Connect with us

articles

ട്രംപിന് അമേരിക്കൻ ജനത മൂക്കുകയറിടുന്നു

ഈ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇനി അമേരിക്കയുടെ അജന്‍ഡ നിര്‍ണയിക്കുന്നത് ഡെമോക്രാറ്റുകളായിരിക്കും. ഇതുപോലുള്ള മിന്നും വിജയം ഡെമോക്രാറ്റുകള്‍ പ്രതീക്ഷിച്ചതല്ല. മാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് അമേരിക്കന്‍ ജനത നന്നായി ഉപയോഗപ്പെടുത്തി. എന്നാല്‍ യുദ്ധം പോലുള്ള വിഷയങ്ങളില്‍ ട്രംപിനെ തടയാന്‍ ഈ വിജയം കൊണ്ട് ഡെമോക്രാറ്റുകള്‍ക്ക് സാധിക്കില്ല.

Published

|

Last Updated

പ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍മാരില്‍ നിന്ന് യു എസ് കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ട്രംപിന്റെ രണ്ടാം ടേമിലെ റഫറണ്ടമായി തിരഞ്ഞെടുപ്പിനെ കണ്ടിരുന്നു. ഈ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ നയങ്ങൾക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.

ഇനി അമേരിക്കയുടെ അജന്‍ഡ നിര്‍ണയിക്കുന്നത് ഡെമോക്രാറ്റുകളായിരിക്കും. ഇതുപോലുള്ള മിന്നും വിജയം ഡെമോക്രാറ്റുകള്‍ പ്രതീക്ഷിച്ചതല്ല. മാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് അമേരിക്കന്‍ ജനത നന്നായി ഉപയോഗപ്പെടുത്തി. ഇനിയുള്ള രണ്ട് വര്‍ഷത്തെ ഭരണകാലയളവില്‍ ആഗോള കാര്യങ്ങളിലടക്കം ഇടപെടുന്നതില്‍ നിന്ന് ട്രംപിന് മൂക്കുകയറിടും. എന്നാല്‍ യുദ്ധം പോലുള്ള വിഷയങ്ങളില്‍ ട്രംപിനെ തടയാന്‍ ഈ വിജയം കൊണ്ട് ഡെമോക്രാറ്റുകള്‍ക്ക് സാധിക്കില്ല.

ഇറാനെതിരെയുള്ള യുദ്ധം, അടിക്കടിയുള്ള നിലപാട് മാറ്റം, കുടിയേറ്റ നിയമത്തിലും വിദേശ നയത്തിലും വരുത്തിയ മാറ്റം, ഇതിനോടൊപ്പം ട്രംപിന്റെ ഇരുപത് മാസത്തെ ഭരണം സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും വിലക്കയറ്റവും ട്രംപിന്റെ പാര്‍ട്ടിക്ക് വിനയായി. 435 അംഗ പ്രതിനിധി സഭയില്‍ നിലവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 218ഉം ഡെമോക്രാറ്റുകള്‍ക്ക് 214 സീറ്റുകളുമാണുള്ളത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു സ്വതന്ത്രന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമാണ്. 100 അംഗ സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 53ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45ഉം സീറ്റുകളാണുള്ളത്. രണ്ട് സീറ്റുകളില്‍ ജയിച്ചത് സ്വതന്ത്രരാണ്. ഇത്തവണ 435 അംഗ പ്രതിനിധി സഭയിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

പരമ്പരാഗതമായി റിപബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന സ്റ്റേറ്റുകള്‍ പലതും നഷ്ടമായി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ തിരുത്തിക്കുറിച്ചു. മിഷിഗണ്‍, ടെക്‌സാസ്, അയോവ, കന്‍സാസ്, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ഒഹായോ എന്നിവിടങ്ങളിലെ സെനറ്റ് സീറ്റുകള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. 1932 മുതല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന കന്‍സാസ് ഡെമോക്രാറ്റായ ആദം ഹാമില്‍ട്ടണ്‍ പിടിച്ചടക്കി. 38 വര്‍ഷത്തിനു ശേഷം ടെക്്‌സാസ് ആദ്യമായി ഡെമോക്രാറ്റുകള്‍ കൈയടക്കി. ഡെമോക്രാറ്റായ ജെയിംസ് തലാറിക്കോയാണ് ചരിത്രം തിരുത്തിയത്. 28 വര്‍ഷത്തിനു ശേഷം സൗത്ത് കരോലിനും ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് മിഷിഗണിലേതായിരുന്നു. അബ്ദുൽ അൽ സഈദിന്റെ മിഷിഗണില്‍ നിന്നുള്ള സെനറ്റിലേക്കുള്ള വിജയം ഡെമോക്രാറ്റുകളുടെ വിജയം മാത്രമല്ല, അമേരിക്കയുടെ ചരിത്രം മാറ്റിയെഴുതിയ വിജയമാണ്. മിഷിഗണ്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചുപോരുന്ന സീറ്റാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മിഷിഗണില്‍ നിന്ന് ലഭിച്ചത് 60 ശതമാനം വോട്ടുകളാണ്. അബ്ദുൽ അൽ സഈദ് അമേരിക്കയിലെ ആദ്യത്തെ മുസ്‌ലിം സെനറ്ററാണ്. 85 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 52 ശതമാനം വോട്ടുകള്‍ നേടി അബ്ദുൽ അൽ സഈദ് വിജയം ഉറപ്പിച്ചിരുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ഡെമോക്രാറ്റിക് സഹപ്രവര്‍ത്തക ഹാലി സ്റ്റീവന്‍സ് അവസാന നിമിഷം അബ്ദുൽ അൽ സഈദിനെ കൈവിട്ടു. പ്രതിനിധി സഭാംഗമായിരുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചത് അബ്ദുൽ അൽ സഈദിന് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. സെനറ്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള പ്രൈമറി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ എതിരാളിയായിരുന്ന സ്റ്റീവന്‍സ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബ്ദുൽ അൽ സഈദിനെതിരെ ഉന്നയിച്ച വംശീയ ആക്ഷേപം ഏറ്റുപാടിയാണ് കളംമാറി ചവിട്ടിയത്. എന്നാല്‍ സാക്ഷാല്‍ ട്രംപ് തന്നെ അബ്ദുൽ അൽ സഈദിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളയുകയാണ് ചെയ്തത്.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സുഹ്‌റാന്‍ മംദാനിയുടെ വിജയത്തെ ഓര്‍മിപ്പിക്കുന്നതാണ് അബ്ദുൽ അൽ സഈദിന്റെ മിഷിഗണിലെ വിജയം. മംദാനി മുന്നോട്ടുവെച്ചത് സോഷ്യലിസ്റ്റ് ആശയങ്ങളായിരുന്നു. അബ്ദുൽ അൽ സഈദും മംദാനിയുടെ പാതയിലാണ്. ഭീകരവാദി എന്നും ജിഹാദി എന്നും ട്രംപ് മുദ്രകുത്തിയിട്ടും അമേരിക്കന്‍ ജനത ഇരുവരെയും കൈനീട്ടി സ്വീകരിച്ചത് അവര്‍ ഉയര്‍ത്തിക്കാട്ടിയ നിലപാടിന്റെ പേരിലായിരുന്നു.

ആരോഗ്യ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. അബ്ദുൽ അൽ സഈദ് രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. ഈജിപ്ഷ്യന്‍ വംശജനായ അദ്ദേഹം 1984ല്‍ ഡെട്രോയിറ്റിലെ റോച്ചസ്റ്റര്‍ ഹില്‍സില്‍ ജനിച്ചു. അദ്ദേഹത്തിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിതാവിന്റെയും രണ്ടാനമ്മയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. മിഷിഗണ്‍ സര്‍വകലാശാലയിലും കൊളംബിയ സര്‍വകലാശാലയിലും വൈദ്യശാസ്ത്രം പഠിച്ചു. പകര്‍ച്ചവ്യാധി ശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടി. 2015ല്‍ ഡെട്രോയിറ്റ് ആരോഗ്യ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അബ്ദുസ്സയിദ് നിയമിതനായത് അമേരിക്കന്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് അബ്ദുൽ അൽ സഈദ് ഡെമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു.

ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ ചരിത്രം സൃഷ്ടിച്ചു. 36 ഇടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. ജോര്‍ജിയയില്‍ കെയ്ഷ ലാന്‍സ് ബോട്ടംസിന്റേത് ചരിത്ര വിജയമാണ്. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെയ്ഷ ലാന്‍സ് ബോട്ടംസ് യു എസിലെ ആദ്യത്തെ കറുത്ത വനിതാ ഗവര്‍ണറാണ്. ടെക്‌സാസിലെ ഗവര്‍ണര്‍ സ്ഥാനവും റിപബ്ലിക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടു.

Content Highlights: Democrats won control of the US Congress from Donald Trump’s Republicans in the midterms, dealing a major blow to his agenda. Abdul El-Sayed made history by becoming America’s first Muslim senator, winning the seat in Michigan. Democrats also secured historic gubernatorial wins across multiple states including Texas and Georgia.

---- facebook comment plugin here -----

Latest