Connect with us

Editors Pick

ഇസ്റാഈൽ അറബ് സഖ്യം ഭരിക്കുമോ? നെതന്യാഹുവിന്റെ ഭാവി എന്ത്? ചർച്ചകൾ തകൃതി

ഇസ്റാഈൽ പൊതുതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് നെതന്യാഹുവിന്റെ സഖ്യം

Published

|

Last Updated

ടെൽ അവീവ് | ഇസ്റാഈൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ (Benjamin Netanyahu) പാർട്ടി വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. ആകെ 120 അംഗങ്ങളുള്ള ഇസ്റാഈൽ പാർലമെന്റായ നെസറ്റിൽ (Knesset) നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ മാത്രമാണ് നേടിയത്. മുൻകാലങ്ങളിൽ 68 സീറ്റുകൾ വരെ നേടിയിരുന്ന സ്ഥാനത്താണ് ഇത്തവണ നെതന്യാഹു പക്ഷത്തിന് സീറ്റുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായത്. എന്നാൽ ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്തതിനാൽ സഖ്യ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകളാണ് ഇസ്റാഈലിൽ ഇപ്പോൾ സജീവം.

മുൻ മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസൻകോട്ടിന്റെ (Gadi Eisenkot) നേതൃത്വത്തിലുള്ള യാഷാർ പാർട്ടി നയിക്കുന്ന പ്രധാന പ്രതിപക്ഷം 48 സീറ്റുകൾ നേടിയപ്പോൾ, അറബ് നേതൃത്വത്തിലുള്ള കക്ഷികൾ ബാക്കിയുള്ള 19 സീറ്റുകളും സ്വന്തമാക്കി. ഭൂരിപക്ഷ സഖ്യം രൂപീകരിക്കുന്നതിനും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി ആഴ്ചകൾ നീളുന്ന ചർച്ചകളാണ് ഇനി നടക്കുക. ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നേക്കാം. നെതന്യാഹുവിനെ പുറത്താക്കാൻ പ്രചാരണം നടത്തിയ ചില പാർട്ടികൾ അദ്ദേഹവുമായി സഖ്യമുണ്ടാക്കുകയോ, അതല്ലെങ്കിൽ നെതന്യാഹുവിനെതിരെ നിൽക്കുന്ന യഹൂദ കക്ഷികളും അറബ് നേതൃത്വത്തിലുള്ള പാർട്ടികളും ഒന്നിക്കുകയോ ചെയ്യുന്ന അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കും സാധ്യതയുണ്ട്.

നിർണായക ശക്തിയായി അറബ് പാർട്ടികൾ

തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച അറബ് നേതൃത്വത്തിലുള്ള പാർട്ടികൾ നിർണായക ശക്തിയായി മാറി. ഗാഡി ഐസൻകോട്ട് അറബ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ചില ഉപാധികളോടെ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ചില സഖ്യകക്ഷികൾ അത് എതിർത്തിട്ടുണ്ട്. അതേസമയം, അറബ് പാർട്ടികളുമായി സഹകരിക്കാൻ നെതന്യാഹു വിസമ്മതിക്കുകയാണ്. അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ലിക്കുഡ് പാർട്ടി (Likud Party) രംഗത്തെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെളിവുകൾ പുറത്തുവിട്ടിട്ടില്ല.

നെതന്യാഹു, ഗാഡി ഐസൻകോട്ട്

വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളും ചർച്ചയായിട്ടുണ്ട്. ഒരു കക്ഷിയും അറബ് പാർട്ടികളുമായി സഹകരിക്കരുതെന്ന് ഉറപ്പാക്കാനാണ് നെതന്യാഹുവിന്റെ നീക്കം. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ യാതൊരു പ്രവർത്തനങ്ങൾക്കും ഫണ്ട് നൽകിയിട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.

ജനം ഊന്നിയത് സുരക്ഷാ വീഴ്ചകളിൽ

അതേസമയം, ഹമാസ് നേതൃത്വം നൽകിയ ആക്രമണങ്ങളും, തുടർന്നുണ്ടായ ഗസ്സ വംശഹത്യയുമൊക്കെ ഈ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. ഗസ്സയിലെ മാനുഷിക സ്ഥിതിഗതികളെക്കാൾ സുരക്ഷാ വീഴ്ചകളിലാണ് ഇസ്റാഈലിലെ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്ചകളിൽ അന്വേഷണം നടത്തണമെന്ന ആവശ്യം നെതന്യാഹു തള്ളിക്കളഞ്ഞിരിക്കുകയാണ്.

കൂടാതെ, അതിവേഗം വളരുന്ന അതിതീവ്ര യാഥാസ്ഥിതിക വിഭാഗത്തിന് നൽകിവരുന്ന സൈനിക സേവന ഇളവുകളും രാജ്യത്ത് വലിയ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ യുദ്ധങ്ങൾക്കൊടുവിൽ ആയിരത്തോളം സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ ഇളവുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. നെതന്യാഹുവിന്റെ സർക്കാർ ഇളവുകൾ തുടരണമെന്ന് ആവശ്യപ്പെടുമ്പോൾ, യുദ്ധത്തിൽ മകൻ നഷ്ടപ്പെട്ട ഐസൻകോട്ട് ഈ ഇളവുകൾ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.

Content Highlights:
Israel’s final election results have left the country in a state of political uncertainty as neither Benjamin Netanyahu’s bloc nor the main opposition has secured a parliamentary majority. The 120-member Knesset is divided among Netanyahu’s bloc, an opposition led by Gadi Eisenkot, and Arab-led parties, leading to weeks of potential coalition negotiations or the possibility of new elections early next year.

Latest