Connect with us

articles

ട്രംപും ഇടക്കാല തിരഞ്ഞെടുപ്പും

സര്‍വേ പ്രകാരം, 47 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഡെമോക്രാറ്റുകള്‍ക്കാണ്. റിപബ്ലിക്കന്‍മാരെ പിന്തുണക്കുന്നത് 36 ശതമാനം വോട്ടര്‍മാരാണ്. യു എസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലോ ഏതെങ്കിലും ഒന്നിലോ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടിയാല്‍ ട്രംപിനുമേല്‍ കടിഞ്ഞാണ്‍ വീഴും. വിവാദപരമായ പല തീരുമാനങ്ങളും ട്രംപ് നടപ്പാക്കുന്നത് ഇരു സഭകളിലും റിപബ്ലിക് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്. ഭൂരിപക്ഷം ഇല്ലാതായാല്‍ ട്രംപ് പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലാകും.

Published

|

Last Updated

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി നാല് വര്‍ഷമാണ്. പ്രസിഡന്റിന്റെ കാലാവധിയുടെ മധ്യത്തിലാണ് അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇടക്കാല തിരഞ്ഞെടുപ്പ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല. ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷവും ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് രണ്ട് വര്‍ഷം തുടരും. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റത് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്. എന്നാല്‍ സെനറ്റിലും ജനപ്രതിനിധി സഭയിലും കൂടുതല്‍ സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കു ലഭിച്ചാല്‍ ട്രംപിന് തന്റെ അജന്‍ഡകള്‍ നടപ്പാക്കുക എളുപ്പമാകില്ല.

2024ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റിന്റെ പൂര്‍ണ നിയന്ത്രണം റിപബ്ലിക്കുകള്‍ക്ക് ലഭിച്ചതിനാല്‍ ട്രംപിന്റെ വിവാദമായ പല തീരുമാനങ്ങളും പാസാക്കപ്പെട്ടു. അതുകൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഇടക്കാല തിരഞ്ഞെടുപ്പ് തന്റെ ജനപ്രീതി അളക്കാന്‍ മാത്രമുള്ള തിരഞ്ഞെടുപ്പല്ല. മറിച്ച് അവശേഷിക്കുന്ന രണ്ട് വര്‍ഷം സ്വന്തം അജന്‍ഡകളുമായി മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മത്സരത്തിലാണ് ട്രംപ്.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിലേക്കും 100 അംഗങ്ങളുള്ള സെനറ്റില്‍ 34 സീറ്റിലേക്കും 32 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനപ്രതിനിധി സഭയുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷവുമാണ്. ജനപ്രതിനിധി സഭയിലെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായാണ്. ജനസംഖ്യ കൂടിയാലും കുറഞ്ഞാലും ഓരോ സംസ്ഥാനവും തിരഞ്ഞെടുക്കുന്നത് രണ്ട് വീതം സെനറ്റര്‍മാരെയാണ്. ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് 100 സെനറ്റര്‍മാരെയാണ്.

സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരുമിച്ചല്ല. 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നില്‍ ഒരു ഭാഗത്തെ രണ്ട് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുക്കും. ജനപ്രതിനിധി സഭയും സെനറ്റും ചേര്‍ന്നതാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സ്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ പിന്തുണ ഉണ്ടാകണം. നിലവില്‍ യു എസ് കോണ്‍ഗ്രസ്സിലെ രണ്ട് സഭകളിലും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ഉണ്ട്. 435 അംഗ ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍മാര്‍ക്ക് 218ഉം ഡെമോക്രാറ്റുകള്‍ക്ക് 214ഉം സീറ്റുകളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 53ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45ഉം സീറ്റുകളാണ് ഉള്ളത്. രണ്ട് സീറ്റുകളില്‍ വിജയിച്ചത് സ്വതന്ത്രരാണ്.

പ്രധാന മത്സരം പതിവുപോലെ പ്രസിഡന്റ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ്. എന്നാല്‍ ഇത്തവണത്തേത് സാധാരണ പോലുള്ള തിരഞ്ഞെടുപ്പല്ല. രാഷ്ട്രീയ നിരീക്ഷകര്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ കാണുന്നത് ട്രംപിന്റെ നിലപാടുകളുടെ റഫറണ്ടമായാണ്. മാത്രമല്ല, അമേരിക്കന്‍ ജനത മുമ്പില്ലാത്ത വിധം വര്‍ധിച്ച ജീവിതച്ചെലവുകളോട് പൊരുതുകയാണ്. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് വാഗ്ദാനം ചെയ്തത് പണപ്പെരുപ്പം തടയുമെന്നും വിലക്കയറ്റം നിയന്ത്രിക്കും എന്നുമായിരുന്നു. എന്നാല്‍ ട്രംപിന്റെ 20 മാസത്തെ ഭരണത്തില്‍ വിലക്കയറ്റം സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ ജീവിതക്രമത്തില്‍ താളപ്പിഴവ് വരുത്തിയിരിക്കുകയാണ്. ഇറാന്‍ സംഘര്‍ഷം, പാചകവാതക വില വര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം… ചുരുക്കത്തില്‍ അമേരിക്കന്‍ ഗാര്‍ഹിക ബജറ്റുകള്‍ താളം തെറ്റിയ അവസ്ഥയിലാണ്. വിലക്കയറ്റം 3.4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി ഉയര്‍ന്നു.

യുദ്ധം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇന്ധന വില 43 ശതമാനം വര്‍ധിച്ചു. ഇതെല്ലാം ട്രംപ് ഭരണത്തിനെതിരെ വിരല്‍ ചൂണ്ടുന്ന ഘടകങ്ങളാണ്. സാധാരണ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ്. സര്‍വേ പ്രകാരം, 47 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഡെമോക്രാറ്റുകള്‍ക്കാണ്. റിപബ്ലിക്കന്‍മാരെ പിന്തുണക്കുന്നത് 36 ശതമാനം വോട്ടര്‍മാരാണ്. യു എസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലോ ഏതെങ്കിലും ഒന്നിലോ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടിയാല്‍ ട്രംപിനുമേല്‍ കടിഞ്ഞാണ്‍ വീഴും. വിവാദപരമായ പല തീരുമാനങ്ങളും ട്രംപ് നടപ്പാക്കുന്നത് ഇരു സഭകളിലും റിപബ്ലിക് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്.

ഭൂരിപക്ഷം ഇല്ലാതായാല്‍ ട്രംപ് പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലാകും. ഭരണകൂടത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ കണ്ണുമടച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ട്രംപിന് ഇനി സാധിച്ചെന്നു വരില്ല. ട്രംപ് ഭരണകൂടത്തിന്റെ വിവാദ നയങ്ങളിലും അജന്‍ഡകളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും. ഇടക്കാല തിരഞ്ഞെടുപ്പ് വിജയം കൊണ്ട് പ്രസിഡന്റിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെങ്കിലും, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഡെമോക്രാറ്റുകള്‍ക്കാകും.

മിഷിഗണ്‍ സ്റ്റേറ്റിലെ ഡൊമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ഥി അബ്ദുസ്സയിദിന്റെ സാന്നിധ്യവും ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. യു എസ് സെനറ്റിലേക്കുള്ള ശ്രദ്ധേയമായ മത്സരം നടക്കുന്നത് മിഷിഗണിലാണ്. അമേരിക്കന്‍ സെനറ്റില്‍ മത്സരിക്കുന്ന ആദ്യ മുസ്‌ലിം സ്ഥാനാര്‍ഥിയാണ് അബ്ദുസ്സയിദ്. അബ്ദുസ്സയിദിന്റെ സ്ഥാനാര്‍ഥിത്വം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അബ്ദുസ്സയിദിനെ അമേരിക്കന്‍ വിരുദ്ധനായും മുസ്‌ലിം തീവ്രവാദിയായും ട്രംപ് പൊതുയോഗങ്ങളില്‍ ചിത്രീകരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹറാന്‍ മംദാനിക്കെതിരെയും ട്രംപ് ഇതുപോലുള്ള ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലെ ജനത ട്രംപിന്റെ ആരോപണം തള്ളുകയായിരുന്നു. അബ്ദുസ്സയിദിന്റെ എതിര്‍ സ്ഥാനാര്‍ഥി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മുന്‍ യു എസ് ജനപ്രതിനിധി മൈക്ക് റോജേഴ്‌സാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയാണ് മിഷിഗണ്‍. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് 66 ശതമാനം വോട്ട് ലഭിച്ച പ്രദേശമാണ്. അബ്ദുസ്സയിദ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അതൊരു ചരിത്ര സംഭവമായിരിക്കും.

അമേരിക്കന്‍ സെനറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം അംഗമായിരിക്കും അബ്ദുസ്സയിദ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് അമേരിക്കയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ ശതകോടീശ്വരന്മാരുടെയും കോര്‍പറേറ്റ് കമ്പനികളുടെയും പണക്കൊഴുപ്പിനെ ആശ്രയിച്ചാണ് നടക്കാറുള്ളത്. ടെക് ഭീമനായ ഇലോണ്‍ മസ്‌ക് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കു നല്‍കിയത് 366 മില്യണ്‍ ഡോളറാണ്.

അമേരിക്കന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലോണ്‍ മസ്‌കിനെ പോലുള്ളവരുടെ കാരുണ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കൂറ് വോട്ടര്‍മാരേക്കാള്‍ ഫണ്ട് നല്‍കുന്ന ലോബികളോടായിരിക്കും. ജനാധിപത്യം എന്നത് അമേരിക്കക്ക് വെറുമൊരു അലങ്കാര വാക്ക് മാത്രമാണ്. ശക്തമായ ജനാധിപത്യ രാജ്യമെന്ന് സ്വയം അവകാശപ്പെടുമ്പോഴും, വോട്ടവകാശം നിഷേധിക്കലും തിരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജ പ്രചാരണങ്ങളും കൊണ്ട് അമേരിക്കന്‍ രാഷ്ട്രീയം മലിനമാകുക പതിവാണ്. ഈ ഇടക്കാല തിരഞ്ഞെടുപ്പും പതിവില്‍ നിന്ന് വ്യത്യസ്തമല്ല.

സര്‍വേ റിപോര്‍ട്ടുകള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരാണെന്നറിഞ്ഞ്, പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു വോട്ട് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. അതിന്റെ ഭാഗമായി ഡീസല്‍ വില നിയന്ത്രിക്കാന്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ട്രംപ് പിന്‍വലിച്ചു. റഷ്യയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപ്, തീരുമാനം പിന്‍വലിക്കുക വഴി സ്വന്തം നിലനില്‍പ്പിനപ്പുറം മറ്റൊരു നയമില്ല എന്ന് വിളിച്ചു പറയുകയാണ്.

ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് നേരിട്ട് ലഭിക്കുന്ന ഏതാനും ആനുകൂല്യങ്ങളും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. അവയില്‍ ഒന്ന്, സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് 90 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗങ്ങളായവര്‍ക്കും പ്രീമിയത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ നല്‍കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. മെഡി കെയര്‍ പാര്‍ട്ട് ബി പദ്ധതിയില്‍ അംഗങ്ങളായ രണ്ട് കോടിയിലധികം പേര്‍ക്ക് പ്രീമിയം അടയ്ക്കാന്‍ സഹായമായി 90 ഡോളര്‍ വീതം ഒറ്റ തവണയായി നല്‍കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (എ സി എ) പ്രകാരമുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗങ്ങളായ ഒരു ദശലക്ഷത്തോളം പേര്‍ക്ക് 500 ഡോളര്‍ വീതം റീഫണ്ട് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പൊടിക്കൈകള്‍ കൊണ്ട് ട്രംപിനോട് വര്‍ധിച്ചു വരുന്ന അതൃപ്തി പരിഹരിക്കാനാകില്ല എന്നാണ് ഡെമോക്രാറ്റുകള്‍ പ്രത്യാശിക്കുന്നത്.

 

Content Highlights: The upcoming US midterm elections will test Donald Trump’s presidency as voters weigh inflation and high living costs. Democrats aim to gain control of Congress where key contests like Abdul El Sayed’s Senate bid in Michigan take center stage. Trump has announced financial reliefs to win support

Latest