Articles
വികസന കേരളത്തിന് ഒരുമിച്ച്, ഒറ്റക്കെട്ടായി
നമ്മുടെ വികസന മുന്നേറ്റത്തിനൊപ്പം കേരളത്തിന്റെ മതേതര- ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുത്.
കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ ഏഴ് പതിറ്റാണ്ട് കാലം പ്രയത്നിച്ച എല്ലാവരെയും ആദരവോടെ ഓര്‍ക്കുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ജീവത്യാഗങ്ങളും ജാതിവ്യവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളും സാമൂഹിക- സാംസ്കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ നേട്ടങ്ങളുമെല്ലാം ചേര്‍ന്നതാണ് കേരളത്തിന്റെ 70 വര്‍ഷത്തെ ചരിത്രം. വിവിധ മേഖലകളില്‍ നാം നേടിയെടുത്ത നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായാണ് കേരളം പുതിയ കാലത്തിലേക്ക് കടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങി നിരവധി മേഖലകളില്‍ രാജ്യത്തിന് മാതൃകയാകുന്ന മുന്നേറ്റങ്ങള്‍ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ തൃപ്തിപ്പെട്ട് മുന്നോട്ടു പോകാനാകില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. അതിനുള്ള കൂട്ടായ പരിശ്രമത്തിനാണ് ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
പരമ്പരാഗത വികസന സങ്കല്‍പ്പങ്ങളില്‍നിന്ന് മാറി, പുതിയ കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിന്റെ 70ാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങരുത്. നമ്മുടെ നാടിന്റെ നേട്ടങ്ങളും സാധ്യതകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം. അതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും “ഫെസ്റ്റിവല്‍ കേരളം’ സംഘടിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലൂടെ കേരളത്തിന്റെ തനതായ കലയും സംസ്കാരവും പാരമ്പര്യവും ലോകത്തിന് മുന്നിലെത്തിക്കും. അതിനൊപ്പം നിക്ഷേപ സംഗമങ്ങളിലൂടെ കൂടുതല്‍ നിക്ഷേപകരെ കേരളത്തിലെത്തിക്കും.
നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നാട്ടില്‍ തന്നെ സജ്ജമാക്കണം. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകളിലും കോളജുകളിലും പുതിയ കാലത്തിന് അനുയോജ്യമായ പഠനപദ്ധതികള്‍, മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിദഗ്ധ പരിശീലനം എന്നിവ ഉറപ്പാക്കണം. അതിന് കൂടുതല്‍ നിക്ഷേപങ്ങളും പുതിയ തൊഴില്‍ മേഖലകളും ഉണ്ടാകണം. നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും പഠനത്തിന് കേരളത്തിലെത്തണം. മികച്ച ചികിത്സ തേടി കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് വരണം. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിചരണത്തിന്റെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റണം.
ഭാവിയുടെ സാങ്കേതികവിദ്യകളിലും കേരളം മുന്നിലെത്തണം. എ ഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഷീന് ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണം.
കേരളത്തിന്റെ സമ്പദ്്വ്യവസ്ഥക്കും തൊഴിലവസരങ്ങള്‍ക്കും വലിയ സാധ്യതകള്‍ തുറക്കുന്നതാണ് മിഷന് സമുദ്ര. കേരളത്തെ ഒരു പ്രധാന തുറമുഖ- സമുദ്ര സമ്പദ്്വ്യവസ്ഥാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ചെറുകിട- ഇടത്തരം തുറമുഖങ്ങള്‍, റോഡ്- റെയില്‍- ജലപാത കണക്ടിവിറ്റി, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, മാരിടൈം ക്ലസ്റ്ററുകള്‍, തുറമുഖ ബന്ധിത നഗരങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ സമുദ്ര സമ്പദ്്വ്യവസ്ഥ വികസിപ്പിക്കും.
നമ്മുടെ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് നിയമവും പാസ്സാക്കി. വയോജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണം. വന്‍കിട പദ്ധതികള്‍ക്ക് പ്രാധാന്യം നല്കിയപ്പോള് പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാരെയും ഈ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി- പട്ടികവര്‍ഗ- മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പ്രത്യേക ഭവന പദ്ധതി ആരംഭിച്ചത്. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് കെ എസ് ആര് ടി സിയില്‍ സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതിയും നടപ്പാക്കി. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. ലഹരി മാഫിയയുടെ അടിവേരറുക്കും. ഓട്ടിസം ബാധിതരെയും ഭിന്നശേഷി കുട്ടികളെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. അവരുടെ മാതാപിതാക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ തിരിച്ചറിയണം. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് കേരളം ഒപ്പമുണ്ടെന്ന ഉറപ്പ് നല്‍കണം. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപങ്ങളും വ്യവസായങ്ങളും കേരളത്തിലേക്ക് വരണം. ഇതിന്റെ ഭാഗമായി അനാവശ്യ കാലതാമസവും നടപടിക്രമങ്ങളും ഒഴിവാക്കി സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ ലളിതവും വേഗത്തിലുമാക്കാന്‍ “സരള്‍ കേരളം’ എന്ന നിയമം നിയമസഭ പാസ്സാക്കിയിട്ടുണ്ട്.
നമ്മുടെ വികസന മുന്നേറ്റത്തിനൊപ്പം കേരളത്തിന്റെ മതേതര- ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുത്. എഴുപത് വര്‍ഷത്തെ നേട്ടങ്ങളും അനുഭവങ്ങളും നമുക്ക് വലിയ കരുത്താണ് നല്‍കുന്നത്. ആ കരുത്തില്‍ വിശ്വസിച്ച്, പുതിയ കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതുയുഗ കേരളത്തിലേക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം.





