International
വിദ്യാഭ്യാസ മേഖലയിലെ ചെലവുചുരുക്കലിനെതിരെ യൂറോപ്പിലെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന് ഡാനിഷ് വിദ്യാര്‍ത്ഥികളും
പ്രതിരോധ മേഖലക്കായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ 11 ഹൈസ്കൂള്‍, സര്‍വകലാശാലാ വിദ്യാര്‍ത്ഥി സംഘടനകള്‍ കോപ്പന്‍ഹേഗന്‍ സിറ്റി ഹാള്‍ സ്ക്വയറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
കോപ്പന്‍ഹേഗന്‍ | വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആയിരക്കണക്കിന് ഡാനിഷ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. യൂറോപ്പിലുടനീളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടരുന്ന പ്രതിഷേധ തരംഗത്തിന്റെ ഭാഗമായാണ് ഈ പ്രക്ഷോഭവും നടന്നത്.
പ്രതിരോധ മേഖലക്കായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ 11 ഹൈസ്കൂള്‍, സര്‍വകലാശാലാ വിദ്യാര്‍ത്ഥി സംഘടനകള്‍ കോപ്പന്‍ഹേഗന്‍ സിറ്റി ഹാള്‍ സ്ക്വയറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ഫ്രാന്‍സില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
സംഘാടകരുടെ കണക്കനുസരിച്ച്, ഡെന്മാര്ക്കിലുടനീളമുള്ള 57 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 40,000 വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു. ഇതില്‍ 12,000 മുതല്‍ 13,000 വരെ വിദ്യാര്‍ത്ഥികള്‍ കോപ്പന്‍ഹേഗനിലെ പ്രതിഷേധത്തില്‍ അണിനിരന്നു.



