UAE
എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ കടൽത്തീരങ്ങൾ അടച്ചു പൂട്ടിയതായി അധികൃതർ
ശുചീകരണ പ്രവർത്തനങ്ങൾ സജീവം
ഉമ്മുൽ ഖുവൈൻ| കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയെത്തുടർന്ന് ഉമ്മുൽ ഖുവൈനിലെ മുഴുവൻ കടൽത്തീരങ്ങളും തീരപ്രദേശങ്ങളും താത്കാലികമായി അടച്ചതായി കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സാങ്കേതിക നിരീക്ഷണ, പരിസ്ഥിതി വിലയിരുത്തൽ സംവിധാനമാണ് എണ്ണച്ചോർച്ച കണ്ടെത്തിയത്. തുടർന്ന് എണ്ണ നിയന്ത്രിക്കുന്നതിനും സമുദ്രമേഖലയിലെ ആഘാതം കുറയ്ക്കുന്നതിനുമുള്ള അടിയന്തര പ്രതിരോധ നടപടികൾ അധികൃതർ ആരംഭിച്ചു.പ്രാദേശിക, ഫെഡറൽ ഭരണകൂടങ്ങളുടെ സഹകരണത്തോടെ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി പുരോഗമിക്കുകയാണ്.സാങ്കേതിക സംഘങ്ങളുടെ സമഗ്ര പരിശോധനയും സുരക്ഷാ മുൻകരുതലുകളും പൂർത്തിയാകുന്നത് വരെ കടൽത്തീരങ്ങളുടെ താത്കാലിക അടച്ചുപൂട്ടൽ തുടരും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും കടൽ വിനോദങ്ങളിൽ ഏർപ്പെടുന്നവരും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിൽ അനുഭവപ്പെടുന്ന ദുർഗന്ധം ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരുവിധ ഹാനിയും ഉണ്ടാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Umm Al Quwain has temporarily closed all beaches due to an oil spill from a vessel detected by environmental monitoring systems. Emergency containment and cleanup operations are underway across federal and local entities. Authorities confirmed the unusual odor reported in nearby emirates is harmless.
---- facebook comment plugin here -----





