Connect with us

articles

ആ വിളക്കണഞ്ഞു

സത്യസന്ധത, വിനയം, അത്യുദാത്തമായ ശരീരഭാഷ, ഉയര്‍ന്ന വ്യക്തിത്വം, പരിഭവങ്ങളില്ലാത്ത ജീവിതം, ആവലാതികളില്ലാത്ത ഇടപെടലുകള്‍ ഇതെല്ലാം സയ്യിദ് അലി ബാഫഖി തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളാണ്.

Published

|

Last Updated

വിനയത്തിന്റെ പര്യായമായി, അനാരോഗ്യം വകവെക്കാതെ, മനക്ലേശങ്ങളൊന്നുമില്ലാതെ മരണമെന്ന യാഥാര്‍ഥ്യം അരികിലെത്തും വരെ ആ യാത്ര തുടര്‍ന്നു. സത്യസന്ധത, വിനയം, അത്യുദാത്തമായ ശരീരഭാഷ, ഉയര്‍ന്ന വ്യക്തിത്വം, പരിഭവങ്ങളില്ലാത്ത ജീവിതം, ആവലാതികളില്ലാത്ത ഇടപെടലുകള്‍ ഇതെല്ലാം സയ്യിദ് അലി ബാഫഖി തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളാണ്.

നിശബ്ദമായും ദീനീപ്രബോധനം സാധ്യമാണെന്ന് തങ്ങള്‍ സ്വജീവിതത്തിലൂടെ തെളിയിച്ചു. പ്രഭാഷകനല്ലാത്ത, എഴുത്തുകാരനല്ലാത്ത തങ്ങള്‍ ദീര്‍ഘകാലം ഒരു വലിയ സമൂഹത്തിന്റെ നേതൃപദവിയിലിരുന്നുവെന്നതു മാത്രമല്ല; അണികളില്‍ ഒരാള്‍ക്കും സയ്യിദവര്‍കളെ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഏതൊരു പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോഴും, അതെത്ര സങ്കീര്‍ണമാണെങ്കിലും, അത് നടക്കും എന്നായിരിക്കും പ്രതികരണം. ഏറ്റെടുത്ത പരിപാടിക്ക് കൃത്യസമയത്ത് എത്തിച്ചേരണമെന്ന സമയനിഷ്ഠ തങ്ങള്‍ക്കുണ്ടായിരുന്നു.

കൂടെയുള്ളവരോട് വളരെ സൗമ്യമായും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും പെരുമാറാനുള്ള അസാമാന്യ കഴിവും സയ്യിദവര്‍കള്‍ക്കുണ്ടായിരുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയും കൃത്യതയും വേണമെന്ന് സയ്യിദവര്‍കള്‍ പതിവായി നിര്‍ദേശിക്കാറുണ്ടായിരുന്നു. അക്കാര്യത്തില്‍ സത്യസന്ധത പുലര്‍ത്താത്തവരോട് തങ്ങള്‍ അനിഷ്ടം കാണിച്ചിരുന്നു. മീറ്റിംഗുകളില്‍ അധ്യക്ഷപദവി അലങ്കരിക്കുമ്പോള്‍, നടക്കുന്ന എല്ലാ ചര്‍ച്ചകളും സാകൂതം വീക്ഷിക്കുകയും കേള്‍ക്കുകയും ആവശ്യമാണെങ്കില്‍ മാത്രം ഇടപെടുകയും ചെയ്യുന്ന രീതിയായിരുന്നു തങ്ങള്‍ സ്വീകരിച്ചിരുന്നത്.

തങ്ങളെന്താണ് ചര്‍ച്ചയില്‍ കൂടുതല്‍ ഇടപെടാത്തതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍, മൗനം തന്ത്രമാണ് എന്ന് അലി(റ) പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ? എന്ന മറുചോദ്യമായിരുന്നു ഉത്തരം. നിര്‍ണായക ഘട്ടത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉറച്ചുനില്‍ക്കുകയും കാര്യഗൗരവത്തോടെ നടപ്പാക്കുകയും ചെയ്യും. അതിനുവേണ്ടി അനിവാര്യമായ സമയത്ത് സധൈര്യം മുന്നോട്ടു പോകാനുള്ള അപാരമായ മനക്കരുത്ത് തങ്ങള്‍ക്കുണ്ടായിരുന്നു.

തങ്ങളുടെ മൂത്താപ്പയും ഭാര്യാപിതാവുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ കൂടെ ചെറുപ്പത്തില്‍ പലയിടങ്ങളില്‍ സഞ്ചരിക്കുകയും അവരില്‍ നിന്ന് മനസ്സിലാക്കിയ പല കാര്യങ്ങളും ആവശ്യമുള്ളപ്പോള്‍ മഹാനവര്‍കള്‍ പ്രയോഗിക്കുകയും ചെയ്തു. പറയേണ്ട കാര്യങ്ങള്‍ എത്ര വലിയവരോടാണെങ്കിലും പറയേണ്ട സമയത്തു തന്നെ ഉചിതമായി പറയാനുള്ള ആര്‍ജവം തങ്ങള്‍ക്കുണ്ടായിരുന്നു.

സമസ്തയില്‍ പ്രശ്നങ്ങളുടലെടുത്ത സമയം. തങ്ങള്‍ എ പി ഉസ്താദിന്റെ പക്ഷത്ത് ഉറച്ചുനിന്നു. ഇതറിഞ്ഞ മലബാറിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഫോണില്‍ വിളിച്ചു: “തങ്ങളേ, നിങ്ങള്‍ എ പിയുടെ ഭാഗത്ത് നിന്ന് മാറിനില്‍ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെട്ടുപോകും.’ ഉടനെ വന്നു തങ്ങളുടെ മറുപടി: “ഞാന്‍ ഈ ലോകത്തേക്കു വന്നത് ഒറ്റക്കാണ്. ഇവിടെ നിന്ന് വിടപറഞ്ഞുപോകുന്നതും ഒറ്റക്കാണ്. അതിനിടയില്‍ കുറച്ചുസമയം ഒറ്റപ്പെട്ടാലും കുഴപ്പമില്ല.’ തങ്ങള്‍ ജീവിതാന്ത്യം വരെ ആ നിലപാടില്‍ തന്നെ ഉറച്ചുനിന്ന് അഭിമാനത്തോടെ ജീവിച്ചു.

ഖുര്‍ആന്‍ ഓതിയും സ്വലാത്ത് ചൊല്ലിയും ദിക്റുകളും വിര്‍ദുകളും പതിവാക്കിയും തങ്ങളുടെ ഓരോ ദിവസവും സുകൃതധന്യമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ദുആകള്‍ക്ക് വേഗം ഉത്തരം കിട്ടുമായിരുന്നു. പോകുന്നയിടങ്ങളിലെല്ലാം തങ്ങളുടെ പ്രാര്‍ഥനയും ആശീര്‍വാദവും നേടാന്‍ ആളുകള്‍ കാത്തുനില്‍ക്കാറുണ്ടായിരുന്നു. തങ്ങളില്‍ നിന്ന് ആത്മീയതീര്‍ഥം ലഭിച്ച ഇഷ്ടജനങ്ങള്‍ നിര്‍വൃതി നേടുകയും ധാര്‍മികമായ ഉണര്‍വ് കൈവരിക്കുകയും ചെയ്തു.

മദ്റസാധ്യാപക സമൂഹത്തിന്റെ ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചത് ബഹുമാനപ്പെട്ട സയ്യിദവര്‍കള്‍ തന്നെയാണ്. മുഅല്ലിംകള്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഒന്നിനെക്കുറിച്ചും അതിത്തിരി അധികമായിപ്പോയെന്ന് തങ്ങള്‍ പറഞ്ഞില്ല. ദീര്‍ഘനേരം ഇരുന്ന് ക്ഷേമനിധി ഫോമുകളില്‍ നൂറും അതിലധികവും ഒപ്പുകള്‍ വെക്കാറുണ്ടായിരുന്നു തങ്ങള്‍. പ്രയാസങ്ങളിലകപ്പെട്ട മുഅല്ലിംകളുടെ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ക്ഷേമവിഹിതം ഇത്തിരി കൂട്ടിക്കൊടുക്കുന്നതില്‍ തങ്ങള്‍ വളരെയധികം താത്പര്യം കാണിച്ചിരുന്നു. എസ് ജെ എം നടപ്പാക്കിയ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഏറ്റവും വലിയ കരുത്ത് സയ്യിദവര്‍കള്‍ തന്നെയായിരുന്നു.

കൂടുതല്‍ സംസാരിക്കുകയോ പൊതുകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാത്ത തങ്ങള്‍ നിരവധി സംഘടനകളുടെ, സുന്നീപ്രസ്ഥാനങ്ങളുടെ, മഹല്ല് കമ്മിറ്റികളുടെയെല്ലാം പ്രസിഡന്റായിരുന്നു. കൃത്യസമയത്ത് യോഗങ്ങളില്‍ പങ്കെടുത്ത്, അധ്യക്ഷത വഹിച്ച് യോഗം നിയന്ത്രിച്ച കരുത്തുറ്റ നേതൃപദവിയായിരുന്നു തങ്ങള്‍ കര്‍മപഥത്തില്‍ കൊണ്ടുവന്നത്. തങ്ങള്‍ക്ക് യാത്രകള്‍ ഹരമായിരുന്നു. എത്ര യാത്ര ചെയ്താലും മടുക്കില്ല. യാത്രക്കിടയില്‍ അനുഭവിക്കുന്ന ക്ലേശങ്ങളൊന്നും പരിഭവമായി പറയില്ല. സയ്യിദവര്‍കളുടെ ജീവിതത്തിന്റെ സിംഹഭാഗവും പ്രസ്ഥാനത്തിന്റെയും ദീനീസ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തര ദേശാടനങ്ങളായിരുന്നു.

 

Content Highlights: Sayyid Ali Bafaqi Thangal stood out as a symbol of humility and resolute leadership without relying on public speeches or writings. He played a pivotal role in guiding Samastha alongside AP Usthad and steered numerous welfare initiatives for madrasa teachers. His life was defined by strict punctuality, devotion, and unwavering commitment to his ideals.

---- facebook comment plugin here -----

Latest