Connect with us

International

വിശുദ്ധ മക്ക ലക്ഷ്യമാക്കി വിക്ഷേപിച്ച ഹൂത്തി ഡ്രോൺ സഊദി സഖ്യസേന തകർത്തു; ആക്രമണം നിഷേധിച്ച് ഹൂത്തികൾ

ഇറാൻ പിന്തുണയുള്ള ഹൂത്തികളാണ് ഡ്രോൺ അയച്ചതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലികി

Published

|

Last Updated

ഫയൽ ചിത്രം

റിയാദ് | മക്കാ മേഖലയ്ക്ക് മുകളിൽ യെമനിലെ ഹൂതികൾ വിക്ഷേപിച്ച ഒരു ഡ്രോൺ തകർത്തതായി സൗദി സഖ്യസേന. തലസ്ഥാനമായ റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിശുദ്ധ മക്കാ മേഖലയിൽ ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ഡ്രോൺ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള ഹൂത്തികളാണ് ഡ്രോൺ അയച്ചതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലികി വ്യക്തമാക്കി.

എന്നാൽ, സഊദി അറേബ്യയ്ക്ക് നേരെ യാതൊരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്ന് യെമനിലെ ഹൂത്തികൾ നിഷേധിച്ചു. സഊദി അറേബ്യയുടെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഹൂത്തി മിലിട്ടറി വക്താവ് യഹ്‍യ സരി എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. തങ്ങളുടെ സൈനിക നടപടികൾ സൗദിയുടെ എണ്ണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ പ്രതിരോധിക്കുന്നതിനിടയിൽ ചിതറിവീണ അവശിഷ്ടങ്ങൾ കാരണം റിയാദ് നഗരത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റിരുന്നു. കൂടാതെ ഒരു വീടിനും വാഹനത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

യെമനിൽ 2014 സെപ്റ്റംബർ മുതൽ ആരംഭിച്ച ആഭ്യന്തര യുദ്ധം മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാറിന് പിന്തുണയുമായാണ് 2015 മാർച്ച് മുതൽ സൗദി സഖ്യം രംഗത്തിറങ്ങിയത്.

Content Highlights: The Saudi-led coalition intercepted and destroyed a Houthi drone over the Mecca region. Meanwhile, Houthi military officials denied the attack, claiming their operations target only oil facilities and military bases. The incident follows a separate missile interception in Riyadh that left one person slightly injured.

Latest