National
നേഹ ബോറയുടെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി
ഒക്ടോബർ 16ന് ഡൽഹിയിലെ മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹി| ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, പീസ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേഹ ബോറയ്ക്ക് കൈമാറാൻ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 135ന്റെ പ്രാധാന്യം മജിസ്ട്രേറ്റ് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
ഒക്ടോബർ 16ന് ഡൽഹിയിലെ മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സമാധാനം നിലനിർത്തുന്നതിനായി ബിഎൻഎസ്എസ് സെക്ഷൻ 126, 130, 135(3) പ്രകാരം 10,000 രൂപയുടെ പീസ് ബോണ്ട് സമർപ്പിക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഈ മുൻകരുതൽ നടപടിയെ ചോദ്യം ചെയ്താണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നതും ഭരണമാറ്റം ആവശ്യപ്പെടുന്നതും തെറ്റല്ലെന്നും നേഹ ബോറയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു.
എന്നാൽ, നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധവും മുദ്രാവാക്യം വിളികളും കണക്കിലെടുത്താണ് മജിസ്ട്രേറ്റ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു.
ഹരജി തള്ളിയെങ്കിലും തുടർനടപടികളിൽ കൃത്യതയും ജാഗ്രതയും പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ഹർജിക്കാരിക്ക് കൈമാറണമെന്നും നിയമനടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
Content Highlights: The Delhi High Court dismissed a petition filed by AISA National President Neha Bora challenging a peace bond order. A bench led by Justice Subramonium Prasad directed the magistrate to supply all relevant documents to Bora while adhering strictly to Section 135 procedures of the BNSS code.


