Connect with us

From the print

സി എം ആര്‍ എല്‍- എക്‌സാലോജിക് കേസ്: ഹവാലയുടെ വഴിയേ ഇ ഡി

ദുബൈയിലേക്ക് കത്തയക്കാന്‍ നീക്കം.

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ഹവാല കേസ് അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇ ഡി). മുന്‍ മന്ത്രി മുഹമ്മദ് റിയാസും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും പ്രതികളായ കേസില്‍ വിദേശത്തു നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ലെറ്റേഴ്സ് റോഗേറ്ററി നല്‍കാന്‍ അന്വേഷണ ഏജന്‍സി നടപടി ആരംഭിച്ചു.

ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് തെളിവുകള്‍ ശേഖരിക്കുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഉപയോഗിക്കുന്ന നിയമരേഖയായ ‘ലെറ്റേഴ്സ് റോഗേറ്ററി’ കൈമാറുന്നതിനായി കൊച്ചിയിലെ പി എം എല്‍ എ കോടതിയുടെ അനുമതി തേടാനാണ് ഇ ഡിയുടെ തീരുമാനം. കോടതി അനുമതി ലഭിച്ചശേഷം വിദേശകാര്യ മന്ത്രാലയം വഴി ദുബൈയിലെ ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ഹവാല വഴി പണം കൈമാറിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യും. വിദേശത്തേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ദുബൈയിലെ വിവരങ്ങള്‍ ഉറപ്പുവരുത്തിയശേഷം മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് ഇ ഡിയുടെ നീക്കം.

മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം സുഹൃത്തായ ഹസന്‍ വാരിസ് വഴി ഹവാല ഇടപാടിലൂടെ 1.2 കോടി രൂപ ദുബൈയിലെ ഫൈജാസ് എന്നയാള്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഹസന്‍ വാരിസ് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്. വരുമാനസ്രോതസ്സിനു വിരുദ്ധമായി 20 കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. റിയാസിന്റെ സുഹൃത്തുക്കള്‍ ഇടപാടുകള്‍ക്ക് കൂട്ടുനിന്നതായും ഇ ഡി വ്യക്തമാക്കുന്നു.

പ്രത്യേക ബഞ്ച്
സി എം ആര്‍ എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബഞ്ച് ബുധനാഴ്ച വാദം കേള്‍ക്കും. മുഹമ്മദ് റിയാസും ടി വീണയും ഹരജി നല്‍കിയിട്ടുണ്ട്.

Content Highlights:
The Enforcement Directorate is investigating potential hawala transaction channels in the CMRL-Exalogic case. The probe focuses on financial transfers between the chemical company and the firm owned by Veena Vijayan. Authorities are examining bank records and transaction trails for illicit activities.

 

Latest