outstanding performances to boost India’s medal tally in athletics.



