Ongoing News
സിംബാബ്വേക്കെതിരായ തകര്‍പ്പന്‍ പ്രകടനം; വികാരാധീനയായി ഹര്‍മന്‍പ്രീത്
41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് അടിച്ചുകൂട്ടിയ ഹര്‍മന്‍പ്രീത് മത്സരശേഷം കണ്ണീരണിഞ്ഞു.
റായ്പൂര്‍ | സിംബാബ്വേക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് അടിച്ചുകൂട്ടിയ ഹര്‍മന്‍പ്രീത് മത്സരശേഷം കണ്ണീരണിഞ്ഞു. കഴിഞ്ഞ 10 മത്സരങ്ങളിലായി ഒരു അര്‍ധശതകം പോലും നേടാനാവാത്തതിന്റെ നിരാശയാണ് താരം ഇന്നലെ തീര്‍ത്തത്.
വനിതാ ടി20 ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും കിരീടങ്ങള്‍ നേടുന്നതിലേക്ക് ടീമിനെ നയിക്കാന്‍ കഴിഞ്ഞെങ്കിലും ബാറ്റിംഗില്‍ ഫോമിലേക്കുയരാന്‍ ഹര്‍മന്‍പ്രീതിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ ഈ മാസമാദ്യം എല്ലാ ഫോര്‍മാറ്റുകളിലെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് ഒഴിഞ്ഞിരുന്നു.
‘വളരെ സന്തോഷം തോന്നുന്നു. കളിക്കളത്തില്‍ സമയം ചെലവഴിക്കാനും അത് ആസ്വദിക്കാനും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്, അത് സാധിച്ചതില്‍ സന്തോഷമുണ്ട്.’- ഇന്നിങ്സിനിടയിലെ ഇടവേളയില്‍ ബ്രോഡ്കാസ്റ്ററോട് സംസാരിക്കവേ ഹര്‍മന്‍പ്രീത് പറഞ്ഞു.
ഇന്നിങ്സിന് ശേഷം ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ മുഖ്യ പരിശീലകന് കൂടിയായ ഡബ്ല്യു വി രാമനുമായി സംസാരിക്കുന്നതിനിടെ താരത്തിന് കണ്ണീരടക്കാനായില്ല. ഇതിന്റെ ക്രെഡിറ്റ് നിങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഡബ്ല്യു വി രാമനോട് ഹര്‍മന്‍പ്രീത് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ തനിക്ക് മേലുള്ള എല്ലാം സമ്മര്‍ദവും ഒഴിവായെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ‘കളിക്കളത്തിലിറങ്ങി ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ പ്രധാനം, അതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും.’- അവര്‍ പറഞ്ഞു.
10 ഫോറുകളും അഞ്ച് സിക്സറുകളും അടിച്ചുകൂട്ടിയ വലങ്കയ്യന്‍ ബാറ്റര്‍, ഗ്രൗണ്ടിന് നേരെ ഉതിര്‍ത്ത ചില മികച്ച ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള തന്റെ പ്രകടനത്തിന് പിന്നില്‍ നെറ്റ്സിലെ കഠിനാധ്വാനവും കാരണമാണെന്ന് വ്യക്തമാക്കി. ‘ബാറ്റിംഗ് എനിക്ക് വളരെ പ്രധാനമാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, നെറ്റ്സില്‍ പരിശീലനം തുടരാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ബാറ്റിംഗ് കോച്ച് ഹിമാന്‍ഷു ഭയ്യയ്ക്കും (ഹിമാന്‍ഷു ചൗള), മഞ്ജു ഭയ്യക്കും (മുനീഷ് ബാലി) ഞാന്‍ നന്ദി പറയുന്നു. അവര്‍ എനിക്കായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. എനിക്ക് എങ്ങനെയൊക്കെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് നന്നായി അറിയാം.’-ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Indian captain Harmanpreet Kaur delivered an exceptional performance against Zimbabwe. She became deeply emotional reflecting on the team’s dedication and success. The stellar display thrilled cricket fans worldwide.



