Ongoing News
'റണ്ണഭിഷേകം'; മൂന്നാം അങ്കത്തില്‍ കിവീസിനെ തരിപ്പണമാക്കി ഇന്ത്യ, മിന്നല്‍ ശതകവുമായി അഭിഷേക് ശര്‍മ
ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം അങ്കത്തില്‍ 40 പന്തുകള്‍ ശേഷിക്കെ, ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.
വെല്ലിങ്ടണ്‍ | ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ അഭിഷേക് ശര്‍മയുടെ മിന്നുന്ന ശതകത്തിന്റെ (38 പന്തില്‍ 113) ബലത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. വെല്ലിങ്ടണിലെ സ്കൈ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം അങ്കത്തില്‍ 40 പന്തുകള്‍ ശേഷിക്കെ, ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടിയായി 13.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 199ലെത്തി.
അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശി (19 പന്തില്‍ 45)യും ചേര്‍ന്നുള്ള ഓപണിങ് കൂട്ടുകെട്ട് 158 റണ്‍സാണ് അടിച്ചുകൂട്ടിയത്. സഞ്ജു സാംസണ് 13ല്‍ 18ഉം ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സുമെടുത്ത് പുറത്തായി. തിലക് വര്‍മയും നമന്‍ ധീറും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി കെയ്ലെ ജമീസണ്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്യു ഫിഷര്‍, മിഷേല്‍ സാന്റ്നര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ, 52 പന്തില്‍ 89 റണ്‍സെടുത്ത ഡാരില്‍ മിഷേല്‍ ആണ് കിവീസിനെ ടോട്ടല്‍ സ്കോര്‍ 200ന് അടുത്തെത്തിക്കുന്നതില്‍ പ്രധാന സംഭാവന നല്‍കിയത്. ഫിന് അലെന്‍ (25ല്‍ 40), ബെവന് ജാകോബ്സ് (23ല്‍ 39) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഗ്ലെന്‍ ഫിലിപ്സ് 14ല്‍ 17 റണ്‍സ് നേടി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി ഓരോ വിക്കറ്റ് സ്വന്തമാക്കി.
Content Highlights: India secured a dominant win over New Zealand in the third T20I match. Abhishek Sharma led the aggressive attack with a brilliant century to overpower the Kiwis. The massive win strengthens India’s stance in the ongoing series with exceptional batting performance.




