Kerala
ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവല്‍; കോഴിക്കോട് സാഗര്‍ ഹോട്ടലിനെതിരെ നടപടി
കോര്പ്പറേഷന് ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിച്ചത്.
കോഴിക്കോട്| ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗര്‍ ഹോട്ടലിനെതിരെ നടപടി. കോര്പ്പറേഷന് ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ റെനീഷ് എന്ന യുവാവിന്റെ പരാതിയിലാണ് കോര്പ്പറേഷന്, ഹോട്ടലിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് റെനീഷ് സാഗര്‍ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി വാങ്ങിയത്. തുടര്‍ന്ന് ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് ഇറച്ചിയില്‍ കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ റെനീഷ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഹോട്ടല്‍ അധികൃതരോട് വിവരം പറയുകയും ചെയ്തു.
എന്നാല്‍ ഇതൊരു വലിയ സംഭവമാക്കേണ്ട എന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്തോളൂ എന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതെന്ന് റെനീഷ് പറഞ്ഞു. തുടര്‍ന്ന് റെനീഷ് ബിരിയാണിയുമായി ഹോട്ടലിന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എന്നാല്‍ തെറ്റ് തങ്ങളുടെ ഭാഗത്തായതിനാല് റെനീഷിനോട് മാപ്പ് പറഞ്ഞുവെന്നും കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ റെനീഷ് ഹോട്ടലിന്റെ വാതില്ക്കലിരുന്ന് മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
Content Highlights: Kozhikode Corporation health wing issued a notice to Sagar Hotel after a customer found a chicken feather in his biryani parcel. The customer protested in front of the hotel following an indifferent response from the management. Meanwhile, hotel officials stated they apologized for the lapse while claiming the customer caused a disturbance.



