articles
പീസ് ബോണ്ടുകളിലെ ചതി
പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ ഡല്‍ഹി പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് "പീസ് ബോണ്ടുകള്‍' (സമാധാനം നിലനിര്‍ത്തുന്നതിനുള്ള ജാമ്യവ്യവസ്ഥകള്‍) എന്ന നിയമക്കുരുക്കാണ്. സമരവേദികളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നവരെ, അവര്‍ പിന്നീട് യാതൊരു പ്രതിഷേധങ്ങളിലും പങ്കെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കടുത്ത വ്യവസ്ഥകളോടെയാണ് പോലീസ് വിട്ടയക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളും അതിനെത്തുടര്‍ന്നുള്ള കൂട്ട അറസ്റ്റുകളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെയും സി ജെ പി ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെയും ആക്ടിവിസ്റ്റുകളുടെയും മുന്‍കൈയില്‍ നടക്കുന്ന ഈ സമരങ്ങളെ ഭരണകൂടം നേരിടുന്നത് കേവലം പോലീസ് സേനയെ ഉപയോഗിച്ചല്ല, പ്രത്യുത നിയമത്തെ തന്നെ അടിച്ചമര്‍ത്തല്‍ ആയുധമാക്കിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒത്തുചേരാനുമുള്ള പൗരന്റെ മൗലികാവകാശത്തിന്മേല് ഭരണകൂടം എങ്ങനെയാണ് വ്യവസ്ഥാപിതമായി കടന്നുകയറുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് പ്രതിഷേധങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഇടപെടലുകള്‍.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്കെയെയും പാര്‍ട്ടിയുടെ സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും വിമാനം ഇറങ്ങിയതിന് പിന്നാലെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം നിരോധിച്ചിട്ടുണ്ടെന്നും സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പോലീസിന്റെ നടപടി.
ഒക്ടോബര്‍ 11ന്, ഓരോരുത്തര്‍ക്കും 50,000 രൂപയുടെ ജാമ്യത്തുകയുള്ള ബോണ്ട് സമര്‍പ്പിക്കുകയും ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂന്ന് പേരെയും വിട്ടയച്ചത്. തുടര്‍ന്ന്, ഒക്ടോബര്‍ 16ന് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ സി ജെ പി ആഹ്വാനം ചെയ്ത “ലഹ്റാ ദോ തിരംഗ’ മാര്‍ച്ചിന് മുന്നോടിയായി ദീപ്കെയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നേരത്തേ സമാധാനം പാലിക്കാമെന്ന് ഉറപ്പുനല്‍കി ബോണ്ട് നല്‍കിയിരുന്ന ദീപ്കെ അത് ലംഘിച്ചെന്നാരോപിച്ചായിരുന്നു പുതിയ നടപടി. ഒക്ടോബര്‍ 17ന് ദിപ്കെയെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കാമെന്ന “പീസ് ബോണ്ട്’ നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും വിട്ടയക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ ഡല്‍ഹി പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് മേല്‍ പരാമര്‍ശിച്ച “പീസ് ബോണ്ടുകള്‍’ (സമാധാനം നിലനിര്‍ത്തുന്നതിനുള്ള ജാമ്യവ്യവസ്ഥകള്‍) എന്ന നിയമക്കുരുക്കാണ്. സമരവേദികളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നവരെ, അവര്‍ പിന്നീട് യാതൊരു പ്രതിഷേധങ്ങളിലും പങ്കെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കടുത്ത വ്യവസ്ഥകളോടെയാണ് പോലീസ് വിട്ടയക്കുന്നത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 107, അഥവാ, നിലവിലെ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ 126ാം വകുപ്പ് പ്രകാരം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരില്‍ നിന്ന് ഒരു നിശ്ചിത കാലയളവിലേക്ക് സമാധാനം പാലിക്കാമെന്ന് കാണിച്ച് ബോണ്ട് ഒപ്പിട്ടുവാങ്ങാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ക്ക് അധികാരമുണ്ട്. യഥാര്‍ഥത്തില്‍ പ്രാദേശികമായ സംഘര്‍ഷങ്ങളും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമത്തെ, തികച്ചും ജനാധിപത്യപരമായി നടക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടി ഡല്‍ഹി പോലീസ് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിലെ ഏറ്റവും വലിയ നിയമപരമായ വൈരുധ്യം ഈ ബോണ്ടുകള്‍ അനുവദിക്കുന്ന മജിസ്ട്രേറ്റുമാരുടെ നിഷ്പക്ഷതയിലാണ്. പലപ്പോഴുമിത് വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഡല്‍ഹി ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനമാണുള്ളത്. ഇതുപ്രകാരം അസ്സിസ്റ്റന്റ് കമ്മീഷണര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്. അതായത്, അഭിജീത് ദീപ്കെയെയും സി ജെ പി പ്രവര്‍ത്തകരെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുന്ന അതേ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ മജിസ്ട്രേറ്റിന്റെ കസേരയിലിരുന്ന് അവര്‍ക്ക് മേല്‍ കടുത്ത വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നു.
കുറ്റാരോപണം ഉന്നയിക്കുന്നവരും വിധി പറയുന്നവരും ഒരേ ഏജന്‍സി തന്നെയാകുന്ന ഈ പ്രക്രിയ സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനമാണ്. പൗരന് ലഭിക്കേണ്ട നിയമപരമായ പരിരക്ഷ ഇവിടെ നിഷേധിക്കപ്പെടുകയും പോലീസിന്റെയും ഭരണകൂടത്തിന്റെയും താത്പര്യങ്ങള്‍ മാത്രം യാന്ത്രികമായി നടപ്പാക്കപ്പെടുകയും ചെയ്യുന്നു.
ഒരിക്കല്‍ പീസ് ബോണ്ട് ഒപ്പിട്ട് നല്കിയാല്, പിന്നീട് ഏതെങ്കിലും സമരങ്ങളില്‍ പങ്കെടുക്കുന്നത് ബോണ്ട് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടും. ഇത് പ്രതിഷേധക്കാര്‍ക്കെതിരെ കൂടുതല്‍ കടുത്ത ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനോ വലിയ തുക പിഴയായി ഈടാക്കാനോ പോലീസിന് അധികാരം നല്കുന്നു. അഭിജീത് ദീപ്കെയെപ്പോലുള്ളവരെ ലക്ഷ്യം വെക്കുന്നതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്; നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും ജനങ്ങളെ ബോധവത്കരിച്ച് സംഘടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കുക. ഇത് അടിസ്ഥാനപരമായി സമൂഹത്തില്‍ ഭയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും പൗരന്മാരെ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കാന്‍ പോലീസ് സംവിധാനത്തെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് പൗരാവകാശ പ്രവര്‍ത്തകരും മുതിര്‍ന്ന അഭിഭാഷകരും ശക്തമായി വിമര്‍ശിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി സംഘടിക്കാനുമുള്ള അവകാശത്തിനും മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണിത്. ജനാധിപത്യത്തില്‍ ഭരണകൂടത്തോടും അതിന്റെ സ്ഥാപനങ്ങളോടും വിയോജിക്കാനും അത് പരസ്യമായി പ്രകടിപ്പിക്കാനുമുള്ള അവകാശം പരമപ്രധാനമാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പോലീസിന്റെ കൈയിലെ ആയുധമായി മാറാതിരിക്കാന്‍ കര്‍ശനമായ ജുഡീഷ്യല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണ്.
Content Highlights: Activists protesting the lack of transparency in the Election Commission were detained by Delhi Police using controversial peace bonds. Critics argue that giving police officers executive magistrate powers violates natural justice. Legal experts warn this sets a dangerous precedent for basic constitutional rights.


