Articles
മാതൃകയുടെ എഴുപതാണ്ട്; തിളക്കവും മുന്നൊരുക്കവും
ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയില്‍ സമാധാനപരമായ ബഹുസ്വരജീവിതങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി മതത്തിന്റെയും ജാതിയുടെയും സ്വാധീനങ്ങള്‍ ഉറപ്പിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ പുരോഗമന കേരളത്തിന്റെ സാമൂഹിക വളര്‍ച്ചക്ക് വിലങ്ങാകുന്നുണ്ട്. ഈ ആശങ്കയെ മറച്ചുവെച്ചുകൊണ്ട് കേരളം നേടിയ മുഴുവന്‍ പുരോഗമന മൂല്യബോധങ്ങളെയും വിശകലനം ചെയ്യുന്നതില്‍ അടിസ്ഥാനപരമായ തെറ്റുണ്ട്.
1956ല്‍ നിന്ന് 2026ലേക്കുള്ള കേരളത്തിന്റെ യാത്ര ഇന്ത്യന്‍ യൂനിയനില്‍ സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകളാണ് നിര്‍വഹിച്ചത്. അതിന്റെ അനുഭവസ്ഥരാണ് ലോകം മുഴുവന്‍ ചിതറി ജീവിക്കുന്ന ഓരോ മലയാളിയും. കേരളപ്പിറവിയിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകള്‍ പിന്നീട് കേരളത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അതിനൊപ്പം നവോത്ഥാനപ്രക്രിയകള്‍ നിര്‍വഹിച്ച ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും സാമൂഹിക രംഗത്ത് ഉണ്ടായ പരിഷ്കരണ പ്രസ്ഥാനങ്ങളും അതിന് നേതൃത്വം കൊടുത്ത നവോത്ഥാന നായകരും ഇന്നും കേരളത്തിന്റെ ഭൗതികജ്ഞാനമണ്ഡലങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ജാതിക്കെതിരെയുള്ള ശ്രീനാരായണഗുരുവിന്റെ ഇടപെടലും അയ്യങ്കാളി നിര്‍വഹിച്ച അടിസ്ഥാനവർഗ വിമോചനം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നയരൂപവത്കരണവും പിന്നീടുള്ള കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകങ്ങളാണ്.
തുടർന്ന് 1957ലെ ഇ എം എസിന്റെ നേതൃത്വത്തിലുണ്ടായ കമ്മ്യൂണിസ്റ്റ് സര്‍ക്കാറും കേരളീയ സാമൂഹിക വളര്‍ച്ചക്കും രാഷ്ട്രീയ സാക്ഷരതക്കും നല്കിയ സംഭാവനകള്‍ ചെറുതല്ല. ഇന്ന്, കേരളം എത്തിനില്‍ക്കുന്നത് കഴിഞ്ഞകാല ഇടപെടലുകളുടെ തുടര്‍ച്ചയിലാണ്. ഈ തുടര്‍ച്ച ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആശ്രിതാവസ്ഥയില് കഴിയുന്ന ഒരു ജനതയുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. കൃഷിയും വ്യവസായവും ഇന്നും മലയാളിക്ക് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി സ്വയം പര്യാപ്തതയിലേക്ക് ഉള്‍ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
അത്തരമൊരു ഉപജീവന സാംസ്കാരിക പരിസരത്തെ രൂപവത്കരിച്ചെടുക്കുന്നതിൽ ഇതുവരെയുണ്ടായ സര്‍ക്കാറുകള്‍ക്കും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും കേരളത്തിന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥയെ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അതും ഒരു കേരളീയ മാതൃകയാണ്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മലയാളിയുടെ പ്രവാസമാണ്.
1956ല്‍ തുടക്കം കുറിച്ച മുന്നണി രാഷ്ട്രീയ സംവിധാനങ്ങളുടെ ഇടപെടല്‍ കേരളത്തിലെ വിദ്യാഭ്യാസ രാഷ്ട്രീയസാക്ഷരതയെ ഉയര്‍ത്തിക്കൊണ്ടുവന്നു. അതിനിടയില്‍ നടന്ന ജനകീയാസൂത്രണവും ശാസ്ത്രസാഹിത്യപരിഷത്തിന്റെ കേരളീയ പഠനവും മലയാളിയുടെ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതാണ്. മാറുന്ന കേരളത്തിന്റെ പരിച്ഛേദം എന്നോളം പരിഷത്ത് നിരീക്ഷിച്ച പല വിഷയങ്ങളും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, ഇന്ന് കേരളീയ സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി പഠിക്കുമ്പോള്‍ പരിഹരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ചില പ്രവണതകള്‍ പ്രകടമാണ്.
എന്നാല്‍, ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയില്‍ സമാധാനപരമായ ബഹുസ്വരജീവിതങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി മതത്തിന്റെയും ജാതിയുടെയും സ്വാധീനങ്ങള്‍ ഉറപ്പിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ പുരോഗമന കേരളത്തിന്റെ സാമൂഹിക വളര്‍ച്ചക്ക് വിലങ്ങാകുന്നുണ്ട്. ഈ ആശങ്കയെ മറച്ചുവെച്ചുകൊണ്ട് കേരളം നേടിയ മുഴുവന്‍ പുരോഗമന മൂല്യബോധങ്ങളെയും വിശകലനം ചെയ്യുന്നതില്‍ അടിസ്ഥാനപരമായ തെറ്റുണ്ട്. കാരണം, ഏതെങ്കിലും മതത്തിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ദേശങ്ങള്‍ക്കോ ഒറ്റക്കായി അവകാശപ്പെടാവുന്നതല്ല കേരളം ആര്‍ജിച്ചെടുത്തിട്ടുള്ള ഉന്നതമായ മാനവികതാബോധവും മനുഷ്യത്വപരമായ സഹവര്‍ത്തിത്വവും. അതുകൊണ്ട് കേരളത്തെ ആശങ്കപ്പെടുത്തുന്ന അതിമാരകമായ ലഹരി ഉപയോഗവും വിപണനവും ആരോഗ്യരംഗത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗത്തിനെതിരായ പ്രതിരോധവും സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട
തുണ്ട്.
മാറിയ ലോകസാഹചര്യവും തൊഴില്‍ പരിസരവും ഗൗരവത്തില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഐ ടി മേഖലകള്‍ക്കൊപ്പം എ ഐ സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധികളില്‍ നയപരമായി തന്നെ സ്റ്റേറ്റ് ഇടപെടേണ്ടതുണ്ട്. പഠനം, തൊഴില്‍ എന്നതിനപ്പുറം ജെന്സിയെക്കൂടി ഉള്‍ചേര്‍ക്കുന്ന നവകേരളമാണ് നമുക്ക് ആവശ്യം. ഇതിനിടയില്‍ സാമൂഹിക ജീവിതത്തില്‍ പ്രകടമായി വരുന്ന അപകടകരമായ ഇടപെടലുകള്‍ മലയാളിയില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. സ്വന്തം വീട് പോലും അശാന്തമാവുന്ന അവസ്ഥ നമ്മുടെ സാമൂഹിക വളര്‍ച്ചയെ ചോദ്യം ചെയ്യുന്നതാണ്. അത്തരം അവസ്ഥ സൃഷ്ടിക്കുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്ക് ചെറുതല്ല. ജീവിതം എത്രതന്നെ പുരോഗമനാത്മകമാണെങ്കിലും അതിനിടയില്‍ പ്രകടമാകുന്ന ക്രിമിനല്‍ മനോഭാവം നവകേരളത്തിന്റെ സുരക്ഷിത ജീവിതത്തെയാണ് ചോദ്യം ചെയ്യുന്നത്.
സാമൂഹിക ജീവിതത്തില്‍ നേരത്തേ നിലനിന്ന പല സഹായസാന്നിധ്യങ്ങളും ഇന്ന് വാണിജ്യവത്കരിക്കപ്പെട്ടു. അതുണ്ടാക്കുന്ന അപകടം മനുഷ്യര്‍ക്കിടയില്‍ ഇത്രയും കാലം നിലനിന്ന സഹാനുഭൂതി, സ്നേഹം, സഹകരണം തുടങ്ങിയ സ്വാഭാവിക ഇടപെടലുകളെ ദുർബലപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച പുതിയ തലമുറയില്‍ സാമൂഹികപരമായ അടുപ്പത്തേക്കാള്‍ അകല്‍ച്ചയാണ് സൃഷ്ടിക്കുക. 70 വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച മലയാളിയില്‍ ഉണ്ടാക്കിയ അഭിമാനം ചെറുതല്ല. ഇന്ത്യയിലെ ഏതൊരു ദേശ സമൂഹത്തേക്കാള്‍ മുകളിലാണ് നമ്മള് എന്ന വിശ്വാസവും അതുണ്ടാക്കുന്ന ആനന്ദവും പുനഃപരിശോധിക്കേണ്ട ആവശ്യകത കൂടിയുണ്ട്.
അത് സ്വയംവിമര്‍ശനാത്മകമായി സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രവണതകള്‍ ശക്തിപ്പെട്ടുവരുന്നു എന്ന ആശങ്ക നമ്മളെ പുതിയ മനുഷ്യരാക്കുന്നത്. അല്ലാത്തപക്ഷം 70 വര്‍ഷത്തെ വികസനം സമാനതകളില്ലാത്തതാണെന്നും അത് സ്വമേധയാ വളര്‍ന്നു വലുതാകുമെന്നതും മിഥ്യാധാരണയാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നവകേരള നയരൂപവത്കരണത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും ഇടപെടുക എന്നുള്ളതാണ് ഓരോ കേരളീയന്റേയും കര്‍ത്തവ്യം.





