Kerala
എഡിജിപി എം ആർ അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടി.
തിരുവനന്തപുരം| എഡിജിപി എം ആർ അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കി. നാല് മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. അജിത് കുമാറിനെതിരായ കേസുകളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടി.
ആലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെതിരായ നടപടി. കേസിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അജിത് കുമാർ ഇടപെട്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ, കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ നീക്കം നടത്തിയതായും വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നേരത്തെ ഏർപ്പെടുത്തിയ മൂന്ന് മാസത്തെ സസ്പെൻഷൻ കാലാവധിയാണ് ഇപ്പോൾ 120 ദിവസം കൂടി നീട്ടിയിരിക്കുന്നത്.
Content Highlights:The Kerala government has extended the suspension of ADGP MR Ajith Kumar for another 120 days. The action comes as the ongoing investigation into the Alappuzha Nava Kerala Yatra assault case revealed his attempt to sabotage probe reports. Officials cited potential interference with the investigation if reinstated.


