International
അനധികൃതമെന്ന് ആരോപണം; അംഗീകാരമില്ലാത്ത ഗ്രാമങ്ങളിലെ നിര്‍മിതികള്‍ പൊളിച്ചുനീക്കി ഇസ്റാഈല്‍
അനുമതിയില്ലാതെ നിര്‍മ്മിച്ചു എന്നാരോപിച്ചാണ് നെഗെവിലെ അറബ് ഗ്രാമങ്ങളില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതെന്ന് പലസ്തീന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
ലണ്ടന്‍ | നെഗെവില്‍ അംഗീകാരമില്ലാത്ത ഉമ്മ് നുമൈല, അബു ഖുറൈനാത്ത് ഗ്രാമങ്ങളില്‍ അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് മൂന്ന് വീടുകളും നിര്‍മിതികളും ഇസ്റാഈല്‍ അധികൃതര്‍ പൊളിച്ചുനീക്കി. ഫലസ്തീന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. കഴിഞ്ഞ ഞായറാഴ്ച അബു ഖുറൈനാത്ത് ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടുംബം പിഴ ഒഴിവാക്കാന്‍ തങ്ങളുടെ വീട് സ്വയം പൊളിച്ചുനീക്കിയിരുന്നു.
നെഗെവിലെ 40 ഗ്രാമങ്ങളെയാണ് ഇസ്റാഈല്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്തവയായി കണക്കാക്കുന്നത്. ഇവിടെ ബെദൂയിന്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷം അറബ് പൗരന്മാര് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 55,000 ബെദൂയിനുകള്ക്ക് തങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
വൈദ്യുതി, വെള്ളം, ഗതാഗതം, പൊതുസേവനം എന്നിവ ലഭിക്കാത്തതിനാല്‍ ബെദൂയിനികള് കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്.




