From the print
പാരാ ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം
പാരാ ബാഡ്മിന്റൺ, പാരാ ടേബിൾ ടെന്നിസ്, ബ്ലൈൻഡ് ഫുട്ബോൾ, ബൊച്ചിയ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മത്സരങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഐച്ചി നഗോയ | 2026 ഏഷ്യൻ പാരാ ഗെയിംസിന് ഇന്ന് ജപ്പാനിലെ ഐച്ചി നഗോയയിൽ ഔ
ദ്യോഗിക തുടക്കമാകും. നഗോയ സിറ്റി മിസുഹോ പാർക്ക് അത്്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പാരാ ബാഡ്മിന്റൺ താരം പ്രമോദ് ഭഗതും പാരാ ടേബിൾ ടെന്നിസ് താരം ഭവിന പട്ടേലും ഇന്ത്യൻ പതാക വഹിക്കും. 11 ഇനങ്ങളിലായി 112 പുരുഷന്മാരും 56 സ്ത്രീകളും അടങ്ങുന്ന 168 അംഗ സംഘത്തെയാണ് ഇന്ത്യ ഇത്തവണ അണിനിരത്തിയിരിക്കുന്നത്. പാരാ ബാഡ്മിന്റൺ, പാരാ ടേബിൾ ടെന്നിസ്, ബ്ലൈൻഡ് ഫുട്ബോൾ, ബൊച്ചിയ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മത്സരങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഈ മാസം 24 വരെ നീളുന്ന ഗെയിംസിൽ 18 ഇനങ്ങളിലായി 492 സ്വർണ മെഡലുകൾക്കായാണ് പാരാ അത്്ലറ്റുകൾ മത്സരിക്കുക. അഞ്ചാം പതിപ്പായ ഈ ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നുള്ള 3,000ത്തോളം താരങ്ങൾ പങ്കെടുക്കും. 2010ൽ ചൈനയിലെ ഗുവാംഗ്ഷൂവിലാണ് ആദ്യ പതിപ്പ് നടന്നത്. 2023ലെ ഹാംഗ്ഷൂ ഏഷ്യൻ പാരാ ഗെയിംസിലായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ഉൾപ്പെടെ ആകെ 111 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2010ലെ കന്നി പതിപ്പിൽ ഒരു സ്വർണമടക്കം 14 മെഡലുകൾ നേടിയ ഇന്ത്യ 15ാം സ്ഥാനത്തായിരുന്നു. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇഞ്ചിയോണിൽ 87 അംഗ സംഘത്തെ അയച്ച ഇന്ത്യ മൂന്ന് സ്വർണവും 14 വെള്ളിയും 16 വെങ്കലവും അടക്കം 33 മെഡലുകളുമായി തിരിച്ചെത്തി. 2018ൽ ജക്കാർത്തയിൽ 16 സ്വർണ മടക്കം 72 മെഡലുകൾ ലഭിച്ചു.
മത്സരങ്ങൾ ഡി ഡി സ്പോർട്സ് ചാനലിലും വേവ്സ് ഒ ടി ടി ആപ്പിലും പ്രസാർ ഭാരതി സ്പോർട്സ് യുട്യൂബ് ചാനലിലും തത്്സമയം കാണാം.
Content Highlights: The 2026 Asian Para Games officially begins today in Aichi Nagoya, Japan. Pramod Bhagat and Bhavina Patel lead the 168-member Indian contingent as flag bearers at the opening ceremony. India aims to build on its record performance from the previous edition as 3,000 athletes compete for top honors.





