Connect with us

National

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിന് എതിരായ പബ്ലിക് ഇംപീച്ച്മെന്റ് നാളേക്ക് മാറ്റിവെച്ചു

വോട്ട് ചോരി വിഷയത്തിൽ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ കക്ഷികൾ പബ്ലിക് ഇംപീച്മെന്റ് നടപടികൾക്ക് രൂപം നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷമായ ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച ‘പബ്ലിക് ഇംപീച്മെന്റ്’ (Public Impeachment) പരിപാടി മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റിയത്. ഡൽഹി രാജാജി മാർഗിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയുടെ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെ മുതൽ ഡൽഹിയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് പരിപാടി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പബ്ലിക് ഇംപീച്മെന്റ് പരിപാടി നടത്തുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിരീകരിച്ചു. പ്രതിപക്ഷ കക്ഷികൾ കൂട്ടായാണ് ഈ തീരുമാനം എടുത്തത്. മുൻ ലോക്സഭ സ്പീക്കർ മീര കുമാർ പരിപാടിക്ക് നേതൃത്വം നൽകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.

വോട്ട് ചോരി വിഷയത്തിൽ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ കക്ഷികൾ പബ്ലിക് ഇംപീച്മെന്റ് നടപടികൾക്ക് രൂപം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്ന് അന്തിമ രൂപം നൽകിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വദ്ര, ജയ്റാം രമേശ്, കെ സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് മീര കുമാർ, തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രയാൻ, സമാജ്‌വാദി പാർട്ടിയുടെ ഹരേന്ദ്ര മാലിക്, ജാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജി, സി പി ഐ എം ജോൺ ബ്രിട്ടാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇന്ത്യാ മുന്നണി എം പിമാർക്കാണ് പരിപാടിയിലേക്ക് ക്ഷണമുള്ളത്. ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ ഓരോ പാർട്ടിയിൽ നിന്നും ഓരോ പ്രതിനിധി വീതം യോഗത്തിൽ സംസാരിക്കും. തിരഞ്ഞെടുപ്പ് സംവിധാനം തകർത്ത ശേഷം സാധാരണക്കാരുടെ ശബ്ദം നിശബ്ദമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ചൊവ്വാഴ്ച ആരോപിച്ചിരുന്നു.

ഇതിനുപുറമെ നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. ഇലക്ടറൽ റോളുകളുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ അപാകതകൾ ആരോപിച്ചാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത്.

Content Highlights:
The India bloc has postponed its public impeachment event against Chief Election Commissioner Gyanesh Kumar due to continuous rain in Delhi. Originally scheduled for Friday at Mallikarjun Kharge’s residence, the symbolic protest over alleged electoral roll irregularities has been rescheduled to Saturday. Leader of Opposition Rahul Gandhi confirmed the new timing, while opposition parties continue demanding the CEC’s resignation.

Latest