Kerala
ആലപ്പുഴയിൽ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ കുത്തിക്കൊന്നു; മരുമകൻ പിടിയിൽ
കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്നയുടൻ അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു
ചാരുംമൂട് | മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മരുമകൻ കുത്തിക്കൊന്നു. ആലപ്പുഴ നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) പോലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്നയുടൻ അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ജയകുമാരിയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ആലപ്പുഴയിൽനിന്നാണ് പോലീസ് പിടികൂടിയത്.
ജോജിയുടെ ഉപദ്രവത്തെ തുടർന്ന് അർച്ചന നൂറനാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം. ജോജിയുടെ മർദനത്തിൽ പരിക്കേറ്റ അർച്ചന കഴിഞ്ഞ മാസം നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു.
Content Highlights: A 45-year-old woman named Jayakumari was stabbed to death by her son-in-law Joji Joseph at Nooranad in Alappuzha while trying to save her daughter from his attack. Jayakumari succumbed to her injuries at the hospital. Police swiftly apprehended the accused from Alappuzha following the incident.



