Connect with us

Articles

ചേരിചേരാ നയത്തിന്റെ ഒമാന്‍ മാതൃകകള്‍

യുദ്ധങ്ങളും ചേരിതിരിവുകളും പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍, ഒമാന്‍ കാണിക്കുന്ന ശാന്തതയും ചേരിചേരാ നയവും വലിയ രാഷ്ട്രീയ പ്രസക്തിയുള്ളതാണ്. ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും സ്വാധീനവും അതിന്റെ സൈനിക ശക്തിയിലോ വലിപ്പത്തിലോ മാത്രമല്ല, മറിച്ച് സമാധാനപരമായ സംഭാഷണങ്ങള്‍ക്ക് വിശ്വസനീയമായ ഇടമൊരുക്കാനുള്ള ശേഷിയിലുമാണെന്ന് ഒമാന്‍ തെളിയിക്കുന്നു.

Published

|

Last Updated

പശ്ചിമേഷ്യ വീണ്ടുമൊരു സംഘര്‍ഷഭരിതമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ലോകം ആശങ്കയോടെയാണ് ഈ മേഖലയിലേക്ക് ഉറ്റുനോക്കുന്നത്. അശാന്തിയുടെയും യുദ്ധഭീതിയുടെയും കാര്‍മേഘങ്ങള്‍ പശ്ചിമേഷ്യന്‍ ആകാശത്ത് ഉരുണ്ടുകൂടുമ്പോഴെല്ലാം, സമാധാനത്തിന്റെയും മാധ്യസ്ഥതയുടെയും അക്ഷയദീപമായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു നാമമുണ്ട്; ഒമാന്‍ സുല്‍ത്താനേറ്റ്. ഒമാന്റെ ശാന്തതയും ആഭ്യന്തരമായ സ്വസ്ഥതയും കേവലം അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് അത് ആ രാജ്യത്തിന്റെ വിദേശ നയങ്ങളിലും നിലപാടുകളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. പ്രകോപനങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും വഴങ്ങാത്ത ഈ നിലപാടാണ് ഏത് കലുഷിതമായ സംഘര്‍ഷവേളകളിലും ഒമാനെ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ മധ്യസ്ഥനാക്കി മാറ്റുന്നത്.

പശ്ചിമേഷ്യയുടെ സമകാലിക രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ പ്രാദേശിക അധികാരമത്സരം, രാഷ്ട്രീയ വൈരുധ്യങ്ങള്‍, ഊര്‍ജസമ്പത്തുകളുടെ നിയന്ത്രണം, സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ, ആഗോള ശക്തികളുടെ ഇടപെടല്‍ എന്നിവക്ക് നിര്‍ണായക സ്ഥാനമുണ്ട്. ഈ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും പ്രാദേശിക അതിര്‍ത്തികള്‍ മറികടന്ന് അന്താരാഷ്ട്ര രാഷ്ട്രീയത്തെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുന്നു. ഈ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിലാണ്, താരതമ്യേന സംയമിതമായ വിദേശനയം പിന്തുടരുകയും എതിരാളികളായ രാജ്യങ്ങള്‍ക്കിടയില്‍ സംഭാഷണത്തിനും നയതന്ത്ര ബന്ധങ്ങള്‍ക്കും അവസരമൊരുക്കുകയും ചെയ്യുന്ന രാജ്യമായി ഒമാന്‍ ശ്രദ്ധേയമാകുന്നത്. ഒമാന്റെ വിദേശ നയത്തെ കേവലം സമാധാനാഭിലാഷത്തിന്റെ പ്രകടനമായി മാത്രം വിലയിരുത്താനാകില്ല. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ചരിത്രപരമായ വ്യാപാരബന്ധങ്ങള്‍, പ്രാദേശിക സുരക്ഷാ താത്പര്യങ്ങള്‍, ഭരണപരമായ തുടര്‍ച്ച, അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള പ്രായോഗിക സമീപനം എന്നിവയുടെ സംയോജനമായാണ് അതിനെ മനസ്സിലാക്കേണ്ടത്.

പ്രായോഗികതയും സംയമനവും
ഒമാന്റെ വിദേശ നയത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് പ്രായോഗികതയും സംയമനവും. പ്രാദേശിക രാഷ്ട്രീയത്തിലെ വൈരുധ്യങ്ങള്‍ക്കിടയിലും വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താനും അഭിപ്രായവ്യത്യാസങ്ങളെ നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ കൈകാര്യം ചെയ്യാനും രാജ്യം ശ്രമിക്കുന്നു. പരസ്പര ബഹുമാനം, പരമാധികാരത്തോടുള്ള ആദരവ്, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, സമാധാനപരമായ തര്‍ക്കപരിഹാരം, സംഭാഷണം എന്നിവ ഒമാന്റെ സവിശേഷ നിലപാടുകളാണ്.

ഇവിടെ നിഷ്പക്ഷത, മാധ്യസ്ഥം, പ്രായോഗിക നയതന്ത്രം എന്നിവ വ്യത്യസ്തമായ അര്‍ഥതലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഏതെങ്കിലും ഒരു കക്ഷിയുടെ പക്ഷം ചേരാതിരിക്കുക എന്നതിനേക്കാള്‍, തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്കിടയില്‍ ആശയവിനിമയം സുഗമമാക്കുകയും ദേശീയ- പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സജീവമായ ഇടപെടലാണ് ഒമാന്‍ നടത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ ഫലമല്ല. ചരിത്രപരമായ തര്‍ക്കങ്ങള്‍, സുരക്ഷാപരമായ ആശങ്കകള്‍, രാഷ്ട്രീയാധിപത്യത്തിനായുള്ള മത്സരങ്ങള്‍, വിഭവങ്ങളുടെ നിയന്ത്രണം, ബാഹ്യശക്തികളുടെ ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളുടെ സങ്കീര്‍ണമായ സംയോജനമാണ് അവക്ക് പിന്നിലുള്ളത്. ഇറാനും അറബ് രാജ്യങ്ങളിലെ ചില ഭരണകൂടങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, ഇറാനും ഇസ്റാഈലും തമ്മിലുള്ള ശത്രുത, ഇസ്റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം, യമനിലെ ആഭ്യന്തര യുദ്ധവും അതിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളും, ഗള്‍ഫ് മേഖലയിലെ സുരക്ഷാപരമായ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ നിരന്തരം സങ്കീര്‍ണമാക്കുന്നു.

ഈ സാഹചര്യത്തില്‍, പ്രാദേശിക രാഷ്ട്രീയത്തെ കേവലം കക്ഷികള്‍ തമ്മിലുള്ള മത്സരമായി മാത്രം കാണാതെ പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങള്‍ അയല്‍രാജ്യങ്ങളിലേക്കും വ്യാപാര പാതകളിലേക്കും ആഗോള ഊര്‍ജ വിപണിയിലേക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. ഒമാന്റെ വിദേശ നയത്തെ ഈ പരസ്പരാശ്രിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. പ്രാദേശിക സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക- സുരക്ഷാ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍, സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും ഒമാന്‍ വലിയ പ്രാധാന്യം നല്‍കുന്നു.

ഒമാന്റെ മാധ്യസ്ഥ നയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളിലെ ഇടപെടലുകളാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയവൈരവും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉപരോധങ്ങളും പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഈ ബന്ധത്തെ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും നേരിട്ട് ആശയവിനിമയം നടത്താനുള്ള സാധ്യതകള്‍ ഒരുക്കുന്നതില്‍ ഒമാന്‍ നിര്‍ണായകമായ നയതന്ത്രപങ്ക് വഹിച്ചു. 2015ല്‍ ഒപ്പുവെച്ച ചരിത്രപരമായ ഇറാന്‍ ആണവ കരാറിലേക്ക് നയിച്ച പ്രാഥമികവും രഹസ്യവുമായ ചര്‍ച്ചകള്‍ക്ക് വേദിയായത് മസ്‌കത്തായിരുന്നു. പരസ്യമായ രാഷ്ട്രീയ പ്രഖ്യാപനങ്ങളേക്കാള്‍ നിയന്ത്രിതമായ കൂടിയാലോചനകള്‍ക്കും രഹസ്യ നയതന്ത്രത്തിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനുള്ള ശേഷി ഒമാന്റെ സവിശേഷതയാണ്.

കൂടാതെ, യമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഹൂതി പ്രസ്ഥാനത്തിനും അവരുമായി വിയോജിപ്പ് പുലര്‍ത്തുന്നവര്‍ക്കിടയിലും സമാധാന സന്ദേശങ്ങള്‍ കൈമാറുന്നതിലും തടവുകാരെ മോചിപ്പിക്കുന്നതിലും ഒമാന്‍ നിര്‍ണായക പങ്ക് വഹിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി സി സി) നയതന്ത്ര പ്രതിസന്ധികളിലും മുന്‍കാലങ്ങളില്‍ ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളിലുമെല്ലാം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത മാധ്യസ്ഥം വഹിക്കാന്‍ ഒമാന് സാധിച്ചിട്ടുണ്ട്. തടവിലാക്കപ്പെട്ട പാശ്ചാത്യ പൗരന്മാരുടെയും നയതന്ത്രജ്ഞരുടെയും മോചനത്തിനായി ഇറാനുമായും യമനുമായും ഒമാന്‍ നടത്തിയ ഇടപെടലുകള്‍ അന്താരാഷ്ട്രതലത്തില്‍ ഒമാന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു.

ഹോര്‍മുസ് കടലിടുക്കും സമുദ്ര സുരക്ഷയും
ഹോര്‍മുസ് കടലിടുക്ക് ഒമാന്റെ വിദേശ നയത്തില്‍ പ്രത്യേക പ്രാധാന്യമുള്ള ഭൂമിശാസ്ത്രപരമായ മേഖലയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ സമുദ്ര പാതയിലൂടെ വലിയ അളവില്‍ എണ്ണയും പ്രകൃതിവാതകവും അന്താരാഷ്ട്ര വിപണികളിലേക്ക് കടന്നുപോകുന്നു. ഈ പാതയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ഊര്‍ജവിതരണത്തെ മാത്രമല്ല, അന്താരാഷ്ട്ര വ്യാപാരത്തെയും ചരക്കുനീക്കത്തെയും ആഗോള സാമ്പത്തികസ്ഥിരതയെയും ബാധിക്കാം.

സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സൈനിക ശേഷിയും പ്രതിരോധ സംവിധാനങ്ങളും പ്രധാനമാണെങ്കിലും, അവ മാത്രം മതിയാകില്ല. സമുദ്ര പാതകളുടെ ഉപയോഗം സംബന്ധിച്ച ധാരണകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, അപകടകരമായ സൈനിക നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങളുടെ അംഗീകാരം എന്നിവയും ആവശ്യമാണ്. അതിനാല്‍ പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനും നയതന്ത്ര ബന്ധങ്ങള്‍ക്കും ഒമാന്‍ നല്‍കുന്ന പ്രാധാന്യം തന്ത്രപരമായ പ്രസക്തിയുള്ളതാണ്. പ്രാദേശിക സമാധാനം ധാര്‍മികമോ രാഷ്ട്രീയമോ ആയ ആശയം മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ആഗോള വ്യാപാരത്തിന്റെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനുള്ള പ്രായോഗികമായ ആവശ്യകത കൂടിയാണെന്ന് സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ഒമാന്റെ സമീപനം വ്യക്തമാക്കുന്നു.

നയതന്ത്ര നേട്ടങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും
ഒമാന്റെ നയതന്ത്ര മാധ്യസ്ഥത്തിന് പല തലങ്ങളിലായി രാഷ്ട്രീയപ്രയോജനങ്ങളുണ്ട്. രാജ്യത്തിന് പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് വിശാലമായ ധാരണ നേടാനും പ്രതിസന്ധികളില്‍ ഇടപെടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പരസ്പരം വിയോജിക്കുന്നവര്‍ക്ക് ആശയവിനിമയത്തിന് സ്വീകാര്യമായ വേദിയായി അംഗീകരിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയും നയതന്ത്ര പ്രാധാന്യവും വര്‍ധിക്കുന്നു. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷാപരമായ അപകട സാധ്യതകളും സാമ്പത്തിക- സാമൂഹിക താത്പര്യങ്ങള്‍ക്കെതിരായ പ്രത്യാഘാതങ്ങളും കുറയ്ക്കാന്‍ കഴിയുന്നു. ഒരു കക്ഷിയുമായുള്ള ബന്ധം മറ്റൊന്നുമായി പൂര്‍ണമായി വിച്ഛേദിക്കേണ്ട സാഹചര്യം ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ വഴക്കം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ക്കൊപ്പം ചില വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. പരസ്പരം വൈരുധ്യമുള്ള കക്ഷികളുമായി ബന്ധം നിലനിര്‍ത്തുന്നത് നയതന്ത്രപരമായ വലിയ സമ്മര്‍ദങ്ങള്‍ക്ക് കാരണമാകാം. മാധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാം. കൂടാതെ, പ്രാദേശിക ശക്തികളുടെ മത്സരവും ബാഹ്യശക്തികളുടെ വലിയ തോതിലുള്ള ഇടപെടലും ഒരു ചെറിയ രാജ്യത്തിന്റെ നയതന്ത്രപരമായ പ്രവര്‍ത്തന പരിധിയെ പരിമിതപ്പെടുത്തുമെന്നതും ഒരു യാഥാര്‍ഥ്യമാണ്.

യുദ്ധങ്ങളും ചേരിതിരിവുകളും പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍, ഒമാന്‍ കാണിക്കുന്ന ശാന്തതയും ചേരിചേരാ നയവും വലിയ രാഷ്ട്രീയ പ്രസക്തിയുള്ളതാണ്. ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും സ്വാധീനവും അതിന്റെ സൈനിക ശക്തിയിലോ വലിപ്പത്തിലോ മാത്രമല്ല, മറിച്ച് സമാധാനപരമായ സംഭാഷണങ്ങള്‍ക്ക് വിശ്വസനീയമായ ഇടമൊരുക്കാനുള്ള ശേഷിയിലുമാണെന്ന് ഒമാന്‍ തെളിയിക്കുന്നു. മാധ്യസ്ഥ ശ്രമങ്ങളുടെ അന്തിമവിജയം ബന്ധപ്പെട്ട രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കാനും സംഭാഷണത്തിന്റെ വാതിലുകള്‍ തുറന്നിടാനും ഒമാന്‍ പിന്തുടരുന്ന വിവേകപൂര്‍ണമായ വിദേശനയത്തിന് സാധിക്കുന്നു.

 

Latest