Connect with us

Articles

അമേരിക്കൻ ഫലത്തിലെ വോട്ട്ചോരി പാഠം

ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനയാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. അതങ്ങനെയാക്കിയത് ട്രംപ് തന്നെയാണ്. ബാലറ്റില്‍ ഞാനുണ്ടെന്ന് കരുതിവേണം നിങ്ങള്‍ ബൂത്തില്‍ ചെല്ലാനെന്നാണല്ലോ അദ്ദേഹം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെന്‍ഡ് പുറത്തുവരാന്‍ തുടങ്ങിയതോടെ ട്രംപ് അപകടം മനസ്സിലാക്കി. ഞാന്‍ ബാലറ്റിലില്ലാതെ പോയതാണ് തോല്‍വിക്ക് കാരണമെന്ന 360 ഡിഗ്രി യു ടേണെടുക്കേണ്ടി വന്നു.

Published

|

Last Updated

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടിക്കേറ്റ തിരിച്ചടി ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങളിലുണ്ടാക്കിയ ട്രോള്‍ മഴ ഇപ്പോഴും തുടരുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ പ്രതികരണം വന്നത് സി ജെ പി നേതാവ് അഭിജിത് ദിപ്‌കെയില്‍ നിന്നാണ്. അദ്ദേഹം എക്‌സില്‍ കുറിച്ചു: “അവിടെ ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു’. ഇപ്പറഞ്ഞത് വെറുമൊരു ട്രോള്‍ ആശയം മാത്രമാണോ? അതോ ജനാധിപത്യപരമായ വലിയ ചര്‍ച്ച ആവശ്യപ്പെടുന്ന ആശയമാണോ? റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടി യു എസ് രാഷ്ട്രീയത്തിലും ലോകത്താകെയും സംഭവിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ സൂചനയാണോ?

റിപബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിയെ ലഘൂകരിച്ച് കാണിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. അമേരിക്കയിലെ ദ്വിപാര്‍ട്ടി സംവിധാനത്തിന്റെ സവിശേഷതകള്‍ ഉപന്യസിച്ചുകൊണ്ടാണ് പ്രധാനമായും ഈ നീക്കം നടക്കുന്നത്. പ്രസിഡന്റിന്റെ വീറ്റോ അധികാരത്തിന് മുകളില്‍ പറക്കാന്‍ സെനറ്റിനോ പ്രതിനിധിസഭക്കോ സാധിക്കില്ല, കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷമില്ലെന്നത് ട്രംപിന് തന്റെ നയങ്ങളുമായി മുന്നോട്ടുപോകാന്‍ ഒരു നിലക്കും തടസ്സമല്ല, റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ അടിസ്ഥാന വിഷയങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല തുടങ്ങിയ കാര്യങ്ങളാണ് ട്രംപ് തോറ്റിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെല്ലാം വസ്തുതകളുണ്ടെന്ന് അംഗീകരിക്കുമ്പോഴും ഇത്തവണത്തെ വോട്ട് ഷിഫ്റ്റ് ആഴത്തിലുള്ളതാണെന്ന് സമ്മതിച്ചേ തിരൂ. ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനയാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. അതങ്ങനെയാക്കിയത് ട്രംപ് തന്നെയാണ്. ബാലറ്റില്‍ ഞാനുണ്ടെന്ന് കരുതിവേണം നിങ്ങള്‍ ബൂത്തില്‍ ചെല്ലാനെന്നാണല്ലോ അദ്ദേഹം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെന്‍ഡ് പുറത്തുവരാന്‍ തുടങ്ങിയതോടെ ട്രംപ് അപകടം മനസ്സിലാക്കി. ഞാന്‍ ബാലറ്റിലില്ലാതെ പോയതാണ് തോല്‍വിക്ക് കാരണമെന്ന യു ടേണെടുക്കേണ്ടി വന്നു. ഇറാന്‍ ആക്രമണമാണ് തോല്‍വിക്ക് കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് സമ്മതിക്കേണ്ടിവന്നതും ട്രംപിന്റെ എല്ലാ നയങ്ങളെയും യു എസ് ജനത തള്ളിയിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ്. ജനപ്രതിനിധി സഭയെയും സെനറ്റിനെയും വീറ്റോ അധികാരം കൊണ്ട് ട്രംപ് മറികടക്കുമായിരിക്കും. ഇംപീച്ച്മെന്റിനൊന്നും ഡെമോക്രാറ്റിക് പാര്‍ട്ടി മുതിരില്ലായിരിക്കും. എന്നാലും ഈ “തലക്കടി’ ആഘോഷിക്കേണ്ടത് തന്നെയാണ്.
അമേരിക്കന്‍ ജനത മാത്രമല്ല ബ്രിസീലിലെയും സെര്‍ബിയയിലെയുമൊക്കെ മനുഷ്യര്‍ക്ക് ഇങ്ങനെ മനോഹരമായ തിരുത്തലുകളുടെ ആഘോഷം സൃഷ്ടിക്കാന്‍ സാധിക്കുന്നതെന്തുകൊണ്ടാണ്? അവിടങ്ങളില്‍ താരതമ്യേന സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സംവിധാനമുള്ളതുകൊണ്ട് എന്നാണ് ശരിയുത്തരം. മനുഷ്യരുടെ ബോധം, അവരുടെ അമര്‍ഷം, നിരാശ, മാറ്റത്തിനായുള്ള ത്വര എല്ലാം രണ്ടാമതേ വരുന്നുള്ളൂ. ഇതെല്ലാമുണ്ടായാലും തിരുത്തല്‍ നടക്കില്ല, ശരിയായ വോട്ടിംഗ് സംവിധാനമില്ലെങ്കില്‍. ജനാധിപത്യത്തെ മറ്റ് രാഷ്ട്രീയക്രമങ്ങളില്‍ വ്യത്യസ്തമാക്കുന്നത് സ്വയം തിരുത്താനുള്ള അതിന്റെ കഴിവാണ്. ഭരണകൂടം കൈപ്പിടിയിലൊതുക്കിയ തിരുഞ്ഞെടുപ്പ് സ്ഥാപനങ്ങളുള്ളിടത്ത് ഈ തിരുത്തല്‍ നടക്കില്ല. ആവര്‍ത്തനം മാത്രമേ നടക്കൂ. ഇന്ത്യയില്‍ 2014ല്‍ മോദി അധികാരത്തില്‍ വന്നത് 282 സീറ്റുകള്‍ നേടിയാണ്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം. 2019ല്‍ ഇത് 303 സീറ്റായി. 2024ല്‍ അബ് കി ബാര്‍ ചാര്‍ സൗ പാര്‍ എന്നായിരുന്നു മുദ്രാവാക്യം. പക്ഷേ, സഖ്യത്തിനാകെ കിട്ടിയത് 293. ബി ജെ പിയില്‍ നിന്ന് ഒറ്റക്കുള്ള ഭൂരിപക്ഷം ജനം തിരിച്ചെടുത്തു. അതാണ് തിരുത്ത്. അതോടെ, വര്‍ഗീയ വിഭജനം കൊണ്ടുമാത്രം മനുഷ്യരെ രാഷ്ട്രീയ ജാഗ്രത കെടുത്തിക്കളയാനാകില്ലെന്ന് സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്ക് മനസ്സിലായി. അവിടെ നിന്നാണ് വോട്ട്‌ചോരി തുടങ്ങിയത്. സ്വയം തിരുത്താന്‍ അനുവദിക്കാതിരിക്കുക തന്നെ. ചോദ്യങ്ങള്‍ ചോദിക്കുന്നത് അരാജക പ്രവണതയായും രാജ്യത്തിനെതിരായ കലാപമായും ചിത്രീകരിക്കുക. തെരുവില്‍ പാട്ടായും മുദ്രാവാക്യമായും തീതുപ്പുന്ന വാക്കായും പടരുന്നവര്‍ക്ക് മേല്‍ വിദേശി ചാപ്പ കുത്തുക.

തീവ്രവലതുപക്ഷത്തിനെതിരെ ലോകത്താകെ ഉണ്ടായിവരുന്ന രാഷ്ട്രീയ പരിവര്‍ത്തന കൊടുങ്കാറ്റ് ഇന്ത്യയിലും സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നവര്‍ വോട്ടുകൊള്ളക്കെതിരായ പോരാട്ടത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയാകുകയാണ് വേണ്ടത്. ഇന്ത്യന്‍ ജനാധിപത്യം പ്രതികരണക്ഷമതയിലേക്ക് ഉണരണമെങ്കില്‍ വോട്ടെടുപ്പ് പ്രക്രിയ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തിയേ തീരൂ. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യയിലെ മനുഷ്യര്‍ പകര്‍ത്തേണ്ട യഥാര്‍ഥ പാഠമതായിരിക്കും.

മിഷിഗണില്‍ ജയിച്ച അബ്ദുര്‍ഹ്മാന്‍ മുഹമ്മദ് സഈദ് തന്നെ ക്രൂരമായി അധിക്ഷേപിച്ച വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെ “ഹബീബി’ എന്നാണ് സംബോധന ചെയ്തത്. തന്റെ വിക്ടറി പ്രസംഗത്തില്‍ അല്‍ സഈദ് നിറഞ്ഞ കരഘോഷങ്ങള്‍ക്കിടെ ഇങ്ങനെ കൂടി പറയുന്നുണ്ട്: “പ്രചാരണ ഘട്ടത്തില്‍ ഞാന്‍ നിങ്ങളോട് ഇന്‍ഷാ അല്ലാഹ് (ദൈവത്തിന്റെ വേണ്ടുകയുണ്ടെങ്കില്‍) ജയിക്കുമെന്ന് പറഞ്ഞു. ഇന്ന് ഞാന്‍ അല്‍ ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) പറയുന്നു’ 9/11 സൃഷ്ടിച്ച ഇസ്‌ലാം പേടി ഇങ്ങനെയൊക്കെയാണ് ആശ്ലേഷത്തിന് വഴിമാറുന്നത്. ഇനി പറയൂ, അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കേണ്ടതല്ലേ.

Content Highlights: The setback faced by Donald Trump’s Republican Party in the US midterm elections highlights a global trend of democratic self-correction against far-right politics. The outcome underscores the absolute necessity of maintaining independent and transparent electoral processes. Victory speeches from diverse candidates reflect evolving political dynamics overcoming historical prejudices.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest