Eduline
സിയാലിൽ ഫ്ലയിംഗ് സ്കൂളും പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വരുന്നു; താത്പര്യപത്രം ക്ഷണിച്ചു
വിമാന, സിമുലേറ്റർ നിർമാതാക്കൾ, അംഗീകൃത പരിശീലന സ്ഥാപനങ്ങൾ (എ ടി ഒ), ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ (എഫ് ടി ഒ), ഫ്ലയിംഗ് സ്കൂളുകൾ, വിമാനക്കമ്പനികൾ, വിമാന ഓപറേറ്റർമാർ എന്നിവർക്കാണ് പദ്ധതിയിൽ പങ്കാളികളാകാൻ അവസരം.
നെടുമ്പാശ്ശേരി | വ്യോമയാന പരിശീലന മേഖലയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ഫ്ലയിംഗ് സ്കൂളുകളും പൈലറ്റ് പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിമാന സിമുലേറ്റർ സംവിധാനങ്ങൾ, പൈലറ്റ് പരിശീലന സൗകര്യങ്ങൾ, വിമാനക്കമ്പനികളുടെ പരിശീലന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനായി ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും സിയാൽ താത്പര്യപത്രം ക്ഷണിച്ചു.
വിമാന, സിമുലേറ്റർ നിർമാതാക്കൾ, അംഗീകൃത പരിശീലന സ്ഥാപനങ്ങൾ (എ ടി ഒ), ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ (എഫ് ടി ഒ), ഫ്ലയിംഗ് സ്കൂളുകൾ, വിമാനക്കമ്പനികൾ, വിമാന ഓപറേറ്റർമാർ എന്നിവർക്കാണ് പദ്ധതിയിൽ പങ്കാളികളാകാൻ അവസരം. വ്യോമയാന പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളെയും സാങ്കേതികവിദ്യാ ദാതാക്കളെയും നെടുമ്പാശ്ശേരിയിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനം യഥാർഥത്തിൽ പറത്തുന്നതിന് സമാനമായ സാഹചര്യങ്ങളിൽ പൈലറ്റുമാർക്ക് പരിശീലനം നൽകാൻ സഹായിക്കുന്ന ആധുനിക ഫ്ലൈറ്റ് സിമുലേറ്റർ സംവിധാനങ്ങൾ പദ്ധതിയുടെ പ്രധാന ഘടകമാണ്.
വിമാനത്തിന്റെ നിയന്ത്രണം, വിവിധ കാലാവസ്ഥകളിലെ പറക്കൽ സാഹചര്യങ്ങൾ, അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവ പരിശീലിക്കാൻ സിമുലേറ്ററുകൾ സഹായിക്കും. യഥാർഥ വിമാനത്തിൽ പരിശീലനം നടത്തുന്നതിന് മുമ്പ് വിവിധ സാഹചര്യങ്ങൾ സുരക്ഷിതമായി പരിചയപ്പെടാനും ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടും.
വിമാനക്കമ്പനികളുടെ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും സിമുലേറ്റർ കേന്ദ്രങ്ങൾ സഹായകമാകും. വിമാനങ്ങളുടെ പ്രത്യേകതകൾക്കും പ്രവർത്തനരീതികൾക്കും അനുസരിച്ചുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വിമാനക്കമ്പനികളുടെ പരിശീലന ആവശ്യങ്ങൾ നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം അനുബന്ധ സാങ്കേതിക സഹായ സേവനങ്ങളും ഒരുക്കുന്നതിന് പദ്ധതിയിൽ പ്രാധാന്യം നൽകുന്നുണ്ട്. ഫ്ലയിംഗ് സ്കൂളുകളും പൈലറ്റ് പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലൂടെ വ്യോമയാന മേഖലയിൽ പരിശീലനത്തിനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാകും.
പൈലറ്റാകാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിലവിൽ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തുടർപരിശീലനം ലഭ്യമാക്കുന്നതിനും ഇത്തരം കേന്ദ്രങ്ങൾ സഹായകമാകും. അതേസമയം, പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ അംഗീകാരങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പരിശീലന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും പരിചയസമ്പത്തുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് സിയാൽ താത്പര്യപത്രം ക്ഷണിച്ചത്.
Content Highlights: CIAL has initiated steps to set up flying schools and pilot training centers at Cochin International Airport. Expressions of Interest have been invited from national and international organizations to establish flight simulators and training facilities to expand its presence in aviation training.


