National
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ജലപീരങ്കി, നിരവധി പേരെ കസ്റ്റഡിയിലെടുത്തു
ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (AISA) ഡല്‍ഹി ഘടകവും മറ്റ് സിവില്‍ സൊസൈറ്റി അംഗങ്ങളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.
സി പി ഐ (എം എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് എന്നിവരെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തതായി സമര സംഘാടകര്‍ അറിയിച്ചു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (AISA) ഡല്‍ഹി ഘടകവും മറ്റ് സിവില്‍ സൊസൈറ്റി അംഗങ്ങളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക’ എന്ന മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായും ആരോപിച്ചു. ഐസ പ്രസിഡന്റ് നേഹ, ആര്‍ ജെ ഡി എം പി. മനോജ് ഝാ, ഭട്ടാചാര്യ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭരദ്വാജ്, നന്ദിത നരൈന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക കൈകാര്യം ചെയ്ത രീതി, ‘വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നടപടി’ (SIR) എന്നിവ സംബന്ധിച്ച ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ആശങ്കകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
Content Highlights:
Protesters gathered at Jantar Mantar demanding the resignation of Election Commissioner Gyanesh Kumar. Delhi Police deployed water cannons to disperse the crowd and detained several activists. The demonstration led to high tension and heavy police deployment in the capital.





