Connect with us

articles

കാലം മായ്ക്കാത്ത കര്‍മമുദ്രകള്‍

മതപഠനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് സംഘാടനരംഗത്തും സാമൂഹിക ഇടപെടലുകളിലും എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉസ്താദിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Published

|

Last Updated

പണ്ഡിതനെന്ന നിലയില്‍ അറിവിന്റെ ആഴവും പ്രവര്‍ത്തകനെന്ന നിലയില്‍ സംഘാടന മികവും മനുഷ്യനെന്ന നിലയില്‍ ലാളിത്യവും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വമായിരുന്നു കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ എന്ന കട്ടിപ്പാറ ഉസ്താദ്. മലയോര മേഖലയായ കട്ടിപ്പാറ എന്ന പ്രദേശത്തെ സുന്നീ കൈരളിക്കിടയില്‍ ഇത്രയേറെ ശ്രദ്ധേയമാക്കിയതില്‍ ഉസ്താദിന്റെ പങ്ക് ചെറുതൊന്നുമല്ല.

ദീനീവിജ്ഞാനത്തെ പഠനത്തിന്റെയും അധ്യാപനത്തിന്റെയും ചട്ടക്കൂടുകളില്‍ ഒതുക്കിനിര്‍ത്താതെ, അതിനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ഉസ്താദിന്റേത്. ദര്‍സ് ജീവിതത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്നതിനൊപ്പം, മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സ്ഥാപനങ്ങളെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും ഉസ്താദ് സമയം കണ്ടെത്തി. അറിവും അനുഭവസമ്പത്തും പ്രായോഗികബുദ്ധിയും സമന്വയിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തിന് എങ്ങനെ ദിശാബോധം നല്‍കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന മഹാ മനീഷി. ഒരു പണ്ഡിതന്റെ ഉത്തരവാദിത്വം അറിവ് പകര്‍ന്നുനല്‍കുന്നതില്‍ മാത്രം അവസാനിക്കുന്നില്ലെന്നും സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഉസ്താദ് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി.

മതപഠനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് സംഘാടനരംഗത്തും സാമൂഹിക ഇടപെടലുകളിലും എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉസ്താദിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി ഉസ്താദ് സ്വന്തം നാട്ടില്‍ അല്‍ ഇഹ്‌സാന്‍ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു.
നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും മഹല്ലുകളിലെയും നാനാ നിലക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പ്രാഗത്ഭ്യം തെളിയിച്ചു ഉസ്താദ്. പലപ്പോഴും അല്‍ ഇഹ്സാനിലെ ഉസ്താദിന്റെ ഓഫീസ് ഒരു മസ്്ലഹത്ത് കോടതിയായി മാറുന്ന കാഴ്ച അത്ഭുതകരമായിരുന്നു. തര്‍ക്കങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുപകരം അവ പരിഹരിക്കാനും അകന്നുപോയ മനസ്സുകളെ അടുപ്പിക്കാനും കഴിയുന്നവര്‍ സമൂഹത്തിന് വലിയ അനുഗ്രഹമാണ്. കട്ടിപ്പാറ ഉസ്താദ് അത്തരമൊരു സാമൂഹിക ഉത്തരവാദിത്വം ആത്മാര്‍ഥമായി നിര്‍വഹിച്ച മഹനീയ വ്യക്തിയായിന്നു.

എത്ര വലിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചാലും എത്ര ഉന്നതരുമായി ബന്ധങ്ങള്‍ പുലര്‍ത്തിയാലും സാധാരണക്കാരനെപ്പോലെ ജീവിക്കാനും ഇടപെടാനും ഉസ്താദിന് കഴിഞ്ഞിരുന്നു. ആദരവുകളും അംഗീകാരങ്ങളും തേടിനടക്കാത്ത, തനിക്ക് നല്‍കുന്ന ബഹുമതികളേക്കാള്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരുന്ന ഒരു മനുഷ്യന്റെ സ്വഭാവമാണ് ഉസ്താദിന്റെ ജീവിതത്തിലുടനീളം പ്രതിഫലിച്ചത്.
കട്ടിപ്പാറ ഉസ്താദിന്റെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഒരു ആത്മീയമാനം കൂടി നല്‍കുന്നതാണ് ഉസ്താദിന്റെ വഫാത്തിന്റെ ദിനം. ജമാദുല്‍ അവ്വല്‍ 12നായിരുന്നു ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞത്. മഹാനായ അഹ്മദുല്‍ കബീര്‍ രിഫാഈ (റ)വിന്റെ വഫാത്തിന്റെ ദിനം കൂടിയാണത്. രിഫാഈ (റ)വിന്റെ ജീവിതം അറിവിന്റെയും ആത്മീയതയുടെയും ആരാധനകളുടെയും മാത്രം ചരിത്രമായിരുന്നില്ല, മനുഷ്യസ്‌നേഹത്തിന്റെയും സാമൂഹിക സേവനത്തിന്റെയും അശരണരോടുള്ള കാരുണ്യത്തിന്റെയും മഹത്തായ മാതൃക കൂടിയായിരുന്നു.

പാവപ്പെട്ടവരെയും നിരാലംബരെയും ചേര്‍ത്തുപിടിക്കുകയും മനുഷ്യരുടെ പ്രയാസങ്ങളില്‍ പങ്കുചേരുകയും സമൂഹത്തിന്റെ നന്മക്കായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതിന്റെ ഒട്ടേറെ ഗുണങ്ങള്‍ കട്ടിപ്പാറ ഉസ്താദിന്റെ ജീവിതത്തിലും നമുക്ക് കാണാം. അറിവിനെ സേവനമാക്കി മാറ്റിയതിലും പ്രയാസപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയതിലും ലാളിത്യവും വിനയവും കൈവിടാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചതിലും ആ മഹത്തായ പാരമ്പര്യത്തിന്റെ ചില പ്രകാശരശ്മികള്‍ ഉസ്താദിന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നു. മനുഷ്യര്‍ക്കുവേണ്ടി ജീവിച്ചവരുടെ ജീവിതങ്ങള്‍ കാലങ്ങള്‍ക്കപ്പുറവും പരസ്പരം ബന്ധപ്പെടുന്നത് അവരുടെ നന്മകളിലൂടെയും അവര്‍ അവശേഷിപ്പിച്ച സല്‍സ്വാധീനങ്ങളിലൂടെയുമാണ്. ഉസ്താദ് പകര്‍ന്നുനല്‍കിയ അറിവും സ്ഥാപിച്ച സ്ഥാപനങ്ങളും പരിഹരിച്ച പ്രശ്‌നങ്ങളും ആശ്വാസം പകര്‍ന്ന ഹൃദയങ്ങളും ഉസ്താദിന്റെ ജീവിതസാക്ഷ്യങ്ങളായി എന്നും നിലനില്‍ക്കും.
ഭൗതികമായ വിടവാങ്ങലുകള്‍ക്കപ്പുറം, മനുഷ്യഹൃദയങ്ങളില്‍ നന്മയുടെ അടയാളങ്ങള്‍ അവശേഷിപ്പിച്ചവര്‍ യഥാര്‍ഥത്തില്‍ മരണമില്ലാത്ത ഓര്‍മകളുടെ ഉടമകളാണ്.

Content Highlights: K K Ahammedkutty Musliyar, known as Kattippara Usthad, was a revered scholar, organizer, and humanitarian who dedicated his life to education and community welfare. He established the Al Ihsan institution and acted as a pillar of reconciliation for local disputes. His legacy of knowledge, simplicity, and selfless service continues to inspire many.

---- facebook comment plugin here -----

Latest