Kerala
അഭിറാം കൊലക്കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
പോലീസ് ഉപദ്രവിച്ചെന്ന് പ്രതികള്‍ കോടതിയില്‍ പരാതി ഉന്നയിച്ചു.
തിരുവനന്തപുരം| ശ്രീകാര്യം പാങ്ങപ്പാറയില്‍ 17കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഉമര്‍, അനന്ത എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പോലീസ് ഉപദ്രവിച്ചെന്ന് പ്രതികള്‍ കോടതിയില്‍ പരാതി ഉന്നയിച്ചു.
കേസിലെ ഒന്നാം പ്രതിയായ 17കാരനെയും നാലാം പ്രതിയും ഉമറിന്റെ പെണ്‍സുഹൃത്തുമായ ഐശ്വര്യയെയും തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും. തുടര്‍ന്ന് കൊലപാതകം നടന്ന സ്ഥലത്തും പ്രതികള്‍ ഒളിവില്‍ താമസിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം.
കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിറാമിന്റെ മൊബൈല്‍ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്തുന്നതിനായിരിക്കും തെളിവെടുപ്പില്‍ പ്രധാനമായും ശ്രമിക്കുക. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തോടെയാകും നടപടികള്‍. കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
Content Highlights: The court has remanded two accused in the murder of 17-year-old Abhiram in Pangappara to police custody. The accused alleged police mistreatment in court. Police plan evidence collection at the crime scene to recover the missing belt and mobile phone before filing the chargesheet soon.




