From the print
താരിഫ് നയം വിജ്ഞാപനം ചെയ്തു; വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും
നിരക്ക് വര്‍ധന മുന്‍കാല നഷ്ടം നികത്താനെന്ന്.
തിരുവനന്തപുരം | ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്നു. 2027 ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ വൈദ്യുതി നിരക്കും സര്‍ചാര്‍ജും നിലവില്‍ വരും. വൈദ്യുതി ബോര്‍ഡിന്റെ മുന്‍കാല നഷ്ടമായ 5,000 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ധന. നാല് വര്‍ഷത്തിനകം ഈ തുക ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ചെയ്തു. 2027-28 മുതല്‍ 2031-32 വരെയുള്ള അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതില്‍ നാല് വര്‍ഷവും സര്‍ചാര്‍ജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സര്‍ചാര്‍ജ് കണക്കാക്കുക. മുന്‍കാല നഷ്ടത്തിന്റെ ബാധ്യതക്കൊപ്പം ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന.
വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവില്‍ ഇന്ധന വിലവര്‍ധന മൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാന്‍ നിലവില്‍ പ്രതിമാസം ഇന്ധന സര്‍ചാര്‍ജ് ചുമത്തുന്നുണ്ട്. ദീര്‍ഘകാല വൈദ്യുതി കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കില്‍, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഇതിന് കമ്മീഷന്റെ മുന്‍കൂര്‍ അംഗീകാരം ആവശ്യമില്ല. എന്നാല്‍, ശരാശരി വൈദ്യുതി വിലയുടെ നാല് ശതമാനത്തില്‍ കൂടുതല്‍ ഇന്ധന സര്‍ചാര്‍ജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. അധികബാധ്യത വേഗത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ചട്ടം കൊണ്ടുവന്നത്.
പീക്ക് സമയം നീട്ടി
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവില്‍ വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് വരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ ദീര്‍ഘിപ്പിക്കും. ഈ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ കൂടുതല്‍ വിഭാഗങ്ങളില്‍ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കാനും നയം നിര്‍ദേശിക്കുന്നുണ്ട്.
പുതിയ പീക്ക് സമയക്രമത്തിനനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് സ്ഥാപിച്ച സ്മാര്‍ട്ട് മീറ്ററുകള്‍, ടി ഒ ഡി മീറ്ററുകള്‍, എ ബി ഡി മീറ്ററുകള്‍ എന്നിവക്ക് നിരക്ക് ബാധകമാകും. പകല്‍ സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറക്കാനുള്ള നിര്‍ദേശം വിതരണ കമ്പനിക്ക് നല്‍കാമെന്നും ഇതുപ്രകാരം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി 11.30 മുതല്‍ രാവിലെ എട്ട് വരെയും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്നും വ്യക്തമാക്കുന്ന നയം, വീടുകളില്‍ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനമൊരുക്കി രാത്രിയില്‍ അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നവര്‍ക്ക് പ്രോത്സാഹനകരമായ വില നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
മുന്‍കാല നഷ്ടം നികത്താനുള്ള സര്‍ചാര്‍ജ്, ഇന്ധന വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ നിരക്ക് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വൈദ്യുതി ചെലവിനെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, പൊതുഹിയറിംഗിനും തുടര്‍നടപടികള്‍ക്കും ശേഷമായിരിക്കും അന്തിമ നിരക്ക് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.
Content Highlights:
The state government has officially notified the new electricity tariff policy. This move will lead to an increase in power tariffs and additional surcharges for consumers in Kerala. The revised guidelines aim to streamline revenue models and adjust fuel charges for power distribution.



