Connect with us

Articles

യൂറോപ്പിന് തീയിട്ടതാരാണ്?

എന്നാല്‍ ഫ്രഞ്ച് പോളിറ്റിയില്‍ ഫുട്‌ബോള്‍ ടീമടക്കം ഏത് മേഖലയിലുമുള്ളത് പോലെ കുടിയേറ്റക്കാരും മുസ്‌ലിംകളും ഈ സമരമുഖത്തുമുണ്ട്. കൊളോണിയല്‍ രാജ്യമായിരുന്നുവല്ലോ ഫ്രാന്‍സ്. അപ്പോള്‍ കോളനി രാജ്യങ്ങളില്‍ നിന്നെല്ലാം മനുഷ്യര്‍ സുഗമമായി ഫ്രാന്‍സില്‍ എത്തിച്ചേരുക സ്വാഭാവികമാണ്.

Published

|

Last Updated

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭം അതിഭീകരമായ വംശീയതക്കും വര്‍ഗീയതക്കും വിദ്വേഷ പ്രചാരണത്തിനും അവസരമാക്കുകയാണ് ഹിന്ദുത്വവാദികളും സയണിസ്റ്റുകളും ക്രിസ്ത്യന്‍ തീവ്രഗ്രൂപ്പുകളും. സംഘടിത പ്രചാരണമാണ് അരങ്ങേറുന്നത്. എ ഐ കണ്ടന്റുകള്‍ വാരിവിതറുന്നു. ക്രോസ്സ് ചെക്ക് ചെയ്യാന്‍ ഇടംകൊടുക്കാത്ത വിധം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും തരാതരം ഇറക്കുന്നു. ഒരേസമയം മലയാളത്തിലടക്കം സര്‍വ ഭാഷകളിലും സര്‍വ രാജ്യങ്ങളിലും ഇത്തരം ടോക്‌സിക് കണ്ടന്റുകള്‍ നിറയുന്നു. മുസ്‌ലിം വിദ്വേഷവും കുടിയേറ്റവിരുദ്ധതയും അഴിച്ചുവിടാനുള്ള ഡോഗ് വിസില്‍ മുഴക്കിയത് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെയായതിനാല്‍ അങ്ങേയറ്റം സാങ്കേതിക തികവോടെ ആ പണി നടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഇതൊരു വിശാല പ്രോജക്ടാണ്. മുതലാളിത്ത വ്യവസ്ഥയുടെ യുദ്ധോത്സുകതയും നിര്‍ദയ, ചൂഷണാത്മക സാമ്പത്തിക യുക്തികളും മനുഷ്യര്‍ ഒന്നിച്ചുനിന്ന് ചോദ്യം ചെയ്യുമ്പോള്‍ അതിനെ വംശീയ മുദ്രയടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയെന്നത് എക്കാലത്തെയും തന്ത്രമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാന്‍ വിഭജന തന്ത്രം പയറ്റിയ പഴയ ബ്രിട്ടീഷ് കൊളോണിയലിസവും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐതിഹാസിക സമരത്തെ വേഷം കണ്ടലാറിയാമെന്ന് പ്രഖ്യാപിച്ച് ചാപ്പകുത്താന്‍ നോക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുടിേയേറ്റമാണ് എല്ലാ പ്രശ്‌നത്തിനും കാരണം; ഇസ്‌ലാം യൂറോപ്പ് കീഴടക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഡൊണാള്‍ഡ് ട്രംപും ഫലസ്തീനികളോട് താന്‍ ചെയ്യുന്നത് കണ്ടുപഠിക്കണമെന്ന് യൂറോപ്യന്‍ ഭരണാധികാരികളെ ഉപദേശിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവും സാമൂഹിക മാധ്യമങ്ങളില്‍ പേരില്ലാ പ്രൊഫൈലുകളുണ്ടാക്കി പച്ചനുണകള്‍ എഴുതിവിടുന്ന സംഘ് സിംപതേഴ്‌സുമെല്ലാം ഒരേ ദിശയിലേക്ക് മാര്‍ച്ച് ചെയ്യുന്നവരാണ്. ഇരച്ചുവരുന്ന മനുഷ്യരോഷത്തെ ശരിയായ രാഷ്ട്രീയമുയര്‍ത്തി അഭിമുഖീകരിക്കാനുള്ള ത്രാണിയില്ലായ്മയാണ് ഈ വിദ്വേഷ പ്രചാരണത്തില്‍ കാണുന്നത്. പ്രക്ഷോഭത്തില്‍ നിന്ന് ഉണ്ടായിത്തീരേണ്ട മനുഷ്യപക്ഷ രാഷ്ട്രീയത്തിന് പകരം തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

മാരികാര്‍മെന്‍ അബാസ്‌കല്‍
എന്താണ് യൂറോപ്പില്‍ നടക്കുന്നത് എന്നതിന് ഉത്തരം തേടുന്നവര്‍ ഒരൊറ്റയാളെ പരിചയപ്പെട്ടാല്‍ മതിയാകും. ആ വയോധികയെ മരണത്തിലേക്ക് തള്ളിവിട്ടതാരാണ് എന്ന ഒറ്റചോദ്യത്തിന്റെ ഉത്തരം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി മാറും. മാരികാര്‍മെന്‍ അബാസ്‌കല്‍ എന്ന 87 വയസ്സുകാരിയായ സ്പാനിഷ് വനിതയെ കഴിഞ്ഞമാസം 23ന് മാഡ്രിഡിലെ അവരുടെ വാടക അപാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കിവിട്ടു. കുത്തനെ ഉയര്‍ത്തിയ വാടക നല്‍കാന്‍ വൈകിയതിനായിരുന്നു ഈ കുടിയൊഴിപ്പിക്കല്‍. മാഡ്രിഡിലെ റെറ്റിറോ പ്രദേശത്തുള്ള ഈ അപാര്‍ട്ട്‌മെന്റില്‍ പതിറ്റാണ്ടുകളായി താമസിച്ചുവരികയായിരുന്നു മാരികാര്‍മെന്‍ അബാസ്്കല്‍. പോലീസും സാമൂഹിക സേവന വിഭാഗവും ചേര്‍ന്ന് അവരെ സ്‌ട്രെച്ചറില്‍ കിടത്തിയാണ് ഒഴിപ്പിച്ചത്. സ്‌പെയിനിലെ ഭവന പ്രതിസന്ധിയുടെ പ്രതീകമായി മാരികാര്‍മന്‍ അതിവേഗം മാറി. അവരെ കുടിയൊഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാരികാര്‍മെന്‍ രണ്ടാഴ്ച കഴിഞ്ഞ് ഈ മാസം ഏഴിന് മരണത്തിന് കീഴടങ്ങിയതോടെ സ്‌പെയിന്‍ പ്രക്ഷോഭത്തിന്റെ തീയിലേക്ക് എടുത്തെറിയപ്പെട്ടു. വാടക നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഇടതുപക്ഷ നേതാവായ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തയ്യാറായെങ്കിലും തീവ്രവലതു പാര്‍ട്ടികളും പ്രതിപക്ഷവും ഒന്നിച്ചു ചേര്‍ന്ന് പരാജയപ്പെടുത്തി. ഇതോടെ പാര്‍ലിമെന്റ് പിരിച്ചുവിട്ട് ജനവിധി തേടുകയെന്ന ജനാധിപത്യപരിഹാരത്തിലേക്ക് സാഞ്ചസ് നീങ്ങിയിരിക്കുകയാണ്. ഒരേസമയം, രാഷ്ട്രീയ പരിഹാരം തടസ്സപ്പെടുത്തിയ തീവ്രവലതുപക്ഷം മറുവശത്ത് കുടിയേറ്റവിരുദ്ധത കത്തിച്ചു നിര്‍ത്തുകയാണ്. മൊറോക്കോയില്‍ നിന്ന് (സ്‌പെയിനിന്റെ ഭാഗമായ) സ്യൂട്ടയിലേക്ക് ഈയിടെയുണ്ടായ കുടിയേറ്റ പ്രവാഹത്തിന്റെ ദൃശ്യങ്ങള്‍ മുറിച്ചെടുത്താണ് ദുഷ്പ്രചാരണം. ഈ ഇരച്ചുവരുന്ന മുസ്‌ലിംകളാണ് സ്‌പെയിനിനെ ദരിദ്രമാക്കിയതെന്നാണ് സാന്റിയാഗോയെ പോലുള്ള നേതാക്കള്‍ ആക്രോശിക്കുന്നത്. സമ്പന്നമെന്ന് കരുതപ്പെടുന്ന സ്‌പെയിനില്‍ ആപേക്ഷിക ദാരിദ്ര്യം രൂക്ഷമാണെന്നും സാമ്പത്തിക അസമത്വമാണ് പ്രശ്‌നമെന്നും സ്വന്തം ജീവന്‍ കൊടുത്ത് വിളിച്ചുപറഞ്ഞാണ് ആ 87കാരി സമരത്തിന്റെ പ്രതീകമായി മാറിയത്. ആ നിലവിളി ആരും കേള്‍ക്കാതിരിക്കാന്‍ വംശീയ ആക്രോശം മുഴക്കുകയാണ് മുതലാളിത്ത വികസനത്തിന്റെ വക്താക്കള്‍.

ഫ്രാന്‍സിലെ കുട്ടികള്‍
ഫ്രാന്‍സിലെന്താണുണ്ടായത്? സ്‌പെയിനില്‍ വന്ദ്യവയോധികയാണ് വിപ്ലവത്തിന്റെ വിറകുകൊള്ളിയായതെങ്കില്‍ ഫ്രാന്‍സില്‍ ഈ തീ പടര്‍ന്നത് ഹൈസ്‌കൂള്‍ ക്ലാസ്സില്‍ നിന്നാണ്. സമൃദ്ധിയുടെ പറുദീസയെന്ന് കരുതപ്പെടുന്ന പാരീസിലെ തീര്‍ത്തും ദരിദ്രമായ പ്രാന്തപ്രദേശങ്ങളിലൊന്നായ ക്രെറ്റെയിലിലെ ലിസി സെന്റ്- എക്‌സുപെരി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് “അനുസരണക്കേട്’ തുടങ്ങിയത്. അവര്‍ക്ക് വേണ്ടത് ആവശ്യത്തിന് അധ്യാപകര്‍. സ്‌കൂളില്‍ പ്രാഥമിക സൗകര്യങ്ങള്‍. നല്ല ക്ലാസ്സ് മുറികള്‍. പാഠപുസ്തകങ്ങള്‍. സ്‌കൂള്‍ മുറ്റം മുദ്രാവാക്യങ്ങളാല്‍ മുഖരിതമായതോടെ സര്‍ക്കാര്‍ ഉണര്‍ന്നു. ഒരാഴ്ചക്കകം സ്‌കൂള്‍ അപ്പടി മാറി. പക്ഷേ, അവിടെ നിന്നില്ല കാര്യങ്ങള്‍. ലിസി സ്‌കൂളിലെ അനുഭവം രാജ്യത്തെ നിരവധി സ്‌കൂളുകള്‍ക്ക് പാഠമായി. അവിടങ്ങളിലും വിദ്യാര്‍ഥികള്‍ സമരവുമായിറങ്ങി. 2024-25 അധ്യയന വര്‍ഷത്തില്‍ പബ്ലിക് സെക്കന്‍ഡറി സ്‌കൂളുകളില്‍ 10 ശതമാനത്തോളം അധ്യയന മണിക്കൂറുകളിലും ക്ലാസ്സുകള്‍ നടന്നിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ തന്നെ കണക്ക്. അധ്യാപകരില്ലാത്തത് തന്നെ പ്രശ്‌നം. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമരം യുവാക്കളിലേക്ക് പടരുകയായിരുന്നു. സര്‍വകാശാലകളിൽ അഡ്മിഷൻ നിര്‍ണയിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമായ പാര്‍കോര്‍സപ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മുറവിളി കൂട്ടി. ഈ ആപ്പിന് നിഗൂഢമായ അല്‍ഗോരിതമുണ്ടെന്നും അത് “വലിയ വീട്ടിലെ കുട്ടി’കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയൊരുക്കുന്നുവെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, വിലക്കയറ്റം, ഇന്ധന വില വര്‍ധന തുടങ്ങിയവയും പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളിലേക്ക് വന്നു. പ്രക്ഷോഭത്തിനിടെ അവതരിപ്പിച്ച ബജറ്റ് ചെലവുചുരുക്കല്‍ നയത്തിലൂന്നുന്നതായിരുന്നു. ക്ഷേമപദ്ധതികളില്‍ നിന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് കണ്ടുനില്‍ക്കാന്‍ ബഹുജനങ്ങള്‍ തയ്യാറായിരുന്നില്ല. ജനതയൊന്നാകെ പ്രക്ഷോഭതത്തിലേക്ക് ഇരച്ചെത്തുന്നതാണ് പിന്നെ കണ്ടത്. ശരിയാണ്, പ്രക്ഷോഭത്തിന് കൃത്യമായ രൂപമോ നേതൃത്വമോ ഇല്ലായിരുന്നു. സ്വാഭാവികമായും അതിവൈകാരിക ഗ്രൂപ്പുകള്‍ സമരത്തിലേക്ക് കയറി. അവരില്‍ ചിലര്‍ അക്രമാസക്തരായി. അതൃപ്തിയില്‍ ഭ്രാന്തരായ ചിലര്‍ കടകളും വാഹനങ്ങളും കത്തിച്ചു. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ആക്രമിച്ചു. സമരത്തെ ഡിസ്‌ക്രഡിറ്റ് ചെയ്യാന്‍ തക്കം പാര്‍ത്തിരുന്ന മാരിനേ ലീ പെന്നിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കള്‍ അക്രമത്തിന്റെ ഭാഗം മാത്രം പ്രചരിപ്പിച്ചു. എല്ലാം ചെയ്യുന്നത് കുടിയേറ്റക്കാരാണെന്ന നരേഷന്‍ ലോകം മുഴുവന്‍ വിതറി. സമരത്തില്‍ പകച്ചുനിന്ന മാക്രോണ്‍ സര്‍ക്കാര്‍ ഈ ആഖ്യാനം തടയാനിറങ്ങിയതേയില്ല. ട്രംപിനും നെതന്യാഹുവിനും ശക്തമായ മറുപടി നല്‍കാന്‍ മാക്രോണ്‍ തയ്യാറായത് മാത്രമാണ് ആശ്വാസം.

മുസ്‌ലികളെന്ത് പിഴച്ചു?
പ്രക്ഷോഭത്തില്‍ കുടിയേറ്റക്കാര്‍ക്കും വിദേശത്ത് നിന്ന് വന്നവരുടെ പിന്‍മുറക്കാര്‍ക്കും വല്ല പങ്കുമുണ്ടോ? സവിശേഷമായ ഒരു പങ്കുമില്ല. എന്നാല്‍ ഫ്രഞ്ച് പോളിറ്റിയില്‍ ഫുട്‌ബോള്‍ ടീമടക്കം ഏത് മേഖലയിലുമുള്ളത് പോലെ കുടിയേറ്റക്കാരും മുസ്‌ലിംകളും ഈ സമരമുഖത്തുമുണ്ട്. കൊളോണിയല്‍ രാജ്യമായിരുന്നുവല്ലോ ഫ്രാന്‍സ്. അപ്പോള്‍ കോളനി രാജ്യങ്ങളില്‍ നിന്നെല്ലാം മനുഷ്യര്‍ സുഗമമായി ഫ്രാന്‍സില്‍ എത്തിച്ചേരുക സ്വാഭാവികമാണ്. ഏത് കൊളോണിയല്‍ രാജ്യത്തും ഇത് സംഭവിക്കും. മാത്രവുമല്ല, കോളനിവത്കരണം ചവച്ചുതുപ്പി ദരിദ്രമാക്കപ്പെട്ട ഇടങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ മെച്ചപ്പെട്ട ജീവിതം തേടി സമ്പന്ന പാശ്ചാത്യ നാടുകളിലേക്ക് ഒഴുകിയിട്ടുമുണ്ട്. മൂന്നാം ലോകമെന്ന് ആക്ഷേപിക്കപ്പെട്ട നാടുകളില്‍ നിന്നുള്ള സമ്പത്താണ് സത്യത്തില്‍ ഈ വന്‍ശക്തികളെ ഇന്നത്തെ നിലയിലെത്തിച്ചത്. അതുകൊണ്ട് ചരിത്രത്തിന്റെ മഹത്തായ പങ്കുചോദിക്കലാണ് കുടിയേറ്റം. അല്ലെങ്കില്‍ തന്നെ എല്ലാ ദേശരാഷ്ട്രങ്ങളെയും സൃഷ്ടിച്ചത് കുടിയേറ്റമല്ലേ. പുറത്തുനിന്നുള്ള മനുഷ്യപ്രവാഹമാണ് ഈ സമ്പദ്‌വ്യവസ്ഥകളെ ചലനാത്മകമാക്കിയതെന്ന യാഥാര്‍ഥ്യം ഇന്ന് കുടിയേറ്റവിരുദ്ധത രാഷ്ട്രീയ ആയുധമാക്കുന്നവര്‍ പോലും സമ്മതിക്കും.

പാശ്ചാത്യ നാടുകളിലെ മുസ്‌ലിംകള്‍ മതമനുവദിക്കുന്ന എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഇടങ്ങളിലും സജീവമാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും ചൂഷണത്തിനും അസമത്വത്തിനുമെതിരായ കൂട്ടായ്മകളില്‍ നേതൃപരമായ പങ്കുവഹിക്കാനും അവരുണ്ട്. ഇങ്ങനെ മുന്‍ നിരയില്‍ വന്ന സര്‍വ മുസ്‌ലിംകളെയും പാശ്ചാത്യ മൂല്യത്തോട് ചേരാത്തവരെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ ബോധപൂര്‍മായ ശ്രമം നടക്കുകയാണ്. പൊതു പ്രശ്‌നങ്ങളിലിടപെടുന്നത് മതംപ്രചരിപ്പിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്ന നെറികെട്ട ആക്ഷേപമാണ് തീവ്രവലതുപക്ഷവാദികള്‍ ഉയര്‍ത്തുന്നത്. ഇസ്‌ലാമോഫോബിയക്കെതിരെ സംസാരിക്കുന്നവരെ ഇസ്‌ലാമോ- ലെഫ്റ്റിസ്റ്റുകളെന്നും ആക്ഷേപിക്കുന്നു. ഈ പദ്ധതിയുടെ ഭാഗം കൂടിയാണ് പ്രക്ഷോഭത്തെ ചാരി “മുസ്‌ലിം പേടി’ സൃഷ്ടിക്കല്‍.

പിന്നില്‍ ഇറാന്‍!
ഇനി ഏതെങ്കിലും ബാഹ്യശക്തികള്‍ക്ക് ഈ പ്രക്ഷോഭത്തില്‍ പങ്കുണ്ടോ? ഉണ്ട്. ഇറാന് പങ്കുണ്ട്. അതെങ്ങനെ? യു എസും ഇസ്‌റാഈലും ഇറാനിനെതിരെ ഏകപക്ഷീയ ആക്രമണം അഴിച്ചുവിട്ടിടത്ത് നിന്ന് തുടങ്ങണം ഈ ചോദ്യത്തിന്റെ ഉത്തരം. ക്രൂരമായ ആക്രമണവും നേതൃനഷ്ടവും അനുഭവിച്ച ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കി യുദ്ധത്തിന്റെ ഗതിതന്നെ അട്ടിമറിച്ചു. ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ ആക്രമണത്തിന്റെ കെടുതി ലോകം മുഴുവന്‍ അനുഭവിക്കേണ്ട സ്ഥിതിയായി. കടുത്ത ഊര്‍ജ പ്രതിസന്ധിയിലകപ്പെട്ടത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇന്ധന വിലക്കയറ്റം മാത്രമല്ല, ഊര്‍ജ പ്രതിസന്ധി നീക്കാന്‍ കൂടുതല്‍ പണം ചെലവിടേണ്ടിവന്നതോടെ മറ്റു മേഖലകളിലേക്കൊന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കാതെ വന്നു. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും പോര്‍ച്ചുഗലിലെയും ഇറ്റലിയിലെയും ഗ്രീസിലെയുമെല്ലാം തെരുവകളെ പ്രക്ഷോഭഭരിതമാക്കിയത് ഇറാനിന്റെ ഹോര്‍മുസ് തന്ത്രം കൂടിയാണ്. എളുപ്പം അതിജീവിക്കാനാകാത്ത ഊര്‍ജപ്രതിസന്ധിയിലേക്കാണ് യൂറോപ്പ് നീങ്ങുന്നതെന്ന് ഇന്‍ര്‍നാഷനല്‍ എനര്‍ജി ഏജന്‍സി (ഐ ഇ എ) മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇറാനിനെതിരെ യു എസും ഇസ്‌റാഈലും നടത്തുന്ന ആക്രമണം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഗ്യാസ് ശേഖരവുമായി യൂറോപ്പ് ശൈത്യകാലത്തേക്ക് കടക്കുകയാണ്. ശൈത്യകാലത്തും പ്രക്ഷോഭത്തിന് ചൂടേറുമെന്നർഥം.
എല്ലാം കുടിയേറ്റക്കാരുടെ തലയിലിട്ട് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന ട്രംപ് അക്രമാസക്ത വിദേശനയം അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്‌നമേ യൂറോപ്പിലുള്ളൂ..

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest