Connect with us

UAE

സർക്കാർ പിന്തുണാ സൂചികയിൽ യു ഇ എ ലോകത്തെ ആദ്യ പത്തിൽ

സർക്കാർ ചെലവുകളുടെ കാര്യക്ഷമതയിൽ നേട്ടം

Published

|

Last Updated

അബൂദബി| ആഗോള മത്സരക്ഷമതയിൽ യു ഇ എ പുതിയ നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര മാനേജ്‌മെന്റ്‌ വികസന സ്ഥാപനമായ ഐ എം ഡി പ്രസിദ്ധീകരിച്ച 2026ലെ ലോക മത്സരക്ഷമതാ വാർഷിക റിപ്പോർട്ടിലെ സർക്കാർ പിന്തുണാ സൂചികയിൽ യു ഇ എ പത്താം സ്ഥാനത്തെത്തി. 2025ൽ 16-ാം സ്ഥാനത്തായിരുന്ന രാജ്യം ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ആദ്യ പത്തിൽ ഇടംനേടിയത്. 2026ൽ ആദ്യ പത്തിൽ എത്തുകയെന്ന ദേശീയ ലക്ഷ്യവും ഇതോടെ കൈവരിച്ചു.

സർക്കാർ സബ്‌സിഡികൾ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചിക വിലയിരുത്തുന്നത്. യു ഇ എയുടെ സൂചികാ മൂല്യം 2025ലെ 0.55 ശതമാനത്തിൽനിന്ന് 2026ൽ 0.43 ശതമാനമായി കുറഞ്ഞു. സർക്കാർ പിന്തുണയുടെ സാമ്പത്തിക ഭാരം നിയന്ത്രിച്ചുകൊണ്ട് പൊതുചെലവുകൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ സൂചനയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ധനകാര്യ സ്ഥിരതയും നിക്ഷേപക്ഷമതയും നിലനിർത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കും നേട്ടം പിന്തുണയാകുന്നു.

പൊതുധനകാര്യ സൂചികയിൽ രാജ്യം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ബജറ്റ് മിച്ചം അല്ലെങ്കിൽ കമ്മി സംബന്ധിച്ച സൂചികയിൽ മൂന്നാം സ്ഥാനത്തുമാണ്. പൊതുചെലവ് സൂചികയിൽ ഏഴാം സ്ഥാനവും സർക്കാർ കാര്യക്ഷമതാ വിഭാഗത്തിൽ നാലാം സ്ഥാനവും രാജ്യം നിലനിർത്തി. യു ഇ എ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, സാമ്പത്തിക സ്ഥിരതയും സന്തുലിത വളർച്ചയും മുൻഗണന നൽകുന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് നേട്ടമെന്ന് വ്യക്തമാക്കി.

Content Highlights: UAE has secured the tenth position in the 2026 IMD World Competitiveness Yearbook government support index, climbing six spots from 2025. The nation successfully achieved its national target by enhancing fiscal stability, public finance rankings, and efficient government spending. Officials noted this milestone reflects visionary leadership focused on balanced economic growth.

 

Latest